തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ബിഎ പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കും കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രിക്കും പരാതി നല്‍കി. അരുന്ധതിയുടെ ”കം സെപ്തംബര്‍’ എന്ന പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനുമെതിരായ വെല്ലുവിളിയാണെന്ന് പരാതിയില്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ ‘കം സെപ്തംബര്‍’ എന്ന ദേശവിരുദ്ധ ലേഖനം സിലബസില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാശ്മീരില്‍ ഇന്ത്യ നടത്തുന്നത് ഭീകരവാദമാണെന്ന് പറയുന്ന ലേഖനം ഉടന്‍ പിന്‍വലിക്കണമെന്നും സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുന്ന ചാവേറുകളെ ന്യായീകരിക്കുകയും പാക്കിസ്ഥാനെതിരെ കാര്‍ഗിലില്‍ ഇന്ത്യ യുദ്ധം ചെയ്‌തെന്ന് ആരോപിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണെന്ന് പറയുന്ന പാഠപുസ്തകം നമ്മുടെ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ത്യയുടെ ആണവ പരീക്ഷണത്തിനെയും വന്‍ അണക്കെട്ടുകളെയും ചോദ്യം ചെയ്യുന്ന ലേഖനം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആരുടെ കയ്യില്‍ നിന്നാണ് വിദ്യാഭ്യാസവകുപ്പ് അച്ചാരം വാങ്ങിയത്? ഹിന്ദുക്കള്‍ ഇന്ത്യയില്‍ ഫാസിസം നടത്തുകയാണെന്ന് പരസ്യമായി ആരോപിക്കുന്ന പാഠപുസ്തകത്തിന്റെ ലക്ഷ്യം കാമ്പസുകളെ മതത്തിന്റെ പേരില്‍ വിഭജിക്കലാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
കാശ്മീരില്‍ നടക്കുന്നത് നിരായുധരായവരുടെ സ്വാതന്ത്ര്യസമരമാണെന്നും പാലസ്തീനെ പോലെ സാമ്രാജ്യത്വത്തിന്റെ രക്തം പുരണ്ട സംഭാവനയാണ് കാശ്മീരെന്ന് സമര്‍ത്ഥിക്കുന്നത് ഭീകരവാദികളുടെ ഭാഷയാണ്. കാശ്മീര്‍ രാജ്യത്തിന്റെ അഭിവാജ്യഘടകമാണെന്ന് വിശ്വസിച്ച് ശത്രുക്കളോട് പൊരുതി വീരമൃത്യു വരിച്ച ധീരസൈനികരെ ബഹുമാനിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇത്തരം പാഠപുസ്തം പഠിപ്പിക്കാനും പഠിക്കാനുമാവുകയെന്നും അദ്ദേഹം ചോദിച്ചു. ആഗോള ഭീകര സംഘടനയായ അല്‍ഖ്വയിദയെ പോലും ന്യായീകരിക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍ക്കൊള്ളിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. പാഠഭാഗത്തിന്റെ തുടക്കത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്ന ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ കളങ്കത്തിനെതിരെ പ്രതികരിച്ച ആളായിട്ടാണ് എഡിറ്റര്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത്. അക്ഷരത്തെറ്റിന്റെ പേരില്‍ മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന പിണറായി സര്‍ക്കാര്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണം. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: