പേട്ട: നഗരസഭയുടെ നിയന്ത്രണത്തിലുള്ള കടകംപളളി പ്രാഥമികആരോഗ്യ കേന്ദ്രം അവഗണനയില്‍. കൊറോണ രോഗപശ്ചാത്തലത്തില്‍ മറ്റ് ഇതര രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പോലും ഒരുക്കാതെ സര്‍ക്കാര്‍ അവഗണിക്കുകയാണ്.
കൊറോണ രോഗ വ്യാപനമുണ്ടായതോടെ മറ്റ് രോഗങ്ങളുള്ളവര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് കടകംപള്ളിയിലുള്ളത്. കിടത്തി ചികിത്സിക്കുന്നതുള്‍പ്പെടെ വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും അതൊക്കെ ഇല്ലാതാക്കി വൈകിട്ട് 6 മണി വരെ കുടുബാരോഗ്യ കേന്ദ്രമെന്ന നിലയിലാണ് ഇവിടത്തെ പ്രവര്‍ത്തനം. മുമ്പ് ഇവിടെ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് ഇതിന് സൗകര്യം ഒരുക്കിയിരുന്നത്. പതിനഞ്ച് കിടക്കകള്‍ ഇടാവുന്ന സൗകര്യമുണ്ടായിരുന്നെങ്കിലും ആറ് കിടക്കകളാണ് അന്ന് ഒരുക്കിയിരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ ഒപിക്ക് പുറകിലായുള്ള ഇരുനില കെട്ടിടത്തില്‍ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി മാറ്റിയിരുന്നു. ഇരുപത്തിയഞ്ചോളം കിടക്കകള്‍ക്കാണ് അന്നവിടെ സൗകര്യം ഒരുക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മണ്ഡലം മന്ത്രി ഇതൊക്കെ പാടെ അട്ടിമറിക്കുകയായിരുന്നു. ആവശ്യത്തിന് ഡോക്ടേഴ്സിനേയും മറ്റ് ജീവനക്കാരേയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് പകരം ഡോക്ടേഴ്സിന്റെ കുറവ് കാണിച്ച് ഇവിടുത്തെ കിടത്തി ചികിത്സ ഇല്ലാതാക്കുകയാണുണ്ടായത്. കൂടാതെ നഗരസഭയുടെ നേതൃത്വത്വത്തില്‍ ആശുപത്രിക്ക് വേണ്ടി ബഹുനില കെട്ടിടത്തിന്റെ പദ്ധതിയും മന്ത്രി കൊണ്ടുവന്നു. ആറ് കോടിയുടെ പദ്ധതിയാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തെ ഇടിച്ചുനിരത്തിക്കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചത്. ഇത് നടപ്പിലാക്കുന്നതിനായി നഗരസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കുന്നതിനുള്ള തന്ത്രങ്ങള്‍ വരെ മെനഞ്ഞു. എന്നാല്‍ നിലവിലുള്ള ഇരുനില കെട്ടിടം പൊളിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകള്‍ വ്യാപകമായി. വാര്‍ഡ് കൗണ്‍സിലറും ആശുപത്രിയിലെ ചില ബോര്‍ഡ് അംഗങ്ങളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. വന്‍ ക്രമക്കേടുകള്‍ക്ക് വേണ്ടിയാണ് പദ്ധതി കൊണ്ടുവന്നതെന്ന ആരോപണവും ഉയര്‍ന്നു. തുടന്ന് കെട്ടിടം പൊളിക്കുന്നതില്‍ പരാജയം നേരിട്ടതോടെ ആശുപത്രി വികസനം മന്ത്രി മരവിപ്പിക്കുകയാണുണ്ടായത്.
ഇപ്പോള്‍ ഈ കെട്ടിടം സഖി എന്ന പേരില്‍ പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്കുന്നതിനായുള്ള സ്ഥാപനമാക്കിയിരിക്കുകയാണ്. സാധാരണയായി അംഗീകൃത ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള സ്ത്രീ സുരക്ഷായിടങ്ങളിലാണ് ഇത്തരം പെണ്‍കുട്ടികള്‍ക്ക് തങ്ങാനുള്ള സൗകര്യമൊരുക്കുന്നത്. എന്നാല്‍ അവിടെയൊക്കെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടം ആറുമാസം മുമ്പ് സഖിക്ക് വേണ്ടി മാറ്റിയത്. അതേസമയം ഈ കെട്ടിടങ്ങളില്‍ പഴയ രീതിയില്‍ ആവശ്യത്തിന് ഡോക്ടേഴ്സിനേയും നിയമിച്ച് കിടത്തി ചികിത്സാ സൗകര്യമൊരുക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിന് താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: