”ഭക്ഷണവും വെള്ളവും കിട്ടാതെ കഴിഞ്ഞ ദിവസങ്ങള്‍. അതിശൈത്യവും മഞ്ഞും നിറഞ്ഞ അന്തരീക്ഷം. ശത്രു തൊട്ടടുത്ത നിമിഷം ആക്രമിച്ചേക്കാം. എന്നാല്‍ അതൊന്നും ഓര്‍മിച്ചിരിക്കാനുള്ള നേരമില്ലായിരുന്നു. തന്ത്രപ്രധാനമായ ടോലോലിങ്ങ് മലനിര പിടിച്ചെടുക്കാനുള്ള നിര്‍ണായക യുദ്ധത്തില്‍ വിലപ്പെട്ടതാണ് ഓരോ നിമിഷവും. കൈവശമുള്ള ഇന്‍സാസ് തോക്കുകള്‍ ഉപയോഗിച്ച് ശത്രുവിന്റെ ശക്തി തകര്‍ക്കാനുള്ള ദൗത്യത്തില്‍ ജീവന് വെടിയേണ്ടി വന്നാലും പി
ന്നോട്ടില്ലെന്നായിരുന്നു ഞങ്ങളുടെ തീരുമാനം”. മദ്രാസ് റെജിമെന്റില്‍ ശിപായിയായ് ചേര്‍ന്ന് മികച്ച സേവനത്തിന്റെ പേരില്‍ ഹോണററി ക്യാപ്റ്റനായി വിരമിച്ച കുന്ദമംഗലം പിലാശ്ശേരി എന്‍.ശിവാനന്ദന്റെ വാക്കുകളില്‍ കാര്‍ഗില്‍ മലനിരകളില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് മുഴങ്ങിയ വെടിയൊച്ചകളുടെ ശബ്ദം. രണ്ട് വര്‍ഷം ശിവാനന്ദന് കാര്‍ഗില്‍ സെക്ടറില്‍ സേവനമനുഷ്ഠിച്ചു. 1987 ലാണ് ശിവാനന്ദന് സൈന്യത്തില്‍ ചേരുന്നത്. 2015 ല്‍ വിരമിച്ചു.
ഓപ്പറേഷന് വിജയ ദിവസത്തിന്റെ വാര്‍ഷികമാകുമ്പോള്‍ സൈനികനെന്ന നിലയില്‍ ശിവാനന്ദന്റെ ഓര്‍മകളിലും കാര്‍ഗില്‍ യുദ്ധ സ്മരണകളിരമ്പും. ഇപ്പോഴും അതിര്‍ത്തി കാക്കുന്ന സഹപ്രവര്‍ത്തകരോട് ആദരവും. 14 ദിവസം 12 സഹപ്രവര്‍ത്തകരോടൊപ്പം ഹാത്തി മാതാ പോസ്റ്റില്‍ ആയിരുന്നു യുദ്ധമുഖത്തെ പോരാട്ടം. കുന്നിന് മുകളിലെ സമനിരപ്പായ പ്രദേശത്ത് നിന്ന് കടുത്ത മഞ്ഞ് വീഴ്ച കാരണം ശൈത്യകാലത്ത് താഴോട്ട് മാറിയാണ് ബങ്കറുകളില്‍ കഴിയുക. പരസ്പരം അതിര്‍ത്തി ലംഘിക്കുക ഇക്കാലത്ത് പതിവുള്ളതല്ല. എന്നാല്‍ ചതി പതിവാക്കിയ പാക് സൈന്യം നുഴഞ്ഞു കയറി നിര്‍ണായക പ്രദേശങ്ങള്‍ കൈയടക്കുകയായിരുന്നു. ഭാരതത്തിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ചിനോര്‍ നദിയുടെ മേഖലകളിലാണ് പാക്കിസ്ഥാന് കണ്ണുവെച്ചിരുന്നത്. ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ തമിഴ്നാട് സ്വദേശിയായ രാമകൃഷ്ണന്റെ കീഴിലായിരുന്നു ശിവാനന്ദനുംസഹപ്രവര്‍ത്തകരും യുദ്ധമുന്നണിയിലുണ്ടായിരുന്നത്. 25 കിലോമീറ്റര്‍ മാത്രമേ വിവിധ പോക്കറ്റുകള്‍ തമ്മില്‍ നേര് ദൂരമുണ്ടായിരുന്നുള്ളു. എങ്കിലും ഉയര്‍ന്ന മലകളായതിനാല്‍ യാത്ര ദുഷ്കരമായിരുന്നു.
പാക് സൈന്യം കല്ലെറിഞ്ഞാല്‍ പോലും പ്രതിരോധിക്കാനാവാത്ത അവസ്ഥയായിരുന്നു. അത്രയും ഉയരത്തില്‍ ആയിരുന്നു ശത്രുക്കള്‍ ഇടംപിടിച്ചത്. സര്‍വ്വസജ്ജമായിരുന്നു ശത്രുസൈന്യം. ഈ മേഖല പിടിച്ചടക്കാനുള്ള യുദ്ധനീക്കത്തിലാണ് ഏറെ നാശനഷ്ടമുണ്ടായത്. അന്ന് ആയുധങ്ങളും ഭക്ഷണവുമെല്ലാം പരിമിതമായിരുന്നു. ഇടയ്ക്ക് സംഘത്തിലെ ചിലര്‍ക്ക് പരിക്കേറ്റു. ഭക്ഷണം കിട്ടാത്ത ദിവസങ്ങള്‍… മഞ്ഞുരുക്കി ചൂടുവെള്ളം മാത്രം കുടിച്ച് വിശപ്പകറ്റിയിരുന്നു. രാത്രിയും പകലും ഒരുപോലെ ജാഗ്രതയോടെയിരിക്കണം -എന്നാല്‍ ഇതൊന്നും ബാധിക്കാതെയാണ് യുദ്ധമുഖത്ത് എല്ലാവരും ഉറച്ചുനിന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇസ്രായേലിന്റെ മിറാജ് 2000 മിസൈലുകള്‍ ഉപയോഗിച്ചതോടെ പാക് സൈന്യത്തിന് പിടിച്ചു നില്ക്കാനായില്ല. യുദ്ധ വിമാനങ്ങള്‍ക്ക് മുമ്പില്‍ ശത്രുസൈന്യം പതറി. ശിവാനന്ദന്റെ യുദ്ധനാളുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇങ്ങനെ.
നിരവധി മലയാളികള്‍ യുദ്ധമുഖത്ത് ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിക്രമിന്റെ വീരചരമം പ്രേരണയേകുന്നതാണ്. എല്ലാ വര്‍ഷവും വിക്രമിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടില്‍ പോകാറുണ്ട്. യുദ്ധരംഗത്ത് മരണത്തെ കുറിച്ച് ആധിയുണ്ടാകില്ല. മൈനസ് 30 ഡിഗ്രി വരെ തണുപ്പ് താഴുന്ന പ്രദേശങ്ങളാണ് കാര്‍ഗില്‍ മേഖല.
ട്രഞ്ചുകളില്‍ ജീവന് കൈയില്‍പിടിച്ചാണ് കഴിയുക. ഇഴഞ്ഞ് നീങ്ങി മാത്രമേ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറാനാവൂ. വിവരം കൈമാറാന്‍ ആകെയുള്ളത് റേഡിയോ സെറ്റുകള്‍. എന്നാല്‍ ഇതൊന്നും ഒരു കുറവായി അപ്പോള്‍ തോന്നിയിരുന്നില്ല. ശിവാനന്ദന് പറയുന്നു.
ഇപ്പോള്‍ അമ്മ കെ.പി. ലീല. ഭാര്യ: സി.മിനി എന്നിവരോടോപ്പം ശിവാനന്ദന് കുടുംബസമേതം പിലാശ്ശേരിയില്‍ താമസിക്കുന്നു. രണ്ട് മക്കള്‍: അശ്വിന് (കെവിആര്‍ ഗ്രൂപ്പ്), അന്‍വിന്‍ധ പ്ലസ് ടു വിദ്യാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: