സര്‍ഗാത്മക ചിന്തകള്‍ മനസ്സില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങിയ നാള് മുതല്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ ചലച്ചിത്ര സ്വപ്നങ്ങളേയും പ്രതീക്ഷകളേയും പാതി വഴിയില്‍ ഉപേക്ഷിച്ച് സംവിധായകന് സച്ചിക്ക് പിറകെ മറ്റൊരു അതുല്യ കലാകാരനെക്കൂടി മരണം കൊത്തിയെടുത്തു സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത്.
ഏറ്റവും വലിയ ദുഃഖം വിരഹവും ഏറ്റവും വലിയ വിരഹം മരണവുമാണല്ലോ. തൃശൂര്‍ നഗര മധ്യത്തില്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള കറുപ്പം റോഡില്‍ പൂതാമ്പിള്ളി തറവാട്ടിലെ ശാരദാമ്മയുടേയും, എറണാകുളം മഹാരാജാസ് കോളജിലെ മുന്‍ മാത്തമാറ്റിക്സ് പ്രൊഫസറായ കൃഷ്ണന്‍കുട്ടി മേനോന്റെയും മകനായാണ് പിന്നീട് പ്രശാന്ത് എന്ന പേരില്‍ അറിയപ്പെട്ട ഉണ്ണികൃഷ്ണന്റെ ജനനം.
ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് സിനിമയായ ‘ന്യൂസ് പേപ്പര്‍ ബോയ്’ രൂപകല്‍പ്പന ചെയ്ത അഡ്വ.പി. രാമദാസ് അമ്മാവനായിരുന്നു അച്ഛന് കൃഷ്ണന്‍കുട്ടി മേനോന് ചെറുപ്പത്തിലേ മരിച്ചുപോയതിനാല്‍ അമ്മാവന്റെ തണലിലായിരുന്നു പ്രശാന്തിന്റെ പിന്നീടുള്ള ജീവിതം. ചിട്ടി എന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന പ്രശാന്ത്, പി. രാമദാസിന് സ്വന്തം മകന് തന്നെയായിരുന്നു. പി. രാമദാസിന്റെ ശിക്ഷണത്തില്‍, അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം വളര്‍ന്ന പ്രശാന്ത്, പൂതാമ്പിള്ളി തറവാട്ടില്‍ നടന്ന സിനിമാ ചര്‍ച്ചകള്‍ക്കും സിനിമാ ലോകത്തിലെ പ്രതിഭകളുടെ സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും സാക്ഷിയാവാനുള്ള അവസരം കൂടി ലഭിച്ചതോടെ തന്റെ വഴി സിനിമയുടേതാണെന്ന് തീരുമാനിക്കുകയായിരുന്നു.
സിനിമ കണ്ടും വായിച്ചു പഠിച്ചുമാണ് പ്രശാന്ത് ചലച്ചിത്രകാരനായത്. തിയേറ്ററില്‍ വരുന്ന ഒരു സിനിമ, അത് കച്ചവട സിനിമയായാലും ആര്‍ട്ട് സിനിമയായാലും ഇഷ്ടപ്പെട്ടാല്‍ പലയാവര്‍ത്തി കാണുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഹിന്ദിയില്‍ ശാന്താറാമും തമിഴില്‍ കെ. ബാലചന്ദറും പ്രിയപ്പെട്ട സംവിധായകരായിരുന്നു. പ്രശാന്തിന്റെ, മലയാള സിനിമയിലേക്കുള്ള എന്‍ട്രി സംഭവിക്കുന്നത്, തൃശൂരിലെ കേരള വര്‍മ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നതിനുശേഷം, തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ്. ‘പ്രതീക്ഷ’യുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മിച്ച് സംവിധാനം ചെയ്ത കത്ത് എന്ന ആര്‍ട്ട് സിനിമയാണ് കന്നി സൃഷ്ടി. പി. രാമദാസിന്റേതായിരുന്നു തിരക്കഥ. പുതുമുഖം വത്സനാണ് നായകവേഷം ചെയ്തത്. നായിക ഇന്നത്തെ പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.
അന്ന് ക്യാമറാമാന് കെ.കെ. മേനോനൊടൊപ്പം സഹായിയായി പ്രവര്‍ത്തിച്ചത്, പിന്നീട് പ്രഗത്ഭ ക്യാമറാ മാനായി മാറിയ എസ്. കുമാറായിരുന്നു. ‘കത്തി’നുശേഷം പല പ്രോജക്ടിനുവേണ്ടി ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അതിനെ തുടര്‍ന്ന് അദ്ദേഹം സ്വന്തം ബാനറായ ‘പ്രതീക്ഷ’യുടെ പേരില്‍ ഒരു സിനിമ വിതരണ കമ്പനി തുടങ്ങി. അത് നഷ്ടത്തില്‍ കലാശിച്ചു. പിന്നീടാണ് സത്യന് അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയായ ‘കിന്നാരം’ പ്രശാന്ത് നിര്‍മിക്കുന്നത്. സുകുമാരന്‍, നെടുമുടി വേണു, മമ്മൂട്ടി, പൂര്‍ണിമ ജയറാം തുടങ്ങിയ വന്‍ താരനിര അഭിനയിച്ച ‘കിന്നാരം’ വന്‍ വിജയമായിരുന്നു. പക്ഷേ, അതിനുശേഷം നിര്‍മിച്ച ‘കറുത്ത കുതിര’ തീര്‍ത്തും പരാജയമായി. വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവച്ചു. അതിനിടെ അദ്ദേഹം കുടുംബസമേതം മദിരാശിയിലേക്ക് താമസം മാറ്റിയിരുന്നു.
ഒരു സൗഹൃദവേളയില്‍ പ്രശാന്ത്, പ്രസിദ്ധ സംവിധായകന് ഐ.വി. ശശിയോട് പറഞ്ഞ ഒരു സ്ത്രീയുടേയും അവളുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ ദുരന്തവും സഹാനുഭൂതിയും പ്രണയവുമായി കടന്നുവരുന്ന മൂന്ന് പുരുഷന്മാരുടെയും കഥ ലിബര്‍ട്ടി ബഷീര്‍ എന്ന നിര്‍മാതാവ് ചലച്ചിത്രമാക്കാന്‍ തയ്യാറായി. അങ്ങനെ സംഭവിച്ചതാണ് ഉര്‍വ്വശി നായികയായി അഭിനയിച്ച ‘വര്‍ത്തമാന കാലം.’ മൂന്ന് നായകന്മാരായി സുരേഷ് ഗോപിയും ബാലചന്ദ്രമേനോനും ജയറാമും വേഷമിട്ടു. ആ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വ്വശിക്ക് അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ‘വര്‍ത്തമാനകാല’ത്തിനോട് തനിക്ക് പ്രത്യേകമായൊരു പ്രിയമുണ്ടെന്ന് ഐ.വി.ശശി പിന്നീട് പറയുകയുണ്ടായി.
പ്രശാന്ത് സീരിയല്‍ രംഗത്തേക്ക് തിരിയാന്‍ കാരണം മദിരാശിയിലെ സുഹൃത്തുക്കളായ ആര്.ജി. മൂര്‍ത്തിയും ഗോപാലകൃഷ്ണനുമാണ്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി അവര്‍ നിര്‍മിച്ച ‘നിയോഗം’ എന്ന സീരിയല്‍ പ്രശാന്ത് എഴുതി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്തു. തുടര്‍ന്നാണ് സീരിയല്‍ സംവിധായകന്റെ മേലങ്കി പ്രശാന്ത് അണിയുന്നത്. ഇന്നത്തെ പ്രസിദ്ധ നടി ആശാ ശരതും നടന് സത്താറും അഭിനയിച്ച ‘ഇന്നത്തെ സ്പെഷ്യല്‍’ ആയിരുന്നു ആദ്യത്തെ സീരിയല്‍. പിന്നെ പടവുകള്‍, ഗോപിക, ഉഷഃസന്ധ്യ, ഗ്രാമം, ഒറ്റയടിപ്പാത, പെരിയാറ്റിന് തീരത്ത്, ഐ വിറ്റ്നസ്സ്, കിനാവുകള്‍, സഹയാത്രിക തുടങ്ങിയ സൃഷ്ടികള്‍ ജന്മമെടുത്തു. മലയാളത്തില്‍ സ്വകാര്യ ചാനലുകള്‍ മെഗാസീരിയലുകള്‍ ആരംഭിച്ചപ്പോള്‍ പ്രശാന്ത് അവിടേയും തന്റെ സാന്നിദ്ധ്യമറിയിച്ചു.
ചാരുലത (സൂര്യ), അനാമിക(സൂര്യ), ചില്ല്(കൈരളി) റെഡ് റോസസ്സ്(സൂര്യ), ലിപ്സ്റ്റിക് (ഏഷ്യാനെറ്റ്), പ്രണയിനി (മഴവില്‍ മനോരമ) തുടങ്ങിയ മെഗാസീരിയലുകള്‍ പ്രശാന്തിന്റേതായിരുന്നു.
ഏറ്റവും ഒടുവില്‍, സീരിയലുകള്‍ നിര്‍ത്തി, സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അപ്പോഴാണ് തീരെ ഔചിത്യബോധമില്ലാതെ മരണം കടന്നുവന്നതും, ആ ജീവിതത്തിന്റെ അവസാന ഷോട്ടിന് കട്ട് പറയുന്നതും.
സിനിമാ ലോകം സീരിയല്‍ സംവിധായകരെ പുച്ഛത്തോടെ നോക്കിക്കൊണ്ടിരുന്ന കാലത്ത് സിനിമയ്ക്ക് അനുവദിച്ചിരുന്ന യാതൊരു സാങ്കേതിക സൗകര്യവും ലഭ്യമല്ലാതിരുന്നിട്ടും നടപ്പു സിനിമയെ അമ്പരപ്പിക്കുംവിധം ദൃശ്യസമ്പന്നതയോടെ മെനഞ്ഞെടുത്തതായിരുന്നു പ്രശാന്തിന്റെ ഓരോ സൃഷ്ടികളും. അതിശയകരമായ ജനശ്രദ്ധയാകര്‍ഷിച്ച് ആഴ്ചയില്‍ ഏഴു ദിവസവും സംപ്രേഷണം ചെയ്ത ‘ചാരുലത’തന്നെയായിരുന്നു അതിന് ഏറ്റവും വലിയ ഉദാഹരണം. സൗന്ദര്യാത്മകമായിരുന്നു പ്രശാന്തിന്റെ ഓരോ ഫ്രെയിമും. അത് സിനിമ തന്നെയായിരുന്നു.
ആയിരത്തി അഞ്ഞൂറിലധികം എപ്പിസോഡുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടേകാല്‍ മണിക്കൂര്‍ വരുന്ന സിനിമയുടെ കണക്കുവച്ച് നോക്കുമ്പോള്‍, അത് ഒരുപാട് സിനിമകള്‍ക്ക് തുല്യമാണ്.
സീരിയലിന്റെ തിരക്കിനിടയിലും അദ്ദേഹത്തിന് സിനിമയ്ക്കുള്ള ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കെ.ടി.സിയില്നിന്നുള്ളതായിരുന്നു. പ്രശാന്തിന്റെ സീരിയലുകള്‍ കണ്ട്, അദ്ദേഹത്തെക്കുറിച്ച് വലിയ മതിപ്പുണ്ടായിരുന്ന തിരക്കഥാകൃത്ത് ടി. ദാമോദരനാണ് അതിന് മുന്‍കൈ എടുത്തത്. നിര്‍മാതാവ് പി.വി.ഗംഗാധരന്, പ്രശാന്തിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തി അഡ്വാന്‍സ് നല്‍കുകയും, ദാമോദരനെ എഴുതാനായി എറണാകുളത്തേക്ക് അയയ്ക്കുകയും ചെയ്തു.
പക്ഷേ ആ പ്രോജക്ട് നടന്നില്ല. വര്‍ഷങ്ങളായി തന്നോടൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരെ വഴിയിലിട്ടു പോകുന്നതിലുള്ള വിഷമമായിരുന്നു അതിന് കാരണമായത്. തുടര്‍ന്ന് അദ്ദേഹം അഡ്വാന്‍സ് തിരികെ നല്‍കുകയും പ്രോജക്ടില്‍നിന്ന് പിന്മാറുകയും ചെയ്തു. അന്നത്തെ കെ.ടി.സി എന്നു പറയുന്നത് ഹരിഹരനും ഐ.വി. ശശിക്കും സത്യന് അന്തിക്കാടിനും പ്രിയദര്‍ശനും മാത്രം പ്രവേശനാനുമതിയുള്ള പ്രൊഡക്ഷന്‍ ഹൗസായിരുന്നു എന്നുകൂടി ഓര്‍ക്കണം.
പ്രശാന്ത് ഒരിക്കലും ഭാഗ്യമോ പ്രശസ്തിയോ തേടി പോയിട്ടില്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്തു. അതിന്റെ പൂര്ണയതയ്ക്കായി ആരോഗ്യം പോലും മറന്ന് പ്രവര്‍ത്തിച്ചു. ഏതു പ്രതിസന്ധിയേയും പോസിറ്റീവായി നേരിട്ടു. ആരോടും പകയോ ശത്രുതയോ വെച്ചുപുലര്‍ത്തിയില്ല. എല്ലാവരോടും സ്നേഹത്തോടെ പെരുമാറി. സുഹൃത്തുക്കളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. ഒരാളോടും പരാതി പറയുകയോ പിണങ്ങുകയോ ചെയ്തില്ല. മരണത്തോടുപോലും. അതുകൊണ്ടാണല്ലോ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന അദ്ദേഹം മരണം വന്ന് തൊട്ടു വിളിച്ചപ്പോള്‍ ഒരു പ്രതിഷേധവും കൂടാതെ ഒപ്പം ഇറങ്ങിയപ്പോയത്.
എം.കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: