സൂര്യവംശത്തിനു മോക്ഷം നല്കാന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്ന ഗംഗാദേവി. പുരാണത്തിലൂടെ, കഥകളിലൂടെ കേട്ടറിഞ്ഞ കാഴ്ച. ശിവന്റെ തലയിലേക്ക് പതിക്കുന്ന ഗംഗാദേവി രാജാ രവിവര്‍മയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. വീണ്ടുമൊരുപാട് കൈകള്‍ ഇതേ സാങ്കല്പിക ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തി. പല രൂപത്തില്‍, പല ഭാവത്തില്‍.
ഭൂമിയില്‍ നിന്ന് ഗംഗാദേവിക്ക് മടങ്ങേണ്ടി വന്നാല്‍? യുഗാന്തരങ്ങളായുള്ള നീരൊഴുക്കില്‍ ഭൂമിയെ പ്രണയിച്ചവള്‍. സ്വര്‍ഗ്ഗത്തിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞതിലുള്ള സന്തോഷമുണ്ട്. എങ്കിലും ആകാശത്തേക്കുയരുമ്പോഴും അഗാധ ദുഃഖത്തില്‍ ഭൂമിയിലേക്ക് നീളുന്ന കണ്ണുകള്‍. ആ വിരഹ ദുഃഖമാണ് തൃശൂര്‍ കുറ്റൂര്‍ പാമ്പൂര്‍ വീട്ടില്‍ സരൂപിന്റെ കൈകള്‍ കൊത്തിയെടുത്ത ശിവഗംഗ ശില്പം.
വളഞ്ഞു പുളഞ്ഞ ഒരു തടിക്കഷണത്തില്‍ രൂപം കൊണ്ട, കാലത്തിനപ്പുറം കടന്നുപോകുന്ന ഭാവന. ആറര അടി ഉയരത്തിലുള്ള ശില്പം നിര്‍മിക്കാന്‍ ആറു മാസത്തോളം സമയമെടുത്തു. മരത്തില്‍ പ്രകൃത്യാ ഉണ്ടായിരുന്ന വൈരൂപ്യമായ വളവിനെ സൗന്ദര്യമാക്കിയ നിര്‍മാണ വൈഭവം. ശിവഗംഗയുടെ ആകാശ യാത്ര എന്ന ആശയത്തിന് കാരണം ആ വളവാണ്. ഇത്തരമൊരു ശില്പം ഇതാദ്യമെന്നാണ് നിര്‍മാണത്തിന്റെ വ്യത്യസ്തത. ആകാശത്തേക്ക് ഉയര്‍ന്ന വലതു കൈ. ഭൂമിയെ പ്രതിനിധാനം ചെയ്യുന്ന താമരമൊട്ടുകളെ വിട്ടുപോകാന്‍ മടിക്കുന്ന ഇടതു കൈ. ആസ്വാദകന്റെ മനസ്സില്‍ ചിന്തകള്‍ ഉണര്‍ത്തുന്ന, പുതുകഥകള്‍ മെനയാന്‍ കഴിയുന്ന ശില്പം.
ആര്‍ട്ടിസ്റ്റും ഇന്റീരിയര്‍ ഡിസൈനറുമാണ് സരൂപ്. കാഴ്ചക്കുള്ളിലെ ഉള്‍ക്കാഴ്ചകളില്‍ നിന്ന് രൂപം കൊണ്ടതാണ് സരൂപിന്റെ ചിത്രങ്ങളില്‍ പലതും. സരൂപിന്റെ കാഴ്ചകളില്‍ വൈകല്യങ്ങളില്ല, എന്തിനും ഏതിനും സൗന്ദര്യമേയുള്ളൂ. അത് കാഴ്ചക്കാരന് മുന്പിലെത്തിക്കുകയാണ് ഈ യുവ ശില്പി. ആ കഴിവിന് മുന്നില്‍ മരവും മണ്ണും തുടങ്ങി ഏത് മാധ്യമവും വഴങ്ങും.
ലോക് ഡൗണ്‍ കാലത്തെ ഈസ്റ്റര്‍ ദിനത്തില്‍ ചക്കക്കുരുവില്‍ നിന്നാണ് സരൂപ് യേശുരൂപം പുനര്‍ജനിപ്പിച്ചത്. കുട്ടിക്കാലത്ത് അമ്മ കുഴച്ചുവച്ച ചപ്പാത്തി മാവ് മോഷ്ടിച്ച് നിര്‍മിച്ച് തുടങ്ങിയതാണ് രൂപങ്ങള്‍. കാലങ്ങള്‍ കടന്നപ്പോള്‍ പല മാധ്യമങ്ങളിലായി പല രൂപങ്ങള്‍. മാവ് നഷ്ടപ്പെട്ടപ്പോള്‍ ദേഷ്യപ്പെടാതെ മകന്റെ ഭാവനയെ പ്രോത്സാഹിപ്പിച്ച അമ്മയാണ് സരൂപിലെ ശില്പിയെ വളര്‍ത്തിയത്. പാടത്തെ കളിമണ്ണില്‍ നിന്ന് ആനയെയും ആമയെയും നിര്‍മിച്ച കുട്ടിക്കാലം. വലുതാകുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിന് പിന്നില്‍ അന്നും ഇന്നും ഒരുത്തരം-ശില്പകലാകാരന്.
ചെറിയ ക്ലാസുകള്‍ മുതല്‍ പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, ക്ലേ മോഡലിങ് മത്സരങ്ങളില്‍ പങ്കെടുത്തു വിജയിയായി. രണ്ടു തവണ സംസ്ഥാന തലത്തിലും ഒന്നാമനായി. ജവഹര്‍ ബാലഭവനില്‍ കുറ്റിമുക്ക് കുഞ്ഞുണ്ണി മാഷിന്റെ ശിക്ഷണത്തില്‍ നാല് വര്‍ഷം ശില്പ കല അഭ്യസിച്ചു. ബിഎഫ്എ പഠിക്കാനാഗ്രഹിച്ച് അഡ്മിഷനെടുത്തു. ഈ പഠനം ജീവിതോപാധി ആകില്ലെന്ന നിരുത്സാഹപരമായ അഭിപ്രായങ്ങള്‍ക്ക് മുന്പി
ല്‍ മനസ്സിന്റെ ആഗ്രഹം താത്കാലികമായി മാറ്റി വച്ചു. അതിനു ശേഷം മള്‍ട്ടിമീഡിയ പഠിച്ചു. എറണാകുളത്തും ചെന്നൈയിലും ഡിസൈനര്‍ ആയും 3 ഡി ആര്‍ട്ടിസ്റ്റ് ആയും ജോലി ചെയ്തു. ഉള്ളിലെ കലാകാരന് സ്വയം ഒന്നും ചെയ്യാനാവാത്തതിലുള്ള അസ്വസ്ഥത. ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു. വരുമാനത്തിനായി ഇന്റീരിയര്‍ ഡിസൈനര്‍, മനസാഫല്യമായി ആര്‍ട്ടിസ്റ്റ്. രണ്ടും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന സന്തോഷത്തിലാണ് സരുപ്.
ആവശ്യക്കാര്‍ക്ക് വേണ്ടിയും അല്ലാതെയുമായി 500ഓളം നിര്‍മാണം നടത്തി. മരത്തടി, കളിമണ്ണ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ഫെബര്‍, ഗ്ലാസ്, പേപ്പര്‍ എല്ലാ മാധ്യമങ്ങളിലും കലയുടെ സാധ്യത കണ്ടെത്തിയെങ്കിലും കൂടുതല്‍ ഇഷ്ടപ്പെട്ട മാധ്യമം തടിയാണ്.
ഇപ്പോഴത്തെ ശില്പ ഭാഷ സാധാരണക്കാരന് മനസ്സിലാക്കാന്‍ വിഷമമാണ്. അതൊരു കമ്യൂണിക്കേഷന്‍ ഗ്യാപായി മാറുന്നതോടെ ശില്പകലയ്ക്ക് ആസ്വാദകരും കുറയുന്നു. ഇത് മറികടക്കാനാണ് സരൂപിന്റെ ശ്രമം. ഗഹനത പിന്തുടരുന്ന ആധുനിക ശില്പകലയില് നിന്ന് വേറിട്ടവയാണ് സരൂപിന്റെ ചിത്രങ്ങള്‍. അവ്യക്തത നിറയുന്നതൊന്നും ശില്‍പങ്ങളിലില്ല. ഒരോ ശില്പവും കാഴ്ചക്കാരന്റെ മനസ്സില്‍ പലതരം വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കാം. എങ്കിലും ആസ്വാദകനുമായി സംവദിക്കാന്‍ കഴിയുന്നവയാണ് ഓരോ ശില്പവും. പ്രോത്സാഹനങ്ങളും കൈയടികളും നേടുമ്പോഴും ശില്പി തൃപ്തനല്ല. ഓരോ നിര്‍മാണം കഴിയുമ്പോഴും പോരായ്മകള്‍ തോന്നും. അത് നികത്തിയാണ് അടുത്ത നിര്‍മാണം. എല്ലാം ഒന്നിനൊന്ന് മെച്ചം.
പുരാണ വിഷയങ്ങള്‍ക്കും രവിവര്‍മ ചിത്രങ്ങള്‍ക്കും പുതിയ ശില്‍പ്പ ഭാഷ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സരൂപ്. ശില്പ കലയോടൊപ്പം കമ്പ്യൂട്ടര്‍ 3ഡി ഡിസൈനിങ് ചെയ്യുന്നുണ്ട്. പുതിയ ടെക്നോളജി ശില്പ കലയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്. മനസ്സില്‍ ഉടലെടുക്കുന്ന ശില്പം ആദ്യം കമ്പ്യൂട്ടറില്‍ 3ഡി ഡിസൈന്‍ മോഡല്‍ തയാറാക്കി. പിന്നീടാണ് മരത്തിലേക്കോ മറ്റു മാധ്യമത്തിലേക്കോ മാറ്റുന്നത്.
ശില്പകലയില് നവീന ഭാവങ്ങള്‍ വിരിയിച്ച് സ രൂപിന് ഇനിയുമേറെ മുന്നേറാനുണ്ട്. അമ്മ കാഞ്ചനയ്ക്കും അച്ഛന് ശിവരാമനുമൊപ്പം പ്രോത്സാഹനം നല്കി ഭാര്യ നീതുവും ഒപ്പമുണ്ട്. പേരെടുത്ത ശില്പ കലാകാരന്മാര്ക്കൊപ്പം ഈ കലാജീവിതം അടയാളപ്പെടുത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: