കണ്ണൂര്‍: സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും മറികടന്ന് മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നടത്തുന്ന സമാന്തര പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തി ശക്തമാകുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പി. ജയരാജനെ പിന്നീട് സംഘടനാ ചുമതലകളിലേക്ക് തിരിച്ചെടുത്തിട്ടില്ലെങ്കിലും നിലവിലുള്ള ജില്ലാ സെക്രട്ടറി എം.വി. ജയരാജനെ മറികടന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സ്വേഛാപരമായി ഇടപെടുന്നതാണ് ഇപ്പോള്‍ ജില്ല നേതൃത്വത്തിന് തലവേദനയായത്.
പിണറായിയുടെയും കോടിയേരിയുടെയും അപ്രീതിയില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ജയരാജന് തന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐആര്‍പിസി എന്ന സേവനസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണിപ്പോള്‍. ഇതിന്റെ മറവില്‍ ചില മേഖലകളില്‍ പാര്‍ട്ടിഘടകങ്ങളില്‍ അനൗദ്യോഗികമായി ഇടപെടുന്നതായി ആരോപണമുണ്ട്. പി. ജയരാജന് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചുമതലയിലെത്തിയവരെ ഉപയോഗിച്ചാണ് ജില്ലാ ഘടകത്തെ മറികടന്ന് സംഘടനാ പ്രവര്‍ത്തനം നടത്തുന്നത്. എം.വി. ജയരാജന് ചുമതലയേറ്റ് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംഘടനാ തലത്തില്‍ കാര്യമായ ചലനുണ്ടാക്കാന് സാധിക്കാത്തത് ഇത്തരം സമാന്തര സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം.
പാലത്തായി പീഡന ആരോപണക്കേസില്‍ ഉള്‍പ്പടെ ജില്ലാ ഘടകത്തെ മറികടന്ന് പി. ജയരാജന് ഇടപെട്ടതും ജില്ലാ സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവനക്ക് വിരുദ്ധമായ അഭിപ്രായം പറഞ്ഞതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറിയോ ജില്ലാ സെക്രട്ടേറിയേറ്റോ നേരിട്ട് അഭിപ്രായം പറയുകയെന്നതാണ് പാര്‍ട്ടി രീതി. ഇതിന് വിരുദ്ധമായ പി. ജയരാജന്റെ നീക്കങ്ങളെ നിയന്ത്രിക്കാനോ തടയിടാനോ നിലവിലുള്ള ഭാരവാഹികള്‍ക്ക് സാധിക്കുന്നുമില്ല.
പി. ജയരാജന്റെ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് മുന്നോട്ട് പോവുകയെന്ന നിലപാടാണ് സമീപകാലത്തായി പാര്‍ട്ടി നേതൃത്വം സ്വീകരിച്ച് വരുന്നത്. പ്രവാസിവ്യവായി സാജന് പാറയിലിന്റെ ആത്മഹത്യയില്‍ ആരോപണവിധേയയായ ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണെതിരെ നടപടിയെടുക്കുമെന്ന് പി. ജയരാജന് പരസ്യമായി പറഞ്ഞതെങ്കിലും ഇതിന് വിരുദ്ധമായി ആരോപണ വിധേയരായവരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ടാണ് പി. ജയരാജന് ഇപ്പോള്‍ കൃത്യമായ ആസൂത്രണത്തില്‍ മുന്നോട്ട് നീങ്ങുന്നത്. ഓരോ ഏരിയയിലുമുള്ള തന്റെ ആശ്രിതരെ ഉപയോഗിച്ച് പ്രാദേശിക തലത്തില്‍ സ്വീധീനമുണ്ടാക്കി മുന്നോട്ട് പോവുകയെന്ന തന്ത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ കുറഞ്ഞതും ബ്രാഞ്ച് ലോക്കല്‍ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കുന്നത് പാടെ ഇല്ലാതായതും അനുകൂല സാഹചര്യമാക്കിയാണ് പി. ജയരാജന്റെ സമാന്തര സംഘടനാ പ്രവര്‍ത്തനം. നേതൃത്വത്തിലും അണികളിലും ഒരു വിഭാഗത്തിന്റെ പിന്തുണയും ഇതിന് ലഭിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: