തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ഡൗണ്‍. കെഎസ്ഇ കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം മൂലം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികളുടെ വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണിത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കും. മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും. ഈ വഴി ദീര്‍ഘദൂര ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ബസുകള്‍ അവിടെ നിര്‍ത്താതെ പോവേണ്ടി വരും. മറ്റ് വാഹനങ്ങളെ കടത്തിവിടും. മറ്റ് സ്ഥലങ്ങളില്‍ വ്യാപനത്തിന്റെ തോത് കണക്കാക്കിയാവും കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോവുക. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വൈദ്യസഹായം, മരണാവശ്യം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ എന്നിവ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12വരെ പ്രവര്‍ത്തിക്കാവൂ. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരു വാര്‍ഡില്‍ 2 വീതം തുറക്കാവുന്നതാണ്. ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കണമെന്നത് അതത് തദ്ദേശസ്ഥാപനതലത്തില്‍ തീരുമാനിക്കും. നിത്യോപയോഗസാധനങ്ങള്‍ ആവശ്യമുളളവര്‍ വാര്‍ഡ്തല സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ഈ കടകളില്‍ നിന്ന് അവ വാങ്ങണം. ഇവയുടെയും പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും. റേഷന്‍കടകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കും. വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. ആശുപത്രി, നഴ്സിങ്ങ് ഹോം, ലാബോറട്ടറി, ആംബുലന്‍സ്, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റിയെ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊതുവാഹനഗതാഗതം നിരോധിച്ചു. ദീര്‍ഘദൂര ബസ്സുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുളള ഗതാഗതനിയന്ത്രണം പാലിച്ച് സര്‍വീസ് നടത്തണം. ക്ലസ്റ്റര്‍ മേഖലയില്‍ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. നേരത്തെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താം. മരണവീടുകളില്‍ 10 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്. പൊതുസ്ഥലത്ത് കൂട്ടം കൂടാനോ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനോ പാടില്ല. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ട പോലീസ്, അഗ്നിശമന സേന, വാട്ടര്‍ അതോറിറ്റി, റവന്യൂ, ആരോഗ്യം, ട്രഷറി, തദ്ദേശവകുപ്പുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലേക്ക് പ്രവേശനം നിരോധിക്കുന്നതിന്റെ ഭാഗമായി ഗതാഗതക്രമീകരണം നടപ്പിലാക്കി.
തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങള്‍, പെരുമ്പിളളിശ്ശേരി, ചിറയ്ക്കല്‍, പഴുവില്‍, പെരിങ്ങോട്ടുകര, തൃപ്രയാര്‍ വഴി പോകണം. കൊടുങ്ങല്ലൂരില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വരുന്നവരെ വെളളാങ്കല്ലൂരില്‍ തടയും. മുരിയാട് പഞ്ചായത്തിലേക്കുളള വല്ലക്കുന്ന്, ആനന്ദപുരം, നെല്ലായി റോഡ് പൂര്‍ണ്ണമായി അടച്ചിടും. നന്തിക്കര ഭാഗത്ത് നിന്ന് കോന്തിപുരം പാടം വരെ മാത്രമേ യാത്ര അനുവദിക്കൂ. പോട്ട-മൂന്നുപീടിക റൂട്ടിലെ ഗതാഗതവും നിരോധിക്കും. ഗതാഗതനിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: