കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് മൂക്കുകയറിടാന്‍ നീക്കം. ഇതിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിന് (പിആര്‍ഡി) കീഴിലുള്ള ഫാക്ട് ചെക്ക് (യാഥാര്‍ഥ്യ പരിശോധന)വിഭാഗം വിപുലീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഏപ്രില്‍ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്. ഇനി മുതല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തകളും ഇവ കൈകാര്യം ചെയ്യുമെന്ന് പിആര്‍ഡിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലെ പ്രചരണവും നിയന്ത്രിക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതും മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസും സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് നീക്കം. മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു.
ഫാക്ട് ചെക്ക് വിഭാഗത്തിന്റെ അധ്യക്ഷന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി പി. വേണുഗോപാലും കണ്‍വീനര്‍ ഡയറക്ടറായ യു.വി. ജോസുമാണ്. പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമ എഡിറ്റര്‍മാര്‍, സൈബര്‍ സുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഗേവണിങ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ ശിവശങ്കര്‍ രാജിവെച്ച ഒഴിവില്‍ ഐടി സെക്രട്ടറിയായെത്തിയ മിര്‍ മുഹമ്മദ് അലിയാണ് ഉപദേശകന്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക് സെല്ലുകളും രൂപീകരിക്കും. വെബ് പോര്‍ട്ടലും ഒരുങ്ങുന്നുണ്ട്.
ജനങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് കൈമാറി യാഥാര്‍ത്ഥ്യം മനസിലാക്കാമെന്നാണ് ഔദ്യോഗിക വിശദീകരണം. വാര്‍ത്തകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. അവര്‍ നല്കുന്ന വിശദീകരണം പ്രസിദ്ധപ്പെടുത്തും. എന്നാല്‍ വിശദീകരണത്തോടെ അവസാനിക്കുന്നില്ലെന്നതാണ് അപകടം. നടപടികള്‍ക്കായി പ്രസ് കൗണ്‍സിലിനും പോലീസിനും കൈമാറും. നിയമനടപടികള്‍ക്കായി പോലീസിന്റെ സൈബര്‍ ഡോമിന് 12 വാര്‍ത്തകള്‍ കൈമാറിയതായി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാരിനെതിരായ ഏത് വാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളും വ്യാജമാണെന്നാരോപിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഇപ്പോള്‍ത്തന്നെ ഭരണകക്ഷി ആരോപിക്കുന്നുണ്ട്. മാധ്യമങ്ങളുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ് സിപിഎം. ഒരു ചാനലിനെ ബഹിഷ്കരിക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി വിരുദ്ധ പ്രചാരണം തടയാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: