കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. ജനറല്‍ ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ ഏതാനും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരായ വളണ്ടിയര്‍മാരുമടക്കം 25 പേരോട് നീരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.
ആശുപത്രിയിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്. ഇന്നലെ പോസിറ്റീവായി പരിശോധന ഫലം വന്നു. ഇതോടെ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നവരോടും സന്നദ്ധ പ്രവര്‍ത്തകരായ വളണ്ടിയര്‍മാരോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇവര്‍ ടൗണ്‍ ഹാളിന് സമീപത്ത് ജനറല്‍ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്രവ പരിശോധന കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തി.
കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനേന വര്‍ധിച്ചതോടെ ജനങ്ങളുടെ ആശങ്കയും വര്‍ധിച്ചു. ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡില്‍ മാത്രമാണ് കോവിഡ് രോഗം ബാധിച്ചവരെ കിടത്തുന്നത്. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കോവിഡ് സ്ഥിരീകരിച്ചവരെ കിടത്തുന്നത്. സ്ത്രീകളെയും കുട്ടികളെയും ഉദയഗിരിയിലെ കോവിഡ് കേന്ദ്രത്തിലാണ് പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: