തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍ കുറ്റമെല്ലാം ചാര്‍ത്തി, കൈയൊഴിഞ്ഞ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നീക്കം തുടങ്ങി. എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീങ്ങും എന്ന് ഉറപ്പായപ്പോഴാണിത്.
എം.ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയും അന്വേഷണ പരിധിയില്‍ വരുമെന്ന് ഉറപ്പായതോടെയാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും ഇത് സംബന്ധിച്ച് ചില ആശയവിനിമയങ്ങള്‍ നടത്തിക്കഴിഞ്ഞു. സ്പ്രിങ്കഌ കരാര്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്കു നീണ്ടപ്പോള്‍ എല്ലാ കുറ്റവും ശിവശങ്കര്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാം എന്റെ മാത്രം തീരുമാനം എന്നാണ് ശിവശങ്കര്‍ അന്നു പറഞ്ഞത്. ഇതേ തന്ത്രമാണ് സ്വര്‍ണക്കടത്തു കേസിലും പാര്‍ട്ടിയും സര്‍ക്കാരും ആലോചിക്കുന്നത്.
ചോദ്യം ചെയ്യലും ആരോപണങ്ങളും ശിവശങ്കറിന്റെ വ്യക്തിപരമായ കാര്യങ്ങളെന്ന നിലപാടിലാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും നീങ്ങുന്നത്. ഇങ്ങനെ മതിയെന്നും എല്ലാം അതീവ ശ്രദ്ധയോടെ ആയിരിക്കണമെന്നും ഇന്നലെ ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തീരുമാനിച്ചു.
മുഖ്യമന്ത്രിക്കോ ഓഫീസിനോ സ്വപ്‌ന സുരേഷുമായി യാതൊരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ എന്‍ഐഎയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുമ്പോഴും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഉത്തരങ്ങള്‍ നല്‍കുക. ശിവശങ്കറിന്റെ വിശ്വസ്തനും പാര്‍ട്ടി നേതാക്കളും ഇത് സംബന്ധിച്ച കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നു. പാര്‍ട്ടി നിയോഗിച്ച അഭിഭാഷകന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് കഴിഞ്ഞ ദിവസം എന്‍ഐഎക്ക് ശിവശങ്കര്‍ ഉത്തരങ്ങള്‍ നല്‍കിയത്.
കണ്‍സള്‍ട്ടന്‍സികളില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് യാതൊരു ബന്ധമില്ലെന്നും ഇത് ഐടി വിഭാഗത്തില്‍ മാത്രം കൈകാര്യം വിഷയമാണെന്നാണ് ശിവശങ്കര്‍ നിലപാട് എടുത്തത്. ഇതോടെ സ്വപ്‌ന സുരേഷിനെ സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് മുഖ്യമന്ത്രിക്കും ഓഫീസിനും രക്ഷപ്പെടാനാകുമെന്നും കരുതുന്നു.
തിങ്കളാഴ്ച കൊച്ചിയില്‍ ശിവശങ്കറിനെ വീണ്ടും എന്‍എഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി നോട്ടീസ് നല്‍കി കഴിഞ്ഞ ദിവസം ശിവശങ്കറിനെ എന്‍ഐഎ തിരുവനന്തപുരത്ത് അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതോടെ ശിവശങ്കറിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന സംശയവും ശക്തമായി.
സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് എന്‍ഐഎ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വിശദമായി ചോദിച്ചിരുന്നു. സ്വപ്‌നയുമായും സരിത്തുമായും പരിചയം ഉണ്ടെങ്കിലും സ്വര്‍ണക്കടത്ത് തനിക്ക് അറിയില്ലെന്നാണ് ശിവശങ്കര്‍ എന്‍ഐഎയോട് പറഞ്ഞത്. സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് വിട്ടു നല്‍കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാല്‍ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. നേരത്തേ കസ്റ്റംസ് ശിവശങ്കറിനെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: