രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍
മതേതര കേരളത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്‍, വര്‍ഗീയത കേരളത്തിലേക്കു പടരാതെ കാത്ത കാവല്‍മാടം എന്നൊക്കെയുള്ള നിരവധി ഓണററി ബിരുദങ്ങളാണ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍മാര്‍ക്ക് കേരളം നല്‍കിയിരിക്കുന്നത്. പേരില്‍ മുസ്ലിം എന്നുള്ളതും ഇന്ത്യ വിഭജനത്തിനു കാരണമായിരുന്ന മുസ്ലിം ലീഗിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ യൂണിയനില്‍ നിലനില്‍കുന്നതുമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്‌ട്രീയ കക്ഷിയുടെയും പല മത സംഘടനകളുടെയും നിരവധിഅനവധി മഹല്ലുകളുടെയും നിയന്ത്രണവും നേതൃത്വവും കൈമുതലായിട്ടും കേരളത്തില്‍ ഒരു റഫറിയുടെ റോളായിരുന്നു അവര്‍ക്കെല്ലാം സമൂഹം കല്‍പ്പിച്ചു നല്‍കിയത്.
ഇന്നേവരെ ആ തറവാട്ടില്‍ നിന്നുള്ളവരെല്ലാം തന്നെ ആ പാരമ്പര്യം കാത്തു സൂക്ഷിക്കുകയും രാഷ്‌ട്രീയ എതിരാളികളുടെ ഇടയില്‍ പോലും ബഹുമാന്യത ആര്‍ജ്ജിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തുര്‍ക്കിയിലെ എര്‍ദോഗാന്‍ നേതൃത്വം നല്‍കുന്ന വര്‍ഗീയ സര്‍ക്കാര്‍ ഹഗ്ഗിയ സോഫിയ എന്ന കത്തീഡ്രലിനെ മസ്ജിദാക്കി മാറ്റിയ നടപടിയെ അതിഭീകരമാം വിധം ന്യായീകരിച്ചു കൊണ്ട് ”അയാസോഫിയയിലെ ജുമുഅ” എന്ന തലക്കെട്ടില്‍ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം അവര്‍ ഇന്നേ വരെ തുടര്‍ന്ന് വന്ന നിലപാടുകളെ തകിടം മറിക്കുന്നതാണ്. റഫറി കയറി ഗോളടിച്ചതു പോലെ സാധാരണക്കാരന് തോന്നുന്നത്ര കിരാതമായ ന്യായങ്ങള്‍ നിരത്തിയ ലേഖനം ഒരു കടുത്ത വര്‍ഗീയ വാദിയുടെ മധുരഭാഷണം പോലെ തോന്നും.
പ്രസ്തുത ലേഖനത്തില്‍ അദ്ദേഹം നിരത്തുന്നതൊക്കെ നിലനില്‍പില്ലാത്ത വാദങ്ങളാണ്.അതിലുപരി വളച്ചു കെട്ടിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആ വാചാടോപത്തില്‍ കാണാന്‍ കഴിയും. ഈ ലേഖനത്തിലൊരിടത്തും ഹഗ്ഗിയ സൊഫിയ എന്ന് അദ്ദേഹം ഉപയോഗിച്ചിട്ടില്ല. മറിച്ചു ഫണ്ടമെന്റലിസ്റ്റുകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ആയാ സൊഫീയ എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
ഹഗ്ഗിയ സോഫിയ വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തു എന്ന കാരണത്താല്‍ ടര്‍ക്കി കോടതി -കോടതി എന്നൊക്കെ പറയുമ്പോള്‍ പ്രസിഡന്റ് എര്‍ദോഗാന്റെ അഭീഷ്ടമെന്താണോ അതിനനുസരിച്ചു മാത്രം വിധികല്‍പിക്കുന്ന കോടതി -1934 ല്‍ ആധുനിക തുര്‍ക്കിയുടെ പിതാവായ മുസ്തഫ കമാല്‍ പാഷ നടപ്പിലാക്കിയ ഹഗ്ഗിയ സോഫിയ മ്യൂസിയമാക്കിയ ഉത്തരവ് നിലനില്‍ക്കുന്നതല്ല എന്ന് വിധിക്കുന്നു. കോടതിയുടെ ഈ പരാമര്‍ശം പുറത്ത് വന്നു ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ തുര്‍ക്കിയുടെ മത ഭ്രാന്തനായ പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗാന്‍ ഹഗ്ഗിയ സോഫിയയെ മസ്ജിദാക്കിക്കൊണ്ടുള്ള ഉത്തരവിടുന്നു. തികച്ചും ആസൂത്രിതമാണ് ഈ സംഭവം എന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും.
ഈ വിധിയെ സംബന്ധിച്ചു ഒന്ന് രണ്ടു വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ദി പെര്‍മനന്റ് ഫൗണ്ടേഷന്‍ സര്‍വീസസ് ടു ഹിസ്റ്റോറിക്കല്‍ ആര്ടിഫാക്ട് ആന്‍ഡ് എന്‍വയണ്‍മെന്റ് എന്ന ഒരു ഫണ്ടമെന്റലിസ്‌റ് എന്‍ജിഒ ആണ് ഈ കേസ് കൊടുത്തിരിക്കുന്നത്. കമാല്‍ പാഷ മ്യൂസിയം ആക്കി മാറ്റിയവ ഉള്‍പ്പെടെ തുര്‍ക്കിയിലെ വിവിധങ്ങളായ കത്തീഡ്രലുകള്‍, മസ്ജിദാക്കി ആക്കി മാറ്റുവാന്‍ ഇതിനു മുന്‍പ് കോടതിയെ സമീപിച്ചവരാണ് ഈ സംഘടന. പേരിലെ എന്‍വയണ്‍മെന്റ് എന്ന വാക്ക് കണ്ടു അവര്‍ക്കു പരിസ്ഥിതിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു ധരിക്കരുത്.
ഒരു ചരിത്ര സ്മാരകത്തെ അത് ഉപയോഗിച്ചിരുന്ന അല്ലെങ്കില്‍ നിര്‍മിക്കപ്പെട്ട കാലത്തെ അതെ പരിതസ്ഥിതിയില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശമാണ് അവരുടേത് എന്നാണ് പുറത്തു പറയുക. വഖഫ് എന്ന മത സങ്കല്‍പ്പത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് അവര്‍ ഈ വിധികളൊക്കെ സമ്പാദിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ അഡ്മിനിട്രേറ്റിവ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എന്ന ഭരണഘടനാ ബെഞ്ച് ഹഗ്ഗിയ സോഫിയയെ മസ്ജിദിക്കുവാന്‍ വിധിച്ചിട്ടില്ല. മുസ്തഫ കമാലിന്റെ ഉത്തരവ് റദ്ദാക്കുക മാത്രമാണ് ചെയ്തത്. മസ്ജിദാക്കിയത് എര്‍ദോഗനാണ്. കോടതിക്ക് അതില്‍ കാര്യമൊന്നുമില്ല.
കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ ഓട്ടോമന്‍ അക്രമണകാരി, മെഹ്മദ് രണ്ടാമന്‍ രാജാവ് ഈകത്തീഡ്രലിനെ വഖഫ് ചെയ്തു എന്നാണ് വാദം. ക്രൈസ്തവ ആരാധനാലയമായി നിലനിന്ന ആ സ്ഥാപനം ബലമായി പിടിച്ചെടുത്തു വഖഫ് ചെയ്ത മെഹമ്ദ് രണ്ടാമന്റെ പ്രവര്‍ത്തിയെ തുര്‍ക്കി പപ്പറ്റ് കോടതി അംഗീകരിച്ചത് പോലെ തന്നെ പാണക്കാട് തങ്ങളും ന്യായീകരിക്കുകയാണ്. ഈ പള്ളി ആക്രമണത്തിലൂടെ പിടിച്ചെടുക്കുകയാണ് ഉണ്ടായത് എന്നത് മറക്കുന്നു. പകരം പണം നല്‍കി വാങ്ങി എന്ന നുണ പ്രചരിപ്പിക്കുന്നു.
‘സമകാലീന ക്രിസ്ത്യന്‍ രാഷ്‌ട്രീയ മത നേതാക്കള്‍ തീരുമാനത്തോട് വിയോജിക്കുമ്പോഴും അയാസോഫിയയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതും ചരിത്രപരമായി അതിന് സാധ്യതയില്ല എന്ന തിരിച്ചറിവ് കൊണ്ടുതന്നെയാകണം. അമേരിക്ക പോലെയുള്ള രാഷ്‌ട്രങ്ങള്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും 25 ശതമാനം ഓര്‍ത്തോഡോസ് ക്രിസ്ത്യന്‍സ് താമസിക്കുന്ന റഷ്യ തീരുമാനത്തില്‍ കൈകടത്താത്തതും പ്രത്യേകം ശ്രദ്ധേയമാണ്. ഇതാണ് സാദിഖ് അലി തങ്ങളുടെ മറ്റൊരു വാദം. ഇത് വായിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും ഒരു മത മൗലികവാദി എഴുതിയതായി തോന്നും. കാരണം എര്‍ദോഗനെ പിന്തുണക്കുന്ന ഏതാണ്ടെല്ലാ ഫണ്ടമെന്റലിസ്റ്റുകളും ഇത് തന്നെയാണ് പറയുന്നത്.
‘ചരിത്രപരമായി അതിന് സാധ്യതയില്ല’ എന്ന പച്ചക്കള്ളമാണ് അദ്ദേഹം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് തുര്‍ക്കിയുടെ ചരിത്രം ആരംഭിക്കുന്നത് 1453 ഇല്‍ മാത്രമാണ്.അതിനുമുന്‍പ് 1500 വര്ഷം നിലനിന്നിരുന്ന റോമന്‍ സാമ്രാജ്യ ചരിത്രം അവര്‍ക്കൊരു കെട്ടുകഥ മാത്രമാണ്. 25 ശതമാനം ഓര്‍ത്തോഡോസ് ക്രിസ്ത്യന്‍സ് താമസിക്കുന്ന റഷ്യ തീരുമാനത്തില്‍ കൈകടത്തിയില്ല എന്നതും പച്ചക്കള്ളമാണ്. റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാചാര്യന്‍ മോസ്‌കോയുടെയും ആകമാന റഷ്യയുടെയും പാത്രിയാര്‍ക്കീസ് ഓഫ് സിറിള്‍ എര്‍ദോഗന്റെ ഈ തീരുമാനത്തിനെതിരെ ഉറച്ച നിലപാടുമായി രംഗത്തു വന്നു.
ഇതുകൂടാതെ പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്ലീങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പോലും അനുവാദമില്ല എന്ന അത്യന്തം പ്രകോപനപരമായ നുണയും പാണക്കാട് സാദിഖലി തങ്ങള്‍ പടച്ചു വിടുന്നു. ഇത് ഏതൊക്കെ രാജ്യങ്ങള്‍ എന്നദ്ദേഹം പറയുന്നതേയില്ല. കാടടച്ചു വെടി വെച്ച് മറ്റൊരു സമുദായം തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളെ ആകെ വെറുപ്പിന്റെയും സംശയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.
തുര്‍ക്കിയിലെ ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാചാര്യനും ഇസ്താംബുളില്‍ ബര്‍ത്തിലോമിയയിലെ എക്യൂമെനിക്കല്‍ പാത്രിയാര്‍ക്കീസ് എര്‍ദോഗന്റെ ഈ നടപടിയെ ശക്തിയായി അപലപിച്ചിട്ടുണ്ട്. അത്യന്തം വര്‍ഗീയ പരമായ ഈ നടപടി അറബ് ലോകത്തും അനുരണനങ്ങള്‍ ഉണ്ടാക്കി. ഈജിപ്റ്റിലെ ഗ്രാന്‍ഡ് മുഫ്തി ഷൗകി ഇബ്രാഹിം അബ്ദെല്‍ കരിം ആലം തുര്‍ക്കിയുടെ ഈ നടപടിയെ അനിസ്‌ളാമികം എന്ന് തന്നെ വിവരിച്ചു. മറ്റൊരു മത ആരാധനാകേന്ദ്രം പിടിച്ചെടുത്ത് മസ്ജിദാക്കി മാറ്റുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം അസ്സന്നിഗ്‌ദ്ധമായി പറയുന്നത്.
സൗദി അറേബിയയുടെ പ്രമുഖ പത്രങ്ങള്‍ എല്ലാം തന്നെ തുര്‍ക്കിയുടെ നടപടിയിലെ മത വിരുദ്ധതത തുറന്നു കാണിച്ചിട്ടുണ്ട്. സൗദിയിലെ പ്രധാന പത്രമായ അറബ് ന്യൂസ് ഈ വിഷത്തില്‍ നിരവധി വിശിദീകരണ ലേഖനങ്ങള്‍ എഴുതി. സൗദി അക്കാദമിക പണ്ഡിതനും മാധ്യമ – വിദേശകാര്യ വിദഗ്ധനുമായ തലാല്‍ അല്‍ തോറിഫി തുര്‍ക്കിയുടെ നിലപാടിനെതിരെ വിവിധ ലേഖനങ്ങള്‍ എഴുതി. അറബ് ലോകം ഏതാണ്ട് ഒറ്റക്കെട്ടായി തുര്‍ക്കിക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. ഗ്രീസ്, സൈപ്രസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും അവിടങ്ങളിലെ സഭകളും തുര്‍ക്കിയുടെ നിലപാടിനെ നഖശിഖാന്തം എതിര്‍ക്കുന്നു
വസ്തുതകള്‍ ഇങ്ങിനെ ആയിരിക്കെ ഇവയൊക്കെ മറച്ചു വെച്ചുകൊണ്ട് തുര്‍ക്കി നടത്തിയ മത പീഡനത്തെ വെള്ള പൂശുന്ന പാണക്കാട് തങ്ങളുടെ ലേഖനം പ്രതിഷേധാത്മകമാണ്. മേല്‍ വിവരിച്ചതുപോലെ റഫറി കയറി ഗോളടിക്കുന്നത്ര അരോചകമാണത്. അബ്ദുല്‍ അല്ല മൗദൂദിയുടെ സമാനമായ നിലപാടുകളാണ് അദ്ദേഹം ലേഖനത്തിലൂടെ പറയുന്നത്. നാളിതുവരെ കൊടപ്പനക്കല്‍ തറവാട്ടുകാര്‍ എടുത്തണിഞ്ഞിരുന്ന മതേതരത്വം ഇനിയുണ്ടാവില്ല എന്നതിന്റെ ഉച്ചത്തിലുള്ള പ്രഘോഷമാണത്. ലോകമുസ്ലീങ്ങളുടെ രക്ഷകനായി അവതരിക്കാനുള്ള എര്‍ദോഗന്റെ നീക്കം അറബ് ലോകം തള്ളിക്കളഞ്ഞതാണ്. തുര്‍ക്കിയോടൊപ്പമുള്ളത് പാക്കിസ്ഥാനാണ്. ആ എര്‍ദോഗനെ ന്യായീകരിക്കുന്നതിലൂടെ തുര്‍ക്കി- പാക്കിസ്ഥാന്‍ പക്ഷത്താണ് താനെന്നാണ് സാദിഖ് അലി തങ്ങള്‍ ലേഖത്തിലൂടെ പറഞ്ഞു വെക്കുന്നത്.
ഇത് കൂടാതെ ഹഗ്ഗിയ സോഫിയ പരിവര്‍ത്തനത്തില്‍ ഹൃദയം തകര്‍ന്നിരിക്കുന്ന കേരളത്തിലെ വിശ്വാസി സമൂഹത്തോടുള്ള വെല്ലു വിളിയുമാണത്. എര്‍ദോഗന്റെ മനസ്സാണ് തങ്ങള്‍ക്കും എന്നാണ് അദ്ദേഹം സ്വയം പറയുന്നത്. ഒരൊറ്റ ലേഖനത്തിലൂടെ എര്‍ദോഗാന്‍ അനുയായികളുടെ കേരളത്തിലെ നേതാവായും കണ്ണിലുണ്ണിയായും മാറുവാന്‍ സാദിഖ് അലി തങ്ങള്‍ക്കു സാധിക്കും. പക്ഷെ മതേതര കേരളത്തിലും ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും അതുണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ താമസിക്കും.
കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ഈ രീതിയിലുള്ള നിലപാടുകളില്‍ നിന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അതിന്റെ നേതാക്കളും പിന്മാറും എന്നും ഈ വിഷയത്തില്‍ സമൂഹത്തില്‍ സ്പര്‍ദ്ധക്ക് കാരണമായ അവരുടെ നിലപാടുകള്‍ തിരുത്തും എന്നും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: