ആലപ്പുഴ: നഗരപരിധിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആശങ്കയില്‍ ജനം. നാലു വാര്‍ഡുകളാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ. സൗത്ത് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കും, ജനറല്‍ ആശുപത്രിയിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചതോടെ നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമോയെന്നാണ് ചോദ്യം ഉയരുന്നത്.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ എഎസ്‌ഐയുടെ സമ്പര്‍ക്കപ്പട്ടികയിലെ രണ്ടു പൊലീസുകാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ നാല് പേര്‍ക്കുകൂടി രോഗാബാധ. ഇവരുമായി സമ്പര്‍ക്കമുണ്ടായ മുപ്പതോളം പൊലീസുകാര്‍ ക്വാറന്റീനിലാകും. ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് നാലു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്.
സൗത്ത് സ്റ്റേഷനിലെ എഎസ്‌ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ സിഐ ഉള്‍പ്പെടെ 15 പേര്‍ ക്വാറന്റീനിലാണ്, ആറു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ മാത്രമാക്കി.
പരാതികളെല്ലാം ഓണ്‍ലൈന്‍ ആയാണു സ്വീകരിക്കുക. രോഗം സ്ഥിരീകരിച്ച എഎസ്‌ഐ ജനമൈത്രി കോ ഓര്‍ഡിനേറ്റര്‍ കൂടിയായതിനാല്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടോ എന്നതു പരിശോധിക്കുന്നുണ്ട്. അതിനിടെ സമ്പൂര്‍ണ അടച്ചിടല്‍ ഭീഷണയുടെ പശ്ചാത്തലത്തില്‍ കരുതല്‍ ശേഖരത്തിനായി ജനം പുറത്തിറങ്ങിയത് വന്‍ തിരക്ക് സൃഷ്ടിച്ചു. പലചരക്കുകളും പച്ചക്കറികളും വാങ്ങാന്‍ രാവിലേമുതല്‍ കടകളിലേക്ക് ജനമൊഴുകി. കൂടുതല്‍ തിരക്കനുഭവപ്പെട്ടത് നഗരത്തിലെ മദ്യശാലകള്‍ക്കു മുന്നിലാണ്.
രാവിലേ മുതല്‍ കണ്ണിമുറിയാത്ത നിലയില്‍ വിദേശമദ്യ വില്പന ശാലകള്‍ക്കും ബാറുകള്‍ക്കും മുന്നില്‍ പ്രത്യക്ഷമായിരുന്നു. വടക്കന്‍ മേഖലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ബാറുകളും മദ്യവില്പന ശാലകളും അടച്ചതാണ് നഗരത്തിലെ ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. നിയന്ത്രിത മേഖലയില്‍ നിന്നുള്ള ആളുകള്‍ വരെ ക്യൂ നില്‍ക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: