അടിമാലി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏറ്റെടുത്ത് അടിമാലി. ജാഗ്രതയും പ്രതിരോധവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിമാലിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ തീരുമാനമെടുത്തത്.
നിയന്ത്രണങ്ങളോട് ആളുകള്‍ പൊതുവില്‍ സഹകരിക്കുന്ന കാഴ്ച്ചയാണ് അടച്ചിടലിന്റെ ആദ്യ ദിനം അടിമാലി നല്‍കിയത്. അവശ്യ സര്‍വ്വീസുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ടൗണില്‍ പൂര്‍ണ്ണമായി അടഞ്ഞ് കിടന്നു. വിരലിലെണ്ണാവുന്ന സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷ ടാക്സി വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്.
ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അഭ്യര്‍ത്ഥിച്ചു. ചുരുക്കം ചില കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ അടിമാലിയില്‍ നിന്ന് സര്‍വ്വീസ് നടത്തി.
സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ടൗണില്‍ തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള പ്രവര്‍ത്തന സമയം.
ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ 9 വരെയും തട്ടുകടകള്‍ക്ക് വൈകിട്ട് നാല് മുതല്‍ 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ നിന്നും ബേക്കറികളിലും നിന്നും തട്ടുകടകളില്‍ നിന്നും പാഴ്സല്‍ മാത്രമെ അനുവദിക്കൂ. 31 വരെയാണ് പഞ്ചായത്ത് ടൗണില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: