തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഡിപ്പോകള്‍ അടച്ചു. കാട്ടാക്കട, ആര്യനാട്, നെയ്യാറ്റിന്‍കര, പൂവാര്‍, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കണിയാപുരം തുടങ്ങിയ ഡിപ്പോകളാണ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായതിനെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നത്. കാട്ടാക്കടയിലെ ഡ്രൈവര്‍ക്കും നെയ്യാറ്റിന്‍കരയില്‍ കണ്ടക്ടര്‍ക്കും രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രണ്ടു ഡിപ്പോകളും അടച്ചത്.
കാട്ടാക്കട ഡിപ്പോയിലെ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ 80 ശതമാനം ജീവനക്കാര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നു. പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യസുരക്ഷയ്ക്ക് യാതൊരു ഉറപ്പുമില്ലാതായിരിക്കുന്നു. കൊവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ശക്തമല്ലാത്തതിനാലാണ് പല ഡിപ്പോകളും അടച്ചുപൂട്ടേണ്ടി വന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമെ യാത്ര ചെയ്യാന്‍ അനുവദിക്കാവു എന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല. നിലവില്‍ ഇരുപത് ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കുന്നത്. യാത്രക്കാര്‍ കൂടുതലാണെങ്കില്‍ സാമൂഹികഅകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുന്നതിന് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അധികാരികള്‍ ചെവിക്കൊള്ളുന്നില്ല.
കെഎസ്ആര്‍ടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യം അവതാളത്തിലാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരമാവധി റിസ്ക് ഏറ്റെടുത്താണ് സര്‍വീസിന് ഒരുങ്ങുന്നത്. മാസ്കും സാനിറ്റൈസറും മാത്രം ഉപയോഗിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ തങ്ങളുടെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കിയ ശേഷമല്ല ബസില്‍ കയറുന്നതും ഇറങ്ങുന്നതും. രോഗവാഹകരായ ആരെങ്കിലും ഇടയ്ക്ക് ബസില്‍ യാത്ര ചെയ്താല്‍ അവര്‍ ഉപയോഗിച്ച സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ ഇടവരുന്നു.
ബസില്‍ കയറുന്നവര്‍ക്ക് കൈകള്‍ ശുചിയാക്കുന്നതിനുള്ള സാനിറ്റൈസര്‍ കെഎസ്ആര്‍ടിസിയും നല്‍കുന്നില്ല. സര്‍വീസ് കഴിഞ്ഞ് ബസുകള്‍ കഴുകുന്നതൊഴിച്ചാല്‍ വലിയ രീതിയില്‍ അണു നശീകരണം പലയിടത്തും നടത്തുന്നില്ല. ബസില്‍ ഇടയ്ക്ക് രോഗവാഹകരായ ആരെങ്കിലും കയറിയാല്‍ അത് തിരിച്ചറിയാനോ അണുനാശനം നടത്താനുള്ള സൗകര്യമോ ഇല്ല. ബസ്സില്‍ കയറുന്നവര്‍ക്ക് പനിയുണ്ടോ എന്ന് തിരിച്ചറിയാനുള്ള തെര്‍മല്‍ സ്കാനര്‍ സംവിധാനവും കെഎസ്ആര്‍ടിസിക്ക് ഇല്ല. അത്രമാത്രം റിസ്ക് പിടിച്ചതായി മാറിയിരിക്കുകയാണ് പൊതുഗതാഗത സംവിധാനം. യാത്രക്കാരുടെ മാത്രമല്ല ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ് അധികൃതരുടെ അനാസ്ഥ. കൂടുതല്‍ ജാഗ്രതയോടെ പഴുതടച്ച ആരോഗ്യ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ പൊതുഗതാഗത സംവിധാനം താറുമാറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: