തൃശൂര്‍: കോര്‍പ്പറേഷനിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കുന്ന പ്രവൃത്തിക്ക് ക്ഷണിച്ച ടെണ്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് സിപിഎം നേതാക്കള്‍ക്ക് ബന്ധമുള്ള കമ്പനി ഈ ജോലിയുടെ ഉപ കരാറുകാരെ നിയമിക്കുന്നു. സിപിഎം സംസ്ഥാന, ജില്ലാ, ലോക്കല്‍ നേതാക്കള്‍ ഡയറക്ടര്‍മാരായുള്ള സ്ഥാപനം ടെണ്ടര്‍ ഉറപ്പിച്ച പോലെയാണ് മുന്നോട്ട് നീങ്ങുന്നത്. പ്രവൃത്തികള്‍ക്ക് സഹകരിക്കാനായി കമ്പനികളെ ക്ഷണിച്ച് കമ്പനി പത്രങ്ങളില്‍ പരസ്യവും നല്കി. കോടികളുടെ പ്രോജക്ടിന് വിവിധ കമ്പനികള്‍ നല്കിയ ടെണ്ടര്‍ തുറക്കുന്നതിന് മുന്‍പാണ് ടെണ്ടറില്‍ പങ്കെടുക്കുന്ന ആര്‍ട്ട്കൊ ലിമിറ്റഡ് കേരള എന്ന കമ്പനി പ്രൊജക്ടിനായി സബ് കോണ്‍ട്രാക്ട് ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന് അടിയന്തിര ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.
തൃശൂരിലേയും മറ്റ് ജില്ലകളിലേയും സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളാണ് ആര്‍ട്ട്കൊ ലിമിറ്റഡ് കേരള എന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍. നിലവില്‍ കോര്‍പ്പറേഷനിലെ ഭൂരിഭാഗം ഡിവിഷനുകളിലെയും തെരുവു വിളക്കുകള്‍ നിശ്ചലമാണ്. ഇതിന്റെ മറവിലാണ്് സിപിഎം ഇത്രയും വലിയ അഴിമതിക്ക് ശ്രമം നടത്തുന്നത്. അഞ്ച് കമ്പനികള്‍ പങ്കെടുക്കുന്ന ഇനിയും തുറക്കാത്ത ടെണ്ടറില്‍ ഇതിനു മുമ്പ് തങ്ങള്‍ക്ക് തന്നെയാണ് ടെണ്ടര്‍ ലഭിക്കുകയെന്ന് ആര്‍ട്ട്കൊ ലിമിറ്റഡ് കേരള എന്ന കമ്പനി ഉറപ്പിച്ചതോടെ ടെണ്ടറിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടു. ടെണ്ടര്‍ നടപടി തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്തു.
ടെണ്ടര്‍ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ബിജെപി
തൃശൂര്‍: തെരുവുവിളക്കുകള്‍ എല്‍ഇഡി ആക്കുന്നതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്നും വീണ്ടും ടെണ്ടര്‍ വിളിക്കണമെന്നും ബിജെപി തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി വിഭാഗവുമായി ബന്ധപ്പെട്ട് കോടികളുടെ ചെമ്പ് കമ്പി മോഷണം പോയ അഴിമതി കേസ്സ് ഇതുവരേയും എങ്ങുമെത്തിയിട്ടില്ല. വീണ്ടും അതേ വിഭാഗത്തിലാണ് അടുത്ത അഴിമതിക്ക് അരങ്ങൊരുങ്ങുന്നത്. ടെണ്ടര്‍ പുറത്തായ സാഹചര്യത്തില്‍ ഈ പ്രൊജക്ടില്‍ പുതിയ ഇ-ടെണ്ടര്‍ വിളിക്കാന്‍ മേയറും കോര്പ്പറേഷന് സെക്രട്ടറിയും നടപടികള്‍ സ്വീകരിക്കണമെന്നും മണ്ഡലം പ്രസിഡന്റ് രഘുനാഥ്.സി മേനോന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: