രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ലില്‍ മൂന്ന് ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രാജപുരം കോളിച്ചാല്‍, ചുള്ളിക്കര, പൂടം കല്ല് എന്നിവിടങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപങ്ങളും പോലീസ് അടപ്പിച്ചു. ഈ ഭാഗത്തെ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍വ്വീസ് നടത്തുന്നത് പോലീസ് നിരോധിച്ചു.
ഇന്നലെ രാവിലെ ആരോഗ്യ വകുപ്പില്‍ നിന്നും പോലിസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക് ഡൗണിനു സമാനമായ നിയന്ത്രണം പോലീസ് ഏര്‍പ്പെടുത്തിയത്. പൂടംകല്ലില്‍ കോവിഡ് സ്ഥിതീകരിച്ച ഓട്ടോ ഡ്രൈവര്‍ ബുധനാഴ്ച രാവിലെയും സര്‍വീസ് നടത്തിയതായി പറയപ്പെടുന്നു. ഇതിനാല്‍ സമ്പര്‍ക്ക സാധ്യത കൂടുതലുണ്ടെന്നും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത് എന്നും ആശുപതി ആവശ്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നും പൊതു ജനങ്ങള്‍ പോലീസിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും രാജപുരം സി.ഐ. രഞ്ജിത്ത് രവീന്ദ്രന് പറഞ്ഞു.
പൂടംകല്ലില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് കൂടാതെ കോളിച്ചാലില്‍ ഒരു വസ്ത്ര വ്യാപാരിക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന മേഖലകളില്‍ പോലീസിനും ആരോഗ്യ വകുപ്പിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. കാരണം വാഹന ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംസ്ഥാന പാതയായ കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡിലെ മറ്റ് വാഹനങ്ങള്‍ക്ക് ഇത് പ്രയാസമാകും. സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയാലും ആളുകള്‍ പുറത്തിറങ്ങുന്ന സ്ഥിതി വിശേഷവും നിലവിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി കോവിഡ് കേസുകളാണ് രാജപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും വ്യക്തമായ നടപടി നിര്‍ദ്ദേശങ്ങളും ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: