ചേര്‍ത്തല: രാമായണ പാരായണം കുടുംബങ്ങളിലേക്കെത്തിച്ച പി. പരമേശ്വര്‍ജിയ്‌ക്ക് പ്രണാമം അര്‍പ്പിച്ച് ബാലഗോകുലം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരമേശ്വരീയം രാമായണ കലോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന അയോദ്ധ്യാകാണ്ഡ മത്സരങ്ങളുടെയും പരമേശ്വര്‍ജിയുടെ തറവാടായ മുഹമ്മ താമരശേരി ഇല്ലത്ത് സംഘടിപ്പിച്ച പരമേശ്വരപ്രണാമം എന്ന ഓണ്‍ലൈന്‍ പരിപാടിയുടെയും ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ നിര്‍വഹിച്ചു.
പഞ്ഞമാസമായ കര്‍ക്കടകത്തെ പുണ്യമാസമാക്കാന്‍ കര്‍മ്മം ചെയ്യണമെന്നും ശരിയായ കര്‍മ്മം ചെയ്യാന്‍ ധര്‍മ്മം അറിയണമെന്നും അദ്ദേഹം പറഞ്ഞു. ധരയുടെ മര്‍മ്മം അറിഞ്ഞ് ചെയ്യുന്ന പ്രവൃത്തിയാണ് ശരിയായ കര്‍മ്മം. ശ്രീരാമനെ ധര്‍മ്മത്തിന്റെ പ്രതീകമായി കണ്ട് നമ്മളും ആ ധര്‍മത്തിന്റെ പ്രതീകമായി മാറണം. ധര്‍മ്മത്തിലൂടെ അര്‍ത്ഥം സമ്പാദിച്ച് ധര്‍മ്മ മാര്‍ഗത്തിലൂടെ കാമം പൂര്‍ത്തീകരിച്ച് മോക്ഷം നേടാനാണ് സനാതന ധര്‍മ്മം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ക്കടകത്തെ പുണ്യമാസമാക്കാന്‍ ആഹ്വാനം ചെയ്ത 1982 ലെ വിശാലഹിന്ദുസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു പി. പരമേശ്വര്‍ജിയെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. അന്ത്യജനഗ്രജനില്ലിവിടെ, വര്‍ഗം, വര്‍ണം, അരുതിവിടെ, സകലരുമമ്മയ്‌ക്കോമന മക്കള്‍ എന്ന മന്ത്രത്തിന്റെ ദൃഷ്ടാവായിരുന്നു പി. പരമേശ്വരന്‍. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രാമായണ സന്ദേശം നല്‍കി.
ബാലഗോകുലം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍ പ്രഭാഷണം നടത്തി. പരമേശ്വര്‍ജിയുടെ സന്തത സഹചാരിയായികുന്ന ജി. സുരേന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. പരമേശ്വര്‍ജിയെ കുറിച്ച് അമ്പലപ്പുഴ വിജയകുമാര്‍ തയ്യാറാക്കിയ സോപാന സംഗീത സമര്‍പ്പണവും നടന്നു.
മലയാളികളുടെ മഹര്‍ഷിക്ക് മക്കളുടെ പ്രണാമം എന്ന സന്ദേശം പകര്‍ന്നു നല്‍കി ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്ന പരിപാടി ആയിരങ്ങളാണ് കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: