തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വള്ളസദ്യ ആഗസ്റ്റ് 4 ന് ആരംഭിക്കേണ്ടതാണ്.എന്നാല്‍ ഇത്തവണ ആറന്മുള വള്ളസദ്യനടത്തുന്നത് പ്രായോഗികമല്ലെന്നും ആയത് ഉപേക്ഷിക്കേണ്ടതാണെന്നും ബോര്‍ഡ് തീരുമാനമെടുത്തു.വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോര്‍ഡിന്റെ തീരുമാനം ആറന്മുള പള്ളിയോട സേവാസംഘത്തെ അറിയിക്കാനും തീരുമാനിച്ചുവെന്നും പ്രസിഡന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കര്‍ക്കടകം 15 മുതല്‍ കന്നി 15 വരെ അഭീഷ്ടസിദ്ധിക്കായി നടത്തുന്ന വഴിപാടാണ് വള്ളസദ്യ . ഒരിലയില് 63 തരം വിഭവങ്ങള്‍ അണിനിരത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യയാണ്.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയിലെ വിഭവങ്ങള്‍.
വഴിപാട് നടത്തുന്നയാള്‍ 44 പള്ളിയോടങ്ങളില്‍ ഒന്നിനെ വള്ളസദ്യയ്ക്ക് ക്ഷണിക്കുന്നതോടെ ചടങ്ങിന് തുടക്കമാവും. സദ്യദിനത്തില്‍ വഴിപാടുകാരന് ക്ഷേത്രദര്‍ശനം നടത്തി കൊടിമരത്തിനു മുന്നില്‍ നിറപറയും നിലവിളക്കും ഒരുക്കിവെക്കും. ക്ഷേത്രത്തില്‍നിന്ന് പൂജിച്ചു കിട്ടുന്ന മാല കരയിലെത്തി പള്ളിയോടത്തിന് ചാര്‍ത്തുന്നതാണ് അടുത്തപടി.
48 വിഭവങ്ങളുമായാണ് സദ്യ ആരംഭിക്കുന്നത്. ബാക്കി വിഭവങ്ങള്‍ പാട്ടുപാടി ചോദിച്ചുവാങ്ങുകയാണ് രീതി. പദ്യരൂപത്തില്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വിളമ്പുകാര്‍ എത്തിക്കും.ഊണുകഴിഞ്ഞ് കൈ കഴുകിയ ശേഷം കരക്കാര് വീണ്ടും കൊടിമരച്ചുവട്ടിലെത്തി അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിക്കും.തുടര്‍ന്ന് പള്ളിയോട കരക്കാര് ദക്ഷിണ സ്വീകരിച്ച് വഴിപാടുകാരെ അനുഗ്രഹിക്കുന്നു. വള്ളപ്പാട്ടുപാടി നീങ്ങുന്ന കരക്കാരെ ക്ഷേത്രക്കടവുവരെ വഴിപാടുകാരും അനുഗമിക്കും. കരക്കാര് പള്ളിയോടത്തിലേറി വള്ളപ്പാട്ട് പാടി സ്വന്തം കരകളിലേക്ക് പോവുന്നതോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: