തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന മതി. സംസ്ഥാന സര്‍ക്കാര്‍ കൊറോണ പ്രോട്ടോക്കോളില്‍ പുതിയതായി മാറ്റം വരുത്തിയതിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നു. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.
ഇതുവരെ പിസിആര്‍ പരിശോധന നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളിലും മാറ്റം വരുത്തുന്നത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്രയും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ദുഷ്‌കരമായതിനെ തുടര്‍ന്നാണ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് തവണ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ചായിരുന്നു രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ പിസിആര്‍ ടെസ്റ്റ് ഒരു തവണയെടുത്ത് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം രോഗലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പൊസിറ്റീവ് റിസള്‍ട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം. ഇതില്‍ നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം. എന്നാല്‍ ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് പാലിക്കണം. പൊതു സ്ഥലങ്ങളില്‍ പോവുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നേരിയ രോഗലക്ഷണം മാത്രമുള്ള വ്യക്തികളാണെങ്കിലും ഇത് തന്നെയായിരിക്കും പ്രോട്ടോക്കോള്‍.
കാറ്റഗറി ബിയില്‍ പെട്ട കാര്യമായ രോഗലക്ഷണം കാണിക്കുന്ന രോഗികളാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് റിസള്‍ട്ട് വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തും. ഇത് നെഗറ്റവായാല്‍ മതി ആശുപത്രി വിടാം. തുടര്‍ന്നും ഏഴ് ദിവസം വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണം.
















