ബാലുശ്ശേരി: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം കരിയാത്തുംപാറ മീന്മുട്ടിയില് മലയിടിച്ചിലില്‍ വ്യാപക കൃഷിനാശം. അഞ്ചാം വാര്‍ഡില്‍ അപകട ഭീഷണിയിലുള്ള നാല് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മലയിടിച്ചില്‍ ഉണ്ടായത്. മീന്മുട്ടി റോഡിന്റെ കിഴക്കുഭാഗത്ത് വനമേഖലയില്‍ ആണ് സംഭവം. പാറക്കെട്ടുകള്‍ പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്ക് വന്ന് നില്ക്കുന്ന അവസ്ഥയിലാണ്.
താഴ്വാരത്തുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് കുടുംബങ്ങളെ മാറ്റിയത്. നെടിയപാലക്കല്‍ ദേവസ്യ, പുതുപ്പറമ്പില്‍ ജോസഫ്, പുതുപ്പറമ്പില്‍ ഏലിയാമ്മ, ആക്കാമറ്റത്ത് മറിയം എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. കൂറ്റന്‍ പാറക്കല്ലുകള്‍ വന്ന് പതിച്ച് റബ്ബര്‍, കവുങ്ങ് എന്നിവ നശിച്ചിട്ടുണ്ട്. എസ്റ്റേറ്റ് മുക്ക് സ്വദേശി ഹുസൈന്, നെടിയ പാലക്കല്‍ ദേവസ്യ എന്നിവരുടെ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. വന്‍ശബ്ദത്തോടെയാണ് മലയിടിച്ചില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
സംഭവസമയം മഴ ഉണ്ടായിരുന്നില്ല. മണ്ണും കൂറ്റന്‍ പാറക്കല്ലുകളും കൂടുതല്‍ താഴേക്ക് എത്താത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയും താഴെ ഉള്ള വീട്ടുകാര്‍ രക്ഷപ്പെടുകയുമായിരുന്നു. റവന്യു അധികൃതരും പോലീസും സംഭവസ്ഥലത്ത് എത്തി. കക്കയം ഡാം സൈറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഉണ്ടായ മലയിടിച്ചില്‍ ഗൗരവമായാണ് അധികൃതര്‍ കാണുന്നത്.
കഴിഞ്ഞ വര്‍ഷം കക്കയം ഡാം സൈറ്റ് റോഡില്‍ ഏഴിടങ്ങളില്‍ ചെറിയ ഉരുള്‍പൊട്ടലും ശക്തമായ മണ്ണിടിച്ചിലും ഉണ്ടായിരുന്നു. പവര്‍ സ്റ്റേഷനുള്ളില്‍ മണ്ണും വെള്ളവും കയറി കനത്ത നാശം സംഭവിച്ചിരുന്നു. പ്രളയ ഫണ്ട് വന്‍തോതില്‍ ചിലവഴിച്ചിട്ടും ഡാം സൈറ്റ് റോഡില്‍ തകര്‍ന്ന സ്ഥലം നന്നാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: