കണ്ണൂർ: ഉറുമ്പുകടിയേല്‍ക്കുന്ന മാവിന്‍ ചുവടും മധുരവും പുളിയും നിറയുന്ന മാമ്പഴക്കാലവും ഇല്ലാത്തൊരു ഓര്‍മ്മ മലയാളിക്കന്യമാണ്… മാമ്പഴക്കാലത്തെ ഹൃദയത്തോട് ചേര്‍ത്തു വച്ചൊരു ബാല്യത്തിലേക്ക് ഒരിക്കലെങ്കിലും ഓടിച്ചെല്ലാത്തവരുണ്ടോ?
മലയാളിയുടെ ഓര്‍മകളില്‍ ഉടനീളം അത്രയേറെ പടര്‍ന്നു പന്തലിച്ച് തണലേകുന്നുണ്ട് മാവുകളും മാന്തോപ്പുകളും.
കണ്ടും കേട്ടും രുചിച്ചും അറിഞ്ഞതിനപ്പുറത്തേക്ക് പടര്‍ന്നു പന്തലിച്ചതാണ് നാട്ടുമാവുകളുടെ വൈവിധ്യം. ഈ മാമ്പഴ രുചികളെ ചേര്‍ത്ത് പിടിച്ച് മാമ്പഴ ഗ്രാമമാകാനൊരുങ്ങുകയാണ് കണ്ണപുരം. ഇതോടെ ലോകത്തുതന്നെ നൂറിലധികം നാട്ടുമാവുകള്‍ സ്വാഭാവിക നിലയില്‍ കാണപ്പെടുന്ന ഏക ഹെറിറ്റേജ് സെന്റര്‍ ആകും കണ്ണപുരത്തിന്റ കിഴക്കന്‍ പ്രദേശമായ ചുണ്ട കുറുവക്കാവ് പരിസരം. ജൂലൈ 22 മാമ്പഴ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി ഈ കൊച്ചു ഗ്രാമത്തെ പ്രഖ്യാപിക്കും.
വരും തലമുറക്ക് നാട്ടുമാവുകളുടെ രുചി പകരാന്‍ കണ്ണപുരം പഞ്ചായത്ത് നാല് വര്‍ഷത്തോളമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാടന്‍ മാവ് ഗ്രാമം. കണ്ണപുരം മാങ്ങ, വെല്ലത്താന്‍, മൂവാണ്ടന്‍, മധുരക്കോട്ടി, മഞ്ഞ ചോപ്പന്‍, വടക്കന്‍ മധുര കടുക്കാച്ചി, അങ്ങിനെ എണ്ണിയാല്‍ തീരാത്ത മാവിനങ്ങളുണ്ട് കണ്ണപുരത്ത്. കണ്ണപുരം ചുണ്ട പ്രദേശത്ത് കുറുവക്കാവിന് സമീപത്ത് 200 മീറ്റര്‍ ചുറ്റളവില്‍ മാത്രം 500ല്‍ അധികം മാവുകളില്‍ വൈവിധ്യമാര്‍ന്ന 107 നാട്ടുമാവിനങ്ങള്‍ ഉള്ളതായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തുടര്‍ പഠനങ്ങളും നടന്നുവരികയാണ്. തൃശ്ശൂര്‍ വെള്ളാനിക്കര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും, കരിമ്പം കൃഷിഫാമിലും, തൃശ്ശൂര്‍ മണ്ണൂത്തി കാര്‍ഷിക കോളേജിലും ഇതുവരെ ശേഖരിച്ച് സംരക്ഷിച്ചു വെച്ചിട്ടുള്ള നാട്ടുമാവുകളുടെ എണ്ണം 70ല്‍ താഴെ ഇനങ്ങള്‍ മാത്രമാണ് എന്നത് കണ്ണപുരത്തിന്റെ മാമ്പഴ പൈതൃകത്തിന് മാധുര്യം കൂട്ടുന്നു. നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്സ് (എന്‍ ബി പി ജി ആര്‍) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ജോണ്‍ ജോസഫ് പദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുമുണ്ട്.
കണ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാട്ടു മാഞ്ചോട്ടില്‍ കൂട്ടായ്മ കഴിഞ്ഞ 5 വര്‍ഷമായി കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും നാട്ടുമാവുകളെക്കുറിച്ച് പഠനം നടത്തുകയും, ചിത്രം സഹിതം ഓരോ ഇനങ്ങളെ തരംതിരിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ക്കായി മാവുകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്ന ഷൈജു മാച്ചാത്തി പറയുന്നു.
203 ഇനം നാട്ടുമാങ്ങകളെക്കുറിച്ചാണ് കണ്ണപുരത്ത് ഇതുവരെ പഠനം നടത്തിയത്. മാമ്പഴം രുചിച്ച് നോക്കിയ ശേഷമായിരുന്നു നാമകരണം. കുറുവക്കാവിന്റെ പരിസരത്തെ ഇരുപതോളം വീടുകളില്‍ സംരക്ഷിച്ചുവരുന്ന നൂറില്‍ അധികം ഇനം മാവുകള്‍ക്ക് അവയുടെ പേരും പ്രത്യേകതയും മാമ്പഴത്തിന്റെ ചിത്രവും സഹിതം ടാഗ് ചെയ്ത് പ്രദേശത്തിന്റെ ഒന്നാകെയും പ്ലോട്ടുകളുടെ പ്രത്യേകമായും മാപ്പിംഗ് നടത്തിയാണ് ഹെറിട്ടേജ് സൈറ്റ് പ്രഖ്യാപനം. നാട്ടുമാഞ്ചോട്ടില്‍ വെബ്സൈറ്റ് വഴി പ്രദേശത്തെ മാവിനങ്ങളെക്കുറിച്ച് പഠിക്കാനും തൈകള്‍ ശേഖരിക്കാനും രുചി വൈവിധ്യം ആസ്വദിക്കാനും അവസരമൊരുക്കുന്നതിനൊപ്പം സംരക്ഷണത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്താനുമാണ് ഉദ്ദേശം.
അതോടൊപ്പം ഹെറിറ്റേജ് ടൂറിസം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണപുരം ഗ്രാമത്തിന്റെ നന്മകള്‍ അനുഭവിച്ചറിയാന്‍ പ്രത്യേകമായൊരു ഹെറിട്ടേജ് വാക്ക് ആസൂത്രണം ചെയ്യും. ഹരിത കേരള മിഷന്റെയും, ബയോഡൈവേര്‍സിറ്റി ബോര്‍ഡിന്റെയും, ഉത്തരവാദിത്ത ടൂറിസം മിഷന്റെയും സഹകരണം ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: