കൊല്ലം: സ്വകാര്യബസുകള്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു. ചെലവുവര്ധിച്ചതും വരുമാനം ഇടിഞ്ഞതുമാണ് കാരണം. ജില്ലയില്‍ രണ്ടായിരത്തോളം സ്വകാര്യബസുകളാണ് ഓടുന്നത്. ഇതില്‍ 30 ശതമാനം മാത്രമാണ് ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തിയ ജൂണില്‍ ഓടിയത്. ഇപ്പോള്‍ ഒരുമാസമായി ഇത് പത്തുശതമാനമാണ്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് സര്‍വീസ് നിര്‍ത്താനുള്ള പ്രധാനകാരണം. നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നെങ്കിലും യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. സ്വകാര്യസ്ഥാപനങ്ങളിലെ ജോലിക്കാരും സ്കൂള്‍-കോളേജ് വിദ്യാര്‍ഥികളും കശുവണ്ടിഫാക്ടറി തൊഴിലാളികളും ഇതരസംസ്ഥാനതൊഴിലാളികളും മറ്റുമായിരുന്നു ഏറെയും യാത്രക്കാര്‍. ഇവരെല്ലാവരും ഇപ്പോള്‍ വീടുകളില്‍ അടച്ചിരിപ്പായതോടെ ബസില്‍ പകുതി സീറ്റ് പോലും നിറയുന്നില്ല. അതിനിടെയാണ് കോവിഡ് വ്യാപന ഭീതിയില്‍ പല പ്രധാന കേന്ദ്രങ്ങളും കണ്ടൈന്‍മെന്റ് സോണാക്കിയത്.
ചവറയില്‍ നിന്നും ഇളമ്പള്ളൂരില്‍ നിന്നും ഓടുന്ന ബസുകളില്‍ യാത്രക്കാര്‍ തീരെയില്ലാതായി. ജീവനക്കാരെ നാലില്‍നിന്നും രണ്ടായി വെട്ടിക്കുറച്ചും ചെലവുകള്‍ ക്രമീകരിച്ചും അതിജീവനത്തിനായി ബസുടമകള്‍ പരിശ്രമിച്ചെങ്കിലും ഫലം കാണാതായതോടെയാണ് മോട്ടോര്വാഹനവകുപ്പിലേക്ക് ജി സെവന് ഫോം കൊടുക്കാന്‍ തീരുമാനിച്ചത്. ഓട്ടം നിര്‍ത്തുന്നത് ഔദ്യോഗികമായി അറിയിക്കുന്ന രേഖയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: