കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ക്കടകവാവ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പുണ്യസ്നാന ഘട്ടങ്ങളിലൊന്നും ഇത്തവണ ബലിതര്‍പ്പണം നടന്നില്ല. നിയന്ത്രണങ്ങള്‍ വന്നതോടെ പിതൃപരമ്പരയുടെ മോക്ഷപ്രാപ്തിക്കായി ഹൈന്ദവ വിശ്വാസികള്‍ സ്വന്തം വീടുകളിലാണ് ബലിതര്‍പ്പണം നടത്തിയത്.
പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ ദര്‍ഭയും നീരും ചേര്‍ത്ത് അവര്‍ ബലിച്ചോര്‍ നിവേദിച്ചു. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ആചാര്യന്മാര് പത്രമാധ്യമങ്ങളിലൂടെയും ഓണ്‍ലൈനായും വിശ്വാസികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.
പിതൃപ്രീതി തേടി എല്ലാ വര്‍ഷവും ആയിരങ്ങളാണ് പുണ്യതീര്ഥങ്ങളില് എത്താറുള്ളത്. എന്നാല്‍ കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇത്തവണ കര്‍മങ്ങളെല്ലാം വീടുകളിലായി. പതിനായിരങ്ങള്‍ പിതൃതര്‍പ്പണത്തിന് എത്തിയിരുന്ന കൊല്ലം തിരുമുല്ലവാരം, മുണ്ടയ്ക്കല്‍, അഷ്ടമുടി വീരഭദ്ര ക്ഷേത്രം മുതലായ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീര്‍ഥഘട്ടങ്ങളും ഇക്കുറി വിജനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: