കൊച്ചി: വിദേശ കമ്പനികള്‍ക്ക് നല്കിയ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മാനദണ്ഡങ്ങള്‍ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ കരാറുകള്‍ നല്കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സി(പിഡബ്ല്യുസി)ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന് പ്രൈവറ്റ് ലിമിറ്റഡുമായി അടുത്ത ബന്ധം. പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 മുതല്‍ ജെയ്ക് വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്.
നേരത്തെ ഈ വിവരം കമ്പനിയുടെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. സ്പ്രിങ്ക്ളര്‍ കരാര്‍ വിവാദമായപ്പോള്‍ വീണയുടെ പേരും ഉയര്‍ന്നുകേട്ടു. ഇതിന് പിന്നാലെ വെബ്സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി. വീണ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടര്‍. ഏകാംഗ ഡയറക്ടര്‍ കമ്പനികള്‍ രാജ്യത്ത് നിരവധിയുണ്ടെങ്കിലും ബഹുരാഷ്ട്ര കമ്പനികളുടെ ഡയറക്ടര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിക്കുക പതിവില്ല. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തില്‍ എക്സാലോജിക് സമര്‍പ്പിച്ച വരവു-ചെലവ് കണക്കില്‍ ജെയ്ക് ബാലകുമാറിന് ശമ്പളം കൊടുക്കുന്നതായി പറയുന്നില്ല. വ്യവസായ ഇടനാഴി, കെ ഫോണ്‍, ഇ ബസ്, ഇ മൊബിലിറ്റി തുടങ്ങിയ പദ്ധതികള്‍ക്കാണ് ടെന്‍ഡര്‍ പോലുമില്ലാതെ പിഡബ്ല്യുസിക്ക് കോടിക്കണക്കിന് രൂപയുടെ കരാര്‍ നല്‍കിയത്. മകളുടെ കമ്പനിക്ക് സൗജന്യ കണ്‍സള്‍ട്ടന്‍സി നല്കുന്നതിനാലാണ് ഈ ഔദാര്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ ഒരുലക്ഷത്തിന് മുകളില്‍ ശമ്പളത്തോടെ നിയമനം നല്‍കാനും പിഡബ്ല്യുസി ഇടപെട്ടു. ഇത് സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പിഡബ്ല്യുസി ഇറക്കിയ പത്രക്കുറിപ്പിലും സമ്മതിച്ചിരുന്നു. നിയമനത്തില്‍ ഐടി വകുപ്പിന് പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍, ഐടി സെക്രട്ടറി ശിവശങ്കറാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വീണയ്ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന് പരമാധികാരം നല്‍കിയതെന്നും ആരോപണമുണ്ട്.
വിവാദമായതോടെ ഇ മൊബിലിറ്റി പദ്ധതിയില്‍നിന്ന് പിഡബ്ല്യുസിയെ സര്‍ക്കാര്‍ ഒഴിവാക്കി. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും മകളുടെ കമ്പനിയിലേക്കും എത്താതിരിക്കാനാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: