ശൈവയോഗികളുടെ കാലാതീതമായ ആത്മീയോപാസനയും സര്‍ഗജീവിതവുമാണ് ദക്ഷിണേന്ത്യയുടെ നവോത്ഥാന സംസ്കൃതിക്ക് ഊര്‍ജം പകര്‍ന്നത്. അഞ്ചിനും പത്തിനുമിടയ്ക്കുള്ള ശതകങ്ങളില്‍ ശൈവാരാധനയുടെയും ഭക്തിവിചിന്തനത്തിന്റെയും അത്യുദാത്തമായ ആത്മീയകലകള്‍ വളര്‍ച്ചനേടുകയായിരുന്നു. നായനാര്‍ കവികള്‍ എന്നറിയപ്പെട്ട യോഗാത്മക കവികളുടെ പ്രതിഭായത്നം തമിഴ്ഭാഷയുടെയും സംസ്ക്കാരത്തിന്റെയും സാഹിത്യാദികലകളുടെയും വെള്ളിവെളിച്ചം പകരുകയായിരുന്നു.
അറുപത്തിമൂന്ന് ‘നായനാര്‍ കവി’കളില്‍ (തിരുനാവക്കരശ് നായനാര്‍) സംബന്ധര്‍ (തിരുജ്ഞാന സംബന്ധര്‍) സുന്ദരര്‍ (സുന്ദരമൂര്‍ത്തി നായനാര്‍)എന്നീ ഋഷിപ്രതിഭകള്‍ അതുല്യമായ സ്ഥാനം നേടി. എട്ടാം നൂറ്റാണ്ടില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച ‘തിരുത്തൊണ്ടര്‍ തൊഗൈ’ എന്ന ഗ്രന്ഥത്തില്‍ പതിമൂന്ന് നായനാര്‍ കവികളുടെയും ജീവിതചിത്രമുണ്ട്. പതിമൂന്നാം ശതകത്തിലെ ‘പെരിയ പുരാണത്തിലും’ ശിവയോഗികളുടെ സംന്യാസകഥ കാണാം. വിവിധ കാലഘട്ടത്തില്‍ നാനാ സമുദായത്തിലും സാമൂഹ്യ സാഹചര്യങ്ങളിലുമാണ് ഈ മഹാകവികള്‍ ജീവിച്ചതെങ്കിലും ജ്ഞാനപ്രകാശത്തിന്റെ അദൈ്വതസ്വരമാണ് അവര്‍ ആലപിച്ചത്.
ചോഴനാട്ടിലെ ശീര്‍കഴി ഗ്രാമത്തില്‍ പിറന്ന തിരുജ്ഞാനസംബന്ധരുടെ മാതാപിതാക്കന്മാര് ഭഗവതിയും ശിവപാദവിരുതയരുമാണ്. ആ ജീവിതകഥ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പരിവേഷമണിയുന്നു. ജൈനമത സ്വാധീനത്തിലാണ് വളര്‍ന്നതെങ്കിലും ശിവഭക്തിയുടെ ശീതളച്ഛായയിലായിരുന്നു കുടുംബം. മൂന്നാം വയസ്സില്‍ തന്നെ സംബന്ധര്‍ മഹാദേവാനുജ്ഞയില്‍ ശ്രീപാര്‍വതിയില്‍ നിന്ന് ‘ജ്ഞാനപ്പാല്‍’ സ്വീകരിച്ചെന്നാണ് ഐതിഹ്യം. ശൈശവബാല്യങ്ങളില്‍ തന്നെ ‘തിരുജ്ഞാന’ പഥത്തിലായിരുന്നു സംബന്ധര്‍ എന്ന ഭാവാര്‍ഥതലമാണ് ഈ കഥ അനാവരണം ചെയ്യുന്നത്. ആര്‍ഷപ്രോക്തമായ ഭക്തിജ്ഞാനത്തിലും സംഗീതശാസ്ത്രത്തിലും അഗ്രിമസ്ഥാനം നേടിയ തിരുജ്ഞാനസംബന്ധരുടെ തമിഴ്ഭക്തി ഗീതകങ്ങളാണ് ‘തിരുപ്പതികം’. ക്ഷേത്രസന്ദര്ശനവേളകളില് ‘കിണ്ണാര’മെന്ന താളവാദ്യം മുഴക്കി സംബന്ധരും അനുയായികളും ‘തിരുപ്പതികങ്ങള്‍’ പാടുക പതിവായിരുന്നു. ‘തിരുക്കോലക്ക’, ‘തിരുവലംപുരം’, ‘തിരുപ്പല്ലവനീശ്വരം’, ‘തിരുച്ചായ്ക്കാട്’ തുടങ്ങിയ ശിവാലയങ്ങളിലെ സംഗീതാര്‍ച്ചന ജനമനസ്സുകളില്‍ ഭക്തിമുക്തിയുടെ ആന്ദോളനമായി. ‘ഭഗവാന്റെ പുത്രന്’ എന്ന അര്‍ഥത്തില്‍ ‘ആളുടയ പിള്ളയാര്‍’ എന്ന് വാഴ്ത്തി സംബന്ധരെ സമൂഹം വന്ദിക്കുകയായിരുന്നു.
ജാതിവിവേചനത്താല്‍ ക്ഷേത്രങ്ങളില്‍ അകറ്റി നിര്‍ത്തിയിരുന്ന തിരുനീല കണ്ഠപെരുംപാണരേയും തന്റെ തിരുപ്പതി കാലാപനത്തിന് പശ്ചാത്തലമായി ‘യാഴ്’ മീട്ടാന്‍ ക്ഷണിച്ച സംബന്ധര്‍ അവരെ തീര്‍ഥയാത്രകളില്‍ സംഘത്തോടൊപ്പം ചേര്‍ക്കുകയായിരുന്നു. വിവിധ ക്ഷേത്രാടനങ്ങളില്‍ നിന്നും വിസ്മയകരമായ വിഭൂതി നേടി സംബന്ധര്‍ ശീര്‍കഴിയില്‍ മടങ്ങിയെത്തി. പിന്നീട് നടന്നത് കവി ഗുരുവിന്റെ ഉപനയനമായിരുന്നു. വേദജ്ഞാനാധിഷ്ഠിതമായ തിരുപ്പതികം പാടി ഭക്തജന മാനസം കീഴടക്കി. ജൈനമതം പ്രബലമായിരുന്ന പാണ്ഡ്യനാട്ടിലും ബുദ്ധമതകേന്ദ്രമായ ബോധിമങ്കൈയിലും സംബന്ധര്‍ ശൈവ വിശ്വാസത്തിന്റെ മഹാഗ്നി ജ്വലിപ്പിച്ചത് സദ്സംഗത്തിലൂടെയും വാദപ്രതിവാദത്തിലൂടെയുമാണ്.
പെരുമണം ക്ഷേത്രത്തില്‍ ജ്ഞാനസംബന്ധര്‍ അരുനിധിയെ വിവാഹം ചെയ്തെന്നും ആ മംഗള മുഹൂര്‍ത്തില്‍ തന്നെ ഇരുവരും ജ്യോതിര്‍ലിംഗരൂപിയായ സര്‍വേശ്വരനില്‍ വിലയിച്ചെന്നുമുള്ള പഴങ്കഥയുണ്ട്. ലൗകികപ്രത്യയങ്ങളെ അലൗകികാനുഭൂതിയായി പരിണമിപ്പിക്കുന്ന അറിവനുഭവാവിഷ്കാരമാണ് കഥാസൂചനയുടെ ഭാവതലം. തമസ്സില് നിന്ന് ജ്യോതിസ്സിലേക്കുള്ള പ്രയാണമായിരുന്നു ‘ജ്ഞാനപ്പാലില്‍’ ഒഴുകി നീന്തിയ സംബന്ധരുടെ അതിജീവിതം. ആര്‍ഷധര്‍മത്തിനപ്പുറമൊന്നും തേടാനില്ലെന്ന ആ ദിവ്യസന്ദേശം ഇന്നും ഭാരതീയാധ്യാത്മ വിദ്യയുടെ സംഗ്രഹപാഠമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: