തിരുവനന്തപുരം: കൊറോണ അതിവ്യാപനത്തിന്റെ ഉത്തരവാദി പിണറായി സര്‍ക്കാരാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഉറവിടമറിയാത്ത സമൂഹ വ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ഖ്യാതി കേരളം നേടിക്കഴിഞ്ഞു. കൊറോണ പ്രതിരോധത്തില്‍ ഒന്നാമതാണെന്ന് വിദേശ മാധ്യമങ്ങളുടെ മുന്നില്‍ കള്ളപ്രചണം നടത്തിയ സര്‍ക്കാരിന് ഇപ്പോള്‍ ജനങ്ങളോട് പറയേണ്ടിവന്നു. പിആര്‍ വര്‍ക്കുകൊണ്ടല്ല കൊറോണയെ നേരിടേണ്ടതെന്നും അദേഹം പ്രസ്താവിച്ചു.
ഉറവിടമറിയാത്ത സമൂഹ വ്യാപനമുണ്ടായതായി സ്ഥിരീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളംമാറി. ഇങ്ങനെയൊരവസ്ഥ മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിയന്ത്രിത സമൂഹ വ്യാപനമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. പക്ഷേ കേരളത്തിലേതുപോലുള്ള സമൂഹ വ്യാപനം മറ്റൊരിടത്തും ഉണ്ടായിട്ടില്ല. കൊറോണ രോഗ പ്രതിരോധത്തില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളതെന്ന് ന്യുയോര്‍ക്ക് ടൈംസിന്റെയും ബിബിസിയുടേയും മറ്റ് വിദേശ മാധ്യമങ്ങളുടേയും മുന്നില്‍ കള്ളപ്രചരണം നടത്തിയ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ യാഥാര്‍ഥ്യം ജനങ്ങളോട് തുറന്ന് പറയേണ്ടിവന്നെന്നും കുമ്മനം പറഞ്ഞു.
പിആര്‍ വര്‍ക്കുകൊണ്ടല്ല, ശാസ്ത്രീയവും ആസൂത്രിതവും കര്‍ക്കശവുമായ പ്രതിരോധ നടപടികളിലൂടെ രോഗ വ്യാപനത്തെ തടയുവാന്‍ കഴിയണം.രോഗ പരിശോധന നടത്തുന്നതില്‍ വന്ന കുറ്റകരമായ വീഴ്ചയാണ് വ്യാപനത്തിന് കാരണം. പ്രവാസികളിലാണ് രോഗികള്‍ ഏറെയുള്ളതെന്ന വാദം ഉന്നയിച്ചതിലൂടെ നാട്ടിലെ രോഗവ്യാപനത്തെ തമസ്ക്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. രോഗികളില്‍ 90 ശതമാനം പേരും ഇപ്പോള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണെന്നും അദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷിത അകലം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാരിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ തൊട്ടടുത്തു തന്നെ ആയിരങ്ങള്‍ തിങ്ങിക്കൂടാന്‍ അവസരമൊരുക്കിയത് അക്ഷന്തവ്യമായ അപരാധമാണ്. ഇഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകള്‍ക്കായി എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് കൂട്ടംകൂടി നില്‍ക്കേണ്ട അവസ്ഥയുണ്ടായി. തലസ്ഥാനം അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇതിന് ഉത്തരം പറയേണ്ടതെന്നും കുമ്മനം പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: