മാനന്തവാടി: 2017 ല്‍ ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തികള്‍ തുടങ്ങിയ ബംഗളൂരു, മൈസൂര്‍, ഗൂഡല്ലൂര്‍ നിലമ്പൂര്‍, മലപ്പുറം ദേശീയ പാതയുടെ അലൈന്മെന്റ് വയനാട്ടിലൂടെമാറ്റി അംഗീകാരം ലഭിച്ചതില്‍ വടക്കെ വയനാടിന് വികസന പ്രതീക്ഷ.ബംഗളൂരില്‍ നിന്നും തുടങ്ങി മാണ്ട്യ,മൈസൂര്‍,നീലഗിരി,നിലമ്പൂര്‍, വഴി മലപ്പുറത്ത് എത്തിച്ചേരുന്ന 323 കി.മീ.ദൂരമുള്ള റോഡിനായിരുന്നു രണ്ട് ഘട്ടങ്ങളായി നിര്‍മിക്കാന്‍ 2017 ല്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ആദ്യഘട്ട നിര്‍മാണം ബംഗളൂരു മൈസൂര്‍ പാത പ്രവൃത്തികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകകയാണ്.
മൈസൂര്‍, മലപ്പുറം പാത രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയത്.എന്നാല്‍ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നു പോവേണ്ടതിനാല്‍ വന്യജീവി സംരക്ഷണ നിയമവും രാത്രി യാത്രാ നിരോധനവും വനത്തില്‍ വന്‍ തോതില്‍ വേണ്ടി വരുന്ന നിര്‍മാണവും എല്ലാം പരിഗണിച്ചാണ് ഗുഡലൂര്‍ അലൈന്മെന്റ് മാറ്റി വയനാട് വഴി പുതിയ അലൈന്‍മെന്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.പുതിയ അലൈന്മെന്റ് പ്രകാരം മൈസൂര്‍, തിത്തിമത്തി, കുട്ട, മാനന്തവാടി, കല്‍പ്പറ്റ, അടിവാരം, കൂളിമാട്,വള്ളുവമ്പ്രം വഴിയാണ് മലപ്പുറത്തേക്ക് എത്തിച്ചേരുന്നത്.
വന്യജീവി സങ്കേതങ്ങളിലൂടെയുള്ള പാത ഒഴിവാക്കുക,കുറ്റിയാടി,താമരശ്ശേരിചുരം റോഡുകളിലൂടെ എത്തുന്നവര്‍ക്ക് ഒരേപോലെ പ്രയോജനപ്പെടുത്തുക,ഗ്രാമീണറോഡുകള്‍ വഴി ഗ്രാമങ്ങളെ വികസനപാതയിലെത്തിക്കുക, റോഡ് നിര്‍മാണം എളുപ്പത്തിലാക്കുക തുടങ്ങിയ ഗുണങ്ങളാണ് അലൈന്മെന്റ് മാറ്റത്തിലൂടെ സാധ്യമാവുന്നത്. 2022 ല്‍ പ്രവൃത്തകിള് പൂര്‍ത്തീകരിക്കുവാനാണ് പ്രൊജക്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പാതയുടെ അംഗീകരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രിയാത്രാ നിരോധനം നിലവിലുള്ള ദേശീയ പാത 766 ന് പകരമായിട്ടാണ് പുതിയ പാതയെന്ന നിലക്കുള്ള പ്രചരണങ്ങള്‍ വ്യാപകമാണ്.
എന്നാല്‍ അത്തരം ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് പറയാന്‍ കഴിയുക . കേന്ദ്രസര്‍ക്കാരിന്റെ ഭാരത്മാലാ പരിയോജനാ വെബ്സൈറ്റില്‍ 2017 ല്‍ പദ്ധതിയിലുള്‍പ്പെടുത്തിയ റോഡിന്റെ വിവരണങ്ങളില്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: