ബാലുശ്ശേരി: പിതാവിന്റെ മര്‍ദ്ദനത്തെതുടര്‍ന്ന് മരണപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി കിനാലൂര്‍ പൂവ്വമ്പായ് അരയടത്ത് വയല്‍ അലന് (17) നാട് കണ്ണീരോടെ വിട നല്കി. ഭൗതികദേഹം ഇന്നലെ രാത്രി ഏഴരയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
കൊറോണ രോഗ വ്യാപനത്തിന്റെ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്ന് ചുരുക്കം ആളുകള്‍ മാത്രമാണ് സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തത്. നിയന്ത്രണം കാരണം ബാലുശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സഹപാഠികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് അലനെ അവസാനമായി ഒരു നോക്ക് കാണാനായില്ല. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് മദ്യപിച്ചെത്തിയ അച്ഛന്റെ അടിയേറ്റ് അലന്റെ മരണം സംഭവിച്ചത്.
സംഭവസ്ഥലത്ത് നിന്ന് പിതാവ് വേണുവിനെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും 302 വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താമരശ്ശേരി കോവിഡ് ഡിറ്റക്ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. താമരശ്ശേരി ഡിവൈഎസ്പി ടി. അഷ്റഫ്, ബാലുശ്ശേരി സിഐ ജീവന് ജോര്‍ജ്ജ്, എസ്ഐ പ്രജീഷ്, എഎസ്ഐമാരായ മനോജ്, മധു മുത്തേടത്ത്, സീനിയര്‍ സിപിഒ റിനീഷ്, സയന്റിഫിക് ഓഫീസര്‍ ഇസ്ഹാഖ് എന്നിവര്‍ സ്ഥലെത്തെത്തി മഹസര്‍ തയ്യാറാക്കി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തുവെങ്കിലും പിതാവിനെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ഇന്ന് സംസാരിച്ചതിനു ശേഷമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: