തൃശൂര്‍: കോര്പ്പറേഷന് രാമവര്‍മ്മപുരത്ത് നിര്‍മ്മിക്കുന്ന 100 കെഎല്‍ഡി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനു മേയര്‍ മുന്‍കൂര്‍ അനുമതി നല്‍കിയത് വിവാദമാകുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള വയോജന കേന്ദ്രമായ സ്നേഹവീട്ടിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ജനവാസ മേഖലയായ ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല.
പദ്ധതി നടപ്പാക്കാന്‍ 2.09 കോടി രൂപ മുടക്കുന്നതിനു പുറമേ, ആദ്യ രണ്ടു വര്‍ഷം 5.10 ലക്ഷം രൂപയും തുടര്‍ന്നുള്ള വര്‍ഷം 5.40 ലക്ഷം രൂപയും അഞ്ചാം വര്‍ഷം ആറു ലക്ഷം രൂപയും നല്‍കണം. ഹൈദരാബാദിലെ ഗ്രീന്‍ ഇക്കോ വാട്ടര്‍ സിസ്റ്റംസിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനി എന്ന നിലയിലാണ് ഗ്രീന്‍ ഇക്കോ വാട്ടര്‍ സിസ്റ്റംസിനു കരാര്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് കമ്പനിക്കു സെലക്ഷന് മെമ്മോ നല്‍കിയതാണ്. ഇതനുസരിച്ച് 14 ദിവസത്തിനകം കരാറില്‍ ഒപ്പുവയ്ക്കേണ്ടതായിരുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 10.45 ലക്ഷം രൂപയും പെര്‍ഫോമന്‍സ് ഗ്യാരണ്ടിയായി 37.48 ലക്ഷം രൂപയും അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുക അടയ്ക്കുകയോ കരാറില്‍ ഒപ്പുവയ്ക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോള്‍ കമ്പനി തുക അടച്ച് കരാര്‍ നടപ്പാക്കാന്‍ തയ്യാറാണെന്നും കരാര്‍ റദ്ദാക്കരുതെന്നു കോര്‍പ്പറേഷനെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കക്കൂസ് മാലിന്യ സംസ്കരണ പദ്ധതി കോര്‍പ്പറേഷനില്‍ സജീവമായത്.
വിഷയം കൗണ്‍സില്‍ പരിഗണനയ്ക്ക് വന്നപ്പോഴെല്ലാം ഇതിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രമാക്കി വയോജനങ്ങള്‍ താമസിക്കുന്ന സ്നേഹവീടിനെ മാറ്റാനാവില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: