കോഴിക്കോട്: പോലീസ് ചമഞ്ഞ് ഇതരസംസ്ഥാനത്തൊഴിലാളിയില് നിന്ന് പണം പിടിച്ചുപറിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. അത്തോളി പുനത്തില്‍താഴം വീട്ടില്‍ പി.ടി. ജാബിര്‍ എന്ന ജാഫര്‍ (47), ഉള്ള്യേരി നാറാത്ത് തൊണ്ടിപുറത്ത് വീട്ടില്‍ കെ.കെ.വി. ഫൈസല്‍ (41) എന്നിവരാണ് പിടിയിലായത്.
ജൂലൈ ആറിന് രാത്രി 8.25നാണ് സംഭവം. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്റെ നവീകരണ ജോലിക്ക് വന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ അഖിലേഷ് യാദവിനെ തടഞ്ഞു നിര്‍ത്തി പണം കവരുകയായിരുന്നു. വെളുത്ത ആക്ടീവ സ്കൂട്ടറിലെത്തിയ പ്രതികള്‍ പോലീസ് ക്ലബിനു മുമ്പില്‍ വെച്ച് പോലീസ് ആണെന്ന് പറഞ്ഞ് അഖിലേഷ് യാദവിനോട് ഐഡി കാര്‍ഡ് ചോദിക്കുകയും ദേഹപരിശോധന നടത്തുകയും ചെയ്തു.
പോക്കറ്റിലെ പേഴ്സില്‍ കഞ്ചാവാേേണായെന്ന് ചോദിച്ച് പേഴ്സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന 11,000 രൂപ എടുക്കുകയും അഖിലേഷിനെ തട്ടിമാറ്റി സ്കൂട്ടര്‍ ഓടിച്ചുപോവുകയുമായിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് എസ്. ദാസിന്റെ നിര്‍ദ്ദേശത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബു, കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്ഐ വി. സിജിത്ത്, എഎസ്െഎമാരായ സന്തോഷ്കുമാര്‍, മനോജ്, സീനിയര്‍ സിപിഒ രമേഷ്ബാബു എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വെളള ആക്ടീവ സ്കൂട്ടറില്‍ എത്തിയവരാണ് പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞു. പ്രതികള്‍ അത്തോളിയില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസഐ സിജിത്തും സംഘവും സ്ഥലത്തെത്തുകയും 19ന് ഉച്ചയ്ക്ക് 12.30ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബീവറേജ് ഔട്ടലെറ്റ് കുത്തിത്തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ച കേസിലെയും മറ്റു നിരവധി പിടിച്ചുപറി മോഷണകേസുകളിലെയും പ്രതിയാണ് ജാബിര്‍. എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കോഴിക്കടയില്‍ നിന്ന് പണം തട്ടിപറച്ച് കടന്നു കളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് ഫൈസല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: