തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണക്കടത്തിലെ പ്രതികളുടെ ഉന്നത ബന്ധം പുറത്ത് വന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും വിവാദത്തില്‍. യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ഗണ്‍മാനെ നിയമിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപണം. കേന്ദ്ര വിദേശകാര്യ പ്രോട്ടോകോള്‍ ലംഘിച്ചാണ് അറ്റാഷെയ്ക്ക് ഗണ്‍മാന്റെ സേവനം നീട്ടി നല്‍കിയതെന്നും തെളിവുകള്‍.
കേന്ദ്ര വിദേശകാര്യ വകുപ്പ് പ്രോട്ടോക്കോളിലെ ഇരുപത്തിരണ്ടാം അധ്യായത്തില്‍ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് മാത്രമാണ് നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം. വിദേശകാര്യവകുപ്പിലെ പ്രോട്ടോക്കോള്‍ II സെക്ഷനാണ് നയതന്ത്ര പ്രതിനിധികള്‍ക്ക് ആവശ്യാനുസരണം സുരക്ഷ നല്‍കാനുള്ള ചുമതല. ഇവര്‍ വഴിയല്ലാതെ വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലയ്ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ തേടാന്‍ പാടില്ല.
സംസ്ഥാനത്ത് ഒരു വ്യക്തിക്ക് പോലീസ് സംരക്ഷണം നല്കണമെങ്കില് സംസ്ഥാന സെക്യൂരിറ്റി കമ്മിറ്റിയുടെ നിര്‍ദേശം ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നല്‍കണം. അത് ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയും വേണം. മാത്രമല്ല മറ്റ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള ഇത്തരം സുരക്ഷ തീരുമാനിക്കുന്നതിന് പ്രധാനമായും റെസിപ്രോസിറ്റി രീതിയാണ് വിദേശകാര്യമന്ത്രാലയം സ്വീകരിക്കുന്നത്. ആ രാജ്യങ്ങളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് സമാന സേവനം ആ രാജ്യങ്ങള്‍ നല്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. 2017 ജൂണ്‍ 27 ന് ജയഘോഷിനെ ആദ്യമായി നിയമിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് മാത്രമാണ് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയത്.
തുടര്‍ന്ന് 07/07/2018, 14/01/2019 നും ഓരോ വര്‍ഷം വച്ച് സമയം ഡിജിപി നേരിട്ട് നീട്ടിക്കൊടുത്തു. ഈ സമയ പരിധിയും തീരാറായപ്പോള്‍ 18/12/2019 ന് കോണ്‍സുല്‍ ജനറല്‍ വീണ്ടും നേരിട്ട് സംസ്ഥാന ഡിജിപിക്ക് കത്ത് അയച്ചു. ആ കത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിപി 08/01/2020 ന് ഡിജിഒ 34 /2020 ഉത്തരവ് പ്രകാരം ജയഘോഷിന്റെ സേവനം ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്കി. വിദേശകാര്യ മന്ത്രാലയം വഴിയല്ലാതെ നയതന്ത്ര പ്രതിനിധിയുടെ നേരിട്ടുള്ള ആവശ്യം പരിഗണിക്കരുതെന്ന ചട്ടവും ലംഘിച്ചു.
അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്ബാലചന്ദ്രന്റെ മാഗസിന് ഡിജിപി ഫോട്ടോഷൂട്ട് നടത്തിയതും വിവാദമായിട്ടുണ്ട്. ഇയാളുടെ മാഗസിനുവേണ്ടി ഒരു ദിവസം മുഴുവനും അനുവദിച്ചു. മാത്രമല്ല സ്വപ്ന സുരേഷുമായി സൗഹൃദമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചത് ഓള് ഇന്ത്യ സിവില്‍ സര്‍വീസ് റൂള്‍ ലംഘനമെന്ന് ചീഫ് സെക്രട്ടറിയുടെ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: