പാലാ: ഈ കര്‍ക്കിടകത്തിലെ രാമായണ മാസചരണ തുടക്ക സന്ധ്യയില്‍ സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിനാളുകളിലേക്ക് അലീനിയാ മോള് സെബാസ്റ്റ്യന്‍ ഈ ഭക്തിഗാനം പാടി വീഡിയോയിലാക്കി അയച്ചു കൊടുക്കുകയായിരുന്നു.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ദേവസ്വം അധികാരികള്‍, പാലാ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രം ദേവസ്വം പ്രതിനിധികള്‍ എന്നിവരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രമുഖ ബാലഗായികയായ അലീനിയ ഒരു പ്രാര്‍ത്ഥന പോലെ ഈ കീര്‍ത്തനം പാടി ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പതിനായിരത്തോളം ആളുകളില്‍ രാമായണകീര്‍ത്തനം എത്തിക്കാനാണ് ഇരു ക്ഷേത്രങ്ങളിലെയും ഭാരവാഹികള്‍ ഉദ്ദേശിച്ചിരുന്നത്.
കാവിന്‍പുറം, കടപ്പാട്ടൂര്‍ ഭക്തജന കൂട്ടായ്മകള്‍ വഴി പാട്ട് വ്യാപകമായി. മറ്റ് ഭക്തരും ഇത് ഏറ്റെടുത്തതോടെ ഇന്നലെ വൈകിട്ട് ഏഴ് മണി ആയപ്പോഴേയ്ക്കും മുപ്പതിനായിരത്തില്‍പ്പരം പേര് അലീനിയാ മോളുടെ ഈ കീര്‍ത്തനം കേട്ടു. ഇതിനോടകം നൂറില്‍പ്പരം ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഈ 11-കാരിയുടെ പാട്ടിനെ യൂടൂബില്‍ ലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്. അഞ്ചു വയസു മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അലീനിയ രാമപുരം, അമനകര, ചാവറ സിഎംഐ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
കേരളത്തിലെ മുന്‍നിര ചാനലുകള്‍ നടത്തിയ സംഗീത റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തിലൂടെയാണ് അലീനിയ നാടറിയുന്ന ഗായികയായത്. അലീനിയ പാടി പുറത്തിറക്കിയ തിരുവോണ ആല്‍ബം ഏറെ പ്രശസ്തമായിരുന്നു. രണ്ട് സിനിമകളില്‍ പിന്നണി ഗായികയായും ശ്രദ്ധേയയായി. മക്രോണി മത്തായി എന്ന ജയറാം സനിമയിലൂടെ ഈ കൊച്ചുസുന്ദരി അഭിനയരംഗത്തേക്കും കടന്നു. പാലാ രൂപതയുടെ നേതൃത്വത്തിലുള്ള പാലാ കമ്മ്യൂണിക്കേഷന്‍സിലെ ജൂനിയര്‍ ഓര്‍ക്കസ്ട്രയിലെ പ്രമുഖ ഗായികയുമാണ് ഈ മിടുക്കി. ഇടുക്കി പാലാര്‍ പുതുപ്പറമ്പില്‍ സെബാസ്റ്റ്യന്റെയും രാജിയുടെയും മൂത്തമകളാണ് അലീനിയ. അഞ്ചാം ക്ലാസുകാരന് അലന് ഏക സഹോദരനും. ഇപ്പോള്‍ പാലാ രാമപുരത്താണ് അലീനിയയും കുടുംബവും താമസിക്കുന്നത്. കോവിഡിന്റെ ദുരിതങ്ങള്‍ ഒഴിഞ്ഞാലുടന്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അലീനിയ സെബാസ്റ്റ്യന്‍ സ്വീകരണം ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: