ചരിത്രാതീത കാലം മുതല്‍ അറിയപ്പെടുന്ന അമൂല്യ ലോഹമാണ് സ്വര്‍ണം. മനുഷ്യന് ആദ്യമായി ഉപയോഗിച്ച ലോഹവും സ്വര്‍ണമെന്ന് പറയുന്നു. സ്വര്‍ണത്തില്‍ മയങ്ങാത്തവരോ കണ്ണ് മഞ്ഞളിക്കാത്തവരോ ഇല്ലെന്നു തന്നെ പറയാം. തുരുമ്പെടുക്കാത്ത ഈ ലോഹം ആദ്യമായി കുഴിച്ചെടുത്തത് ഇന്ത്യയിലാണത്രെ. ആദ്യമൊക്കെ നദീ നിക്ഷേപ തടങ്ങളില്‍ നിന്നുള്ള മണലും ചരലും അരിച്ചെടുത്താണ് സ്വര്‍ണം കണ്ടെത്തിയിരുന്നത്.
കടല്‍ ജലത്തില്‍ സ്വര്ണാംശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍നിന്നും സ്വര്‍ണം വേര്‍പെടുത്തിയെടുക്കാന്‍ സ്വര്‍ണത്തിന്റെ വിലയെക്കാള്‍ ചെലവുണ്ട്. അതുകൊണ്ട് വെള്ളത്തില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഇതുവരെ ആരും തുനിഞ്ഞിട്ടില്ല.
ഈജിപ്ഷ്യന്‍ ഹീറോക്ലിഫിക്സ് ലിഖിതങ്ങളില്‍ ഏറെ സ്വര്‍ണ നിക്ഷേപമുള്ള മേഖലയായി ഈജിപ്തിനെ വിശേഷിപ്പിച്ചിട്ടുണ്ടത്രേ. ബൈബിളിലെ പഴയ നിയമത്തിലും സ്വര്‍ണമുള്ള മേഖലകളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടതായി പറയുന്നുണ്ട്. ഇന്ത്യയിലും മധ്യേഷ്യയില്‍ തെക്കന്‍ യുറല്‍ പര്‍വത താഴ്വരകളിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരങ്ങളിലും മുമ്പേ തന്നെ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 16-ാം നൂറ്റാണ്ടുമുതല്‍ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉല്പാദകരായി. ആകെ ഉല്‍പ്പാദനത്തിന്റെ ഏറിയ പങ്കും മെക്സിക്കോക്കായിരുന്നു. 1851 ലാണ് ആസ്ട്രേലിയ സ്വര്‍ണം വിളയുന്ന നാടാണെന്ന് തിരിച്ചറിഞ്ഞത്. ഒരു സമ്പന്ന രാജ്യമായി ആസ്ട്രേലിയയ്ക്ക് മാറാനായത് സ്വര്‍ണത്തിന്റെ വിളയാട്ടം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്വര്‍ണ്ണ കൊയ്ത്തിന് മേല്‍ക്കൈ അമേരിക്കക്കായി. 70 രാജ്യങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
മൊത്തം സ്വര്‍ണം ഉല്‍പ്പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നീ രാജ്യങ്ങളിലാണ്. സ്വര്‍ണ ഖനനത്തില്‍ മേല്‍ക്കൈ ഇന്ന് ചൈനക്കാണ്. ഇന്ത്യയിലും സ്വര്‍ണ നിക്ഷേപമുണ്ട്. കര്‍ണാടകത്തിലെ കോലാര്‍ സ്വര്‍ണ ഖനനത്തിന്റെ വലിയൊരു മേഖലയാണ്. കേരളത്തില്‍ സ്വര്‍ണത്തിന്റെ അംശമുള്ള പ്രദേശം പലേടത്തും കണ്ടെത്തിയതായി കേട്ടിരുന്നെങ്കിലും ഖനനത്തിന്റെ പരുവത്തിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലമ്പൂരില്‍ സ്വര്‍ണാംശമുള്ള മണ്ണുണ്ടെന്ന് പലരും കണ്ടെത്തിയതായി കേട്ടിരുന്നു. നേരാംവണ്ണം ഗവേഷണങ്ങളും പഠനങ്ങളും തുടര്‍ന്നെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട് എന്നേ സ്വര്‍ണമയമായേനെ?
ശുദ്ധരൂപത്തില്‍ മണ്ണില്‍ നിന്നും കിട്ടുന്ന സ്വര്‍ണം തുരുമ്പെടുക്കാത്തതുപോലെ തന്നെ, വലിച്ചുനീട്ടാനും അടിച്ചുപരത്താനും ഏത് ആകൃതിയില്‍ രൂപപ്പെടുത്താനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്. അഞ്ച് ശതകം മുമ്പാണ് സ്വര്‍ണം നാണയമായി ഉപയോഗിച്ചു തുടങ്ങിയത്. 1930 വരെ സ്വര്‍ണം നാണയമായി നിലവിലുണ്ടായിരുന്നു. നാണയത്തിനു പുറമെ ആഭരണമായാണ് സ്വര്‍ണം കൂടുതല്‍ ഉപയോഗിച്ചുപോന്നത്. ഏറ്റവും മൂല്യമുള്ള ഈ ലോഹം കരുതിവച്ച് രാജ്യങ്ങള്‍ കറന്‍സികളിലേക്ക് മാറി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കരുതലിന്റെ മൂല്യത്തിനൊത്ത് കറന്‍സി അച്ചടിക്കുന്ന രീതിയാണ് ഇന്ത്യയിലും. ഇടയ്ക്ക് ഇതില്‍ മായം ചേര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചത് വിസ്മരിച്ചുകൂടാ. കരുതല്‍ സ്വര്‍ണം മറിച്ചുവിറ്റ് ഖജനാവിലേക്കുള്ള കറന്‍സി നിറയ്ക്കാന്‍ നോക്കിയ കാലമുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടുന്നതിനു പകരം ഗവണ്മെന്റ് സെക്രട്ടറി ഒപ്പിട്ടിറങ്ങുന്ന കറന്‍സിക്ക് വര്‍ണക്കടലാസിന്റെ വിലയേയുള്ളൂ.
വ്യാപകമായ സ്വര്‍ണ ഖനനം ഇല്ലെങ്കിലും സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് മലയാളികള്‍ക്ക്. കള്ളക്കടത്ത് നടത്തിയും കള്ളനോട്ടടിച്ചും ധനികരാകുന്നവര്ക്ക് മാന്യതയും ബഹുമാനവും അംഗീകാരവും ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. സ്വര്‍ണക്കള്ളക്കടത്തില്‍ തടവില്‍ കിടന്നാലും കേരളത്തില്‍ മന്ത്രിയാകാം. മലയാളികളെ അടക്കിവാഴാം.
ആന്റണിക്ക് ആങരണം അബ്ദുള്ള
കാസര്‍കോഡ് ബാരിക്കാടി മുഹമ്മദ്ഹാജി- ആസ്യുമ്മ ദമ്പതികളുടെ മകന് അബ്ദുള്ള സ്കൂളില്‍ പഠിക്കവെ തന്നെ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയിലെത്തി. വൈകാതെ യൂത്ത് ലീഗിലും. നേതാവായതോടെ ബന്ധങ്ങളും ചങ്ങാതിമാരും ഏറെ. അങ്ങനെയിരിക്കെ പത്തേമാരി കേറി ഗള്‍ഫിലേക്ക്. അപ്പോഴേക്കും കാസര്‍കോട് സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ തലസ്ഥാനമായി. കല്ലട്ടറ അബ്ദുള്‍ ഖാദര്‍ ഹാജിയും അബ്ബാസ് ഹാജിയും സ്വര്‍ണക്കടത്തിന്റെ മുടിചൂടാ മന്നന്മാരായി. സ്വര്‍ണക്കടത്തിന്റെയും ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രവുമായ മുംബൈയിലെ ഹാജിമസ്താന്റെ ചെറിയ രൂപങ്ങളായി ഇവര്‍ വളര്‍ന്നു. സ്വര്‍ണം പവന് നാനൂറും അഞ്ഞൂറും വിലയുള്ളപ്പോള്‍ തുടങ്ങിയതാണ് കാസര്‍കോട്ടെയും കള്ളക്കടത്ത്.
ഉദുമയിലെ കല്ലട്ടറ സഹോദരന്മാരെപ്പോലെ കാസര്‍കോട്ടും രണ്ട് സഹോദരന്മാര് ഈ രംഗത്ത് ആധിപത്യം ഉറപ്പിക്കാന്‍ പരിശ്രമിച്ചു. അവര്‍ അതില്‍ വിജയിച്ചു എന്നുതന്നെ പറയാം. അവരാണ് കെ.എസ്. അബ്ദുള്ളയും കെ.എസ്. സുലൈമാന്‍ ഹാജിയും. സമ്പാദിക്കുന്നതോടൊപ്പം സംഭാവന നല്‍കുന്നതിലും അവര്‍ ഒട്ടും പിശുക്ക് കാണിച്ചില്ല. കേരളത്തിലും കര്‍ണാടകത്തിലും അവര്‍ കെട്ടിപ്പൊക്കിയ സൗധങ്ങള്‍ക്കും സമ്പാദ്യങ്ങള്‍ക്കും അവരുടെ പക്കല്‍ കണക്കുണ്ടോ എന്നുപോലും നിശ്ചയമില്ല.
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ വിനോദ സഞ്ചാരത്തിന് ബെംഗളൂരുവില്‍ ചെന്നപ്പോള്‍ താമസവും ഭക്ഷണവും കെ.എസ്. അബ്ദുള്ളയുടെ ഹോട്ടലിലായിരുന്നു. അത്താഴത്തിന് ആട്ടിന്‍ തലച്ചോര്‍ എല്ലാവര്ക്കും പാകം ചെയ്ത് നല്കാന് എത്ര ആടുകളുടെ ജീവനെടുത്തു കാണും!
കെ.എസ്. അബ്ദുള്ളയുടെ അരുകുപറ്റിയാണ് മുഹമ്മദ് ഹാജിയുടെ മകന് ‘പണി’ പഠിച്ചത്. പഠിച്ച പണി പ്രയോഗത്തിലാക്കിയപ്പോള് അബ്ദുള്ളയുടെ മട്ടുമാറി, വേഷം മാറി, ശരീരഭാഷയും വേഷഭൂഷാദികളും ആകെ മാറി. എല്ലാം വെള്ള. ചെരിപ്പ് വെള്ള, മുണ്ട് വെള്ള, വാച്ചിന്റെ സ്ട്രാപ്പ് വെള്ള. ഉള്ളിലെ കറുപ്പ് പുറത്തെ വെള്ളയാല്‍ മറച്ച അബ്ദുള്ളയെ തേടി ഇന്ദിരാഗാന്ധിയുടെയും കരുണാകരന്റെയും പോലീസെത്തി. സ്വര്‍ണക്കടത്താണ് കേസ്. അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ജയിലില്‍. ജയിലില്‍ നിന്നും പുറത്തിറങ്ങിയ മുഹമ്മദ് ഹാജിയുടെ മകന് ചെര്‍ക്കളം അബ്ദുള്ളയായി. പിന്നെ വച്ചടിവച്ചടി ഉയര്‍ച്ചയാണ്.
അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ജോയിന്റ് സെക്രട്ടറി. കാസര്‍കോഡ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ചുമതലകളിലെത്തി. ഇതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരം. മഞ്ചേശ്വരം മണ്ഡലം സ്ഥിരമായി സിപിഐ ജയിക്കുന്ന മണ്ഡലമാണ്. രാമപ്പ മാഷിന്റെ തട്ടകം. 1982 കന്നി മത്സരത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി എ. സുബ്ബറാവുവിനോട് തോറ്റു. 1987 ല്‍ സുബ്ബറാവുവിനെ തോല്‍പ്പിച്ച് നിയമസഭാംഗമായി. 2006 വരെ എംഎല്‍എ.
ചെര്‍ക്കളം അബ്ദുള്ള ഇതിനിടയില്‍ ഒരിക്കല്‍ തോറ്റു. സി.എച്ച്. കുഞ്ഞമ്പു എന്ന സിപിഎം കാരനോട്. 2001 ല്‍ കേരളത്തിലെ മന്ത്രിയായി ചെര്‍ക്കളം അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തതാണ് ഇദ്ദേഹത്തെ അറിയാവുന്നവരെയെല്ലാം ഞെട്ടിച്ച സംഭവം. എ.കെ. ആന്റണി മുഖ്യമന്ത്രിയായ 2001 ലെ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയായിരുന്നു ചെര്‍ക്കളം അബ്ദുള്ള.
അറിയാലോ എ.കെ.ആന്റണിയെ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്ശധീരന് എന്നാണ് ആരാധകരും പ്രതിയോഗികള്‍ പോലും എ.കെ. ആന്റണിയെ വിശേഷിപ്പിക്കാറ്. ഒറ്റമുണ്ടും വില കുറഞ്ഞ ഖാദി ഷര്‍ട്ടും അണിഞ്ഞ് രാഷ്ട്രീയത്തിന്റെ ഉന്നതിയില്‍ നില്ക്കുന്ന ഈ കുറിയ മനുഷ്യനാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ തടവില്‍ കഴിഞ്ഞ ഒരാള്‍ക്ക് മന്ത്രിക്കുപ്പായം അണിയിച്ചത്. ആരും ഇതിനെ ചോദ്യം ചെയ്യാതിരുന്നതിനാല്‍ ചെര്‍ക്കളം അബ്ദുള്ള, ആന്റണിക്ക് ഒരു ആഭരണം പോലെയായി.
മന്ത്രിസഭയ്ക്കകത്തും പുറത്തുമെല്ലാം അനര്‍ഹമായ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചുമാറ്റുന്നു എന്ന സത്യപ്രസ്താവന നടത്തിയ എ.കെ. ആന്റണിക്കെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധം ശക്തിപ്പെട്ടു. തുടര്‍ന്നാണ് അധികാരത്തിലിരുന്ന് നാലാം വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ആന്റണിക്ക് ഒഴിയേണ്ടിവന്നത്. അല്ലായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം അബ്ദുള്ള മന്ത്രിയായേനെ. ആന്റണിക്ക് പകരം മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അബ്ദുള്ളക്ക് സ്ഥാനം ലഭിച്ചില്ല.
മിന്നുന്നതെല്ലാം പൊന്നല്ല
ശുദ്ധ സ്വര്‍ണ്ണത്തിന് 24 കാരറ്റാണ്. പത്തരമാറ്റെന്നു പറയും. 22, 18, 14, 10 എന്നിങ്ങനെ മാറ്റുള്ള സ്വര്‍ണം രൂപപ്പെടുന്നത് മായം ചേര്ക്കലുകളിലൂടെയാണ്. 24 കാരറ്റിന്റെ നിറവും ഗുണവും മറ്റൊന്നിനുമില്ല. 22 കാരറ്റിനാണ് 916 എന്നു പറയുന്നത്. 91 ശതമാനം ശുദ്ധ സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ന്നിരിക്കും. മായത്തിന്റെ ലോഹം കൂടുന്തോറും നിറം മാറി മറിയും. കമ്പോളത്തില്‍ ചെന്നാല്‍ പത്തരമാറ്റ് എല്ലാറ്റിനുമെന്ന് പറയുന്നുണ്ട്. സ്വര്‍ണത്തിന്റെ വകതിരിവുകള്‍ അറിയാത്തവര്‍ കബളിക്കപ്പെടും. അതുപോലെയാണ് രാഷ്ട്രീയ രംഗത്തും.
24 കാരറ്റ് എന്ന് വീമ്പടിക്കുമ്പോഴും അത് പത്ത് മാറ്റ് പോലുമില്ലെന്ന് തിരിച്ചറിയാന്‍ വൈകും. മാറ്റു കുറഞ്ഞ നേതൃത്വമാണ് കള്ളന്മാരെയും കൊള്ളക്കാരെയും കള്ളക്കടത്തുകാരെയും കൂടെക്കൊണ്ടു നടക്കുന്നത്. സ്വര്‍ണംപോലെ തോന്നിക്കുന്ന ആഭരണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. നാടന്‍ ഭാഷയില്‍ അതിനെ മുക്കുപണ്ടമെന്ന് വിളിക്കും. രാഷ്ട്രീയത്തിലും മുക്കുപണ്ടങ്ങള്‍ നിറഞ്ഞാടുകയാണല്ലൊ. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് തിരിച്ചറിയുന്നത് അപ്പോഴാണ്.
നാലുവര്‍ഷം ഒപ്പം ഭരിച്ചിട്ടും എ.കെ.ആന്റണിക്ക് അബ്ദുള്ളയുടെ മാറ്ററിയാന്‍ കഴിയാഞ്ഞത് ആന്റണിയുടെ മാത്രം കുറ്റമാണെന്ന് പറയുന്നില്ല. ആശാരിയുടെ ഇരുത്തവും മരത്തിന്റെ വളവുമെല്ലാം കാരണമാകാം. ചെര്‍ക്കളം അബ്ദുള്ള സിപിഎമ്മിലെ കുഞ്ഞമ്പുവിനോട് തോറ്റത് മാര്‍ക്സിസത്തിന്റെ തിളക്കംകൊണ്ടേ ആയിരുന്നില്ല. സ്വര്‍ണക്കടത്തിലെ പങ്കാളികള്‍ തമ്മിലുള്ള പിണക്കം പരിധി വിട്ടപ്പോഴായിരുന്നു. അതോടൊപ്പം എംഎല്‍എ ആയിരിക്കെ ചെയ്ത ചില അസാന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങളും. ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ വീണ ഒരു യുവതി, എംഎല്‍എക്കൊപ്പം മൈസൂര്‍ യാത്ര നടത്തി. ഒറ്റ ദിവസം ജോലി ചെയ്യിച്ച് കൂലിയായി ആയിരം രൂപ നല്കി കബളിപ്പിച്ച കാര്യം നാട്ടില്‍ പാട്ടാവുകയും ചെയ്തത് തെരഞ്ഞെടുപ്പ് സമയത്ത് നോട്ടീസായി ഇറങ്ങി. എല്ലാം കൂടിയായപ്പോള്‍ ലീഗ് വോട്ടര്‍മാര്‍ തന്നെ എംഎല്‍എയെ തോല്‍പ്പിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമായി കാസര്‍കോഡ് എത്തുന്ന അബ്ദുള്ളയ്ക്ക് വന്‍ സ്വീകരണമാണ് ഉദ്ദേശിച്ചിരുന്നത്. ജില്ലാ അതിര്‍ത്തിയായ ചെറുവത്തൂരില്‍ നിന്ന് സ്വീകരിക്കാനായിരുന്നു തീരുമാനം. കാസര്‍കോഡ് ജില്ലയിലെ അറിയപ്പെടുന്ന സ്വര്‍ണക്കടത്തുകാരും തീവ്രവാദ സംഘടനക്കാരില്‍ പലരും ചെറുവത്തൂരിലേക്ക് ഒഴുകി. എല്ലാവരും വഴിനീളെയുള്ളവര്ക്കും ചെറുവത്തൂരിലെ നാട്ടുകാര്‍ക്കും നല്കാന് വലിയ അളവില്‍ ലഡു കരുതിയിരുന്നു. ചെറുവത്തൂരില്‍ കണ്ടവര്‍ക്കെല്ലാം ലഡു നല്കി. ബസ് കാത്തുനിന്ന പെണ്‍കുട്ടികള്‍ക്ക് കയ്യില്‍ കൊടുക്കാതെ ലഡു വായില്‍ തിരുകാനാണ് ഒരു കൂട്ടം ആളുകള്‍ തയ്യാറായത്. സിപിഎമ്മിന് ശക്തിയേറെയുള്ള ചെറുവത്തൂരിലെ സഖാക്കള്‍ ഇത് കണ്ട് കലി കയറി റോഡിലിറങ്ങി. കിട്ടാവുന്നവരെയെല്ലാം നന്നായി പൂശി. ലീഗുകാരുടെ വീട്ടില്‍ കയറി തല്ലി. ഇന്നത്തെ മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീന്റെ വീടും അടിച്ചു തകര്‍ത്തതില്‍ പെടുന്നു. അവിടത്തെ തല്ല് പടര്‍ന്നപ്പോള്‍ സര്‍വക്ഷിയോഗം വിളിച്ചാണ് സമാധാനമുണ്ടാക്കിയത്.
കള്ളക്കടത്തിന്റെ കുടിപ്പക തുടര്‍ക്കഥയാണ്. ശത്രുത വളര്‍ന്ന് കൊലപാതകത്തിലെത്തും. മുംബൈ അധോലോകത്തിന്റെ ആവര്‍ത്തനം. ഇന്ന് വിമാനമാണ് സ്വര്‍ണക്കടത്തിന്റെ മാര്‍ഗമെങ്കില്‍ മുമ്പ് ഉരു (പത്തേമാരി)ക്കളിലൂടെയാണ് സ്വര്‍ണം കടത്തിയിരുന്നത്. കാസര്‍കോഡിനു പുറമെ പണ്ടൊക്കെ ഉരു എത്തിയത് പയ്യന്നൂരിനടുത്ത് ഏട്ടിക്കുളത്താണ്. ഏഴിമലയുടെ തടമാണ് ഏട്ടിക്കുളം. ഏഴിമല, ഏട്ടിക്കുളം തീരത്തിന് മതില് തീര്‍ത്തതുപോലെയാണ്. ഏഴിമലയും ഏട്ടിക്കുളവും ഇപ്പോള്‍ നാവിക അക്കാദമിയുടെ അധീനത്തിലാണ്. ഏട്ടിക്കുളത്ത് ഉരു എത്തിക്കൊണ്ടിരുന്നത് നിരീക്ഷിച്ച ഒരു കൂട്ടരുണ്ടായിരുന്നു. സജീവ ജനസംഘം പ്രവര്‍ത്തകരായിരുന്നു അവര്‍. കള്ളക്കടത്തുകാരുടെ കണ്ണില്‍ പെട്ടതോടെ ജനസംഘക്കാരെ വകവരുത്താനായി പിന്നത്തെ പദ്ധതി. 1971 സെപ്തംബര്‍ 16 ന് ജനസംഘം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കടത്ത് പ്രമാണികളുടെ കിങ്കരന്മാര് നിറയൊഴിച്ചു. ടി.പി. കോരന് എന്ന സജീവ പ്രവര്ത്തകന് അന്ന് വെടിയേറ്റ് മരിച്ചു.
കേരളത്തിലെ മുസ്ലിംലീഗിന്റെ അനേകം മുത്തുകളില്‍ പൊന്നാരമുത്തായിരുന്നു എം.ബി. മൂസ. കാഞ്ഞങ്ങാട്ടുകാരന്‍. കര്‍ണാടകയിലെ കോലാറില്‍ മൂസയുടെ ജീവന് പോയതും വെടിയേറ്റപ്പോഴാണ്. കേരളത്തിലെ കള്ളക്കടത്തിന്റെ മറ്റൊരു കേന്ദ്രമാണ് പെരുമ്പാവൂര്‍. സ്വര്‍ണ കള്ളക്കടത്തിന് 22 പേരുടെ കൂട്ടായ്മ സംഘടിപ്പിച്ച് നടത്തിയ കടത്ത് 1473 കോടിയുടേതാണ്. വര്‍ഷങ്ങളായി തുടരുന്ന കടത്ത് പിടികൂടിയത് 2017 ന് ശേഷം.
അന്ന് കാശുണ്ടാക്കാന്‍, ഇന്ന് കലാപത്തിന്
പെരുമ്പാവൂരിലെ കള്ളക്കടത്ത് മാഫിയയ്ക്ക് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ശൃംഖലയുണ്ട്. നിസാര്‍ പി.അലിയാര് എന്നയാളാണ് 22 അംഗ സംഘത്തിന്റെ തലവന്‍. നിക്ഷേപങ്ങള്‍ സമാഹരിച്ച് സ്വര്‍ണത്തിനുള്ള തുക കണ്ടെത്തും. കേരളത്തിലേക്ക് സ്വര്‍ണം എത്തുന്ന വഴിയാണ് അദ്ഭുതകരം. ദുബായിയില്‍ നിന്നും കപ്പലിലാണ് സ്വര്‍ണം ഒളിപ്പിക്കുന്നത്. പിച്ചള പാഴ്വസ്തുക്കളടങ്ങിയ കപ്പല്‍ ഗുജറാത്തിലെ മുദ്ര തുറമുഖത്താണ് എത്തുക. അവിടെനിന്നും ജാം നഗറിലെ ഗോഡൗണിലാണെത്തുക. അവിടെനിന്ന് മുംബൈയിലേക്കും കേരളത്തിലേക്കുമെത്തും. ഇത് റോഡ് മാര്‍ഗം.
പിച്ചള പാഴ്വസ്തുക്കളുമായി കപ്പല്‍ ദുബായില്‍നിന്നും മുദ്ര തുറമുഖത്തേ എത്താന്‍ പാടുള്ളൂ എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണ്. ജാംനഗര്‍ എസ്എം കോര്പ്പറേഷന്, പ്രാച്ച് ഇംപെക്സ് എന്നീ സ്ഥാപനങ്ങളിലേക്കാണ് പാഴ്വസ്തുക്കള് അയക്കാറ്. ദുബായിയിലെ അല്‍റംസ് മെറ്റല്‍, ഡിപി മെറ്റല്‍ സ്ക്രാപ്പ് എന്നീ സ്ഥാപനങ്ങളുടെ മേല്‍വിലാസത്തില്‍ നിന്നാണ് കപ്പലിലേക്ക് പാഴ്വസ്തുക്കള് അയക്കുന്നത്. പലതവണ ഈ രീതിയില്‍ കപ്പല്‍ മുദ്ര തുറമുഖത്തെത്തിയതായി പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് സംശയം തോന്നി ഗോഡൗണ്‍ പരിശോധിക്കുന്നത്.
ജാം നഗറിലെ ഗോഡൗണില്‍നിന്നും മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണമെത്തിക്കാന്‍ നൂറിലധികം വാഹനങ്ങളും അഞ്ഞൂറില്‍ അധികം ജീവനക്കാരും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പെരുമ്പാവൂരില്‍ എത്തിയശേഷമാണ് സ്വര്‍ണക്കടകള്‍ക്കും ആഭരണമാക്കാന്‍ കോയമ്പത്തൂരിലുമൊക്കെ സ്വര്‍ണം നീങ്ങുന്നത്. ഇങ്ങനെ നീങ്ങുന്നതിനിടയില്‍ കേരളാ പോലീസും എക്സൈസും മൂന്ന് വര്‍ഷത്തിനിടയില്‍ പിടിച്ചെടുത്തത് 176 കിലോഗ്രാം സ്വര്‍ണമാണെന്ന് പറയുന്നു.
മുംബൈയില്‍ ഹാജിമസ്താനും കേരളത്തില്‍ കല്ലട്ടറയും കെ.എസ്. അബ്ദുള്ളയുമൊക്കെ സ്വര്‍ണക്കള്ളക്കടത്തില്‍ ഏര്‍പ്പെട്ടത് ധനികരാവുക എന്ന ലക്ഷ്യത്തോടെയാണ്. കേരളമാകെ ആയിരക്കണക്കിന് സ്വര്‍ണക്കള്ളക്കടത്തുകാരുടെ സമ്പാദ്യം ലക്ഷക്കണക്കിന് കോടികളാണ്. ആ പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചുപോന്നത്. കേരളമാകെ സഞ്ചരിച്ചാല്‍ പ്രത്യേകിച്ച് തൃശൂരിന് വടക്ക് കെട്ടിപ്പൊക്കിയ പുത്തന്‍ മണിമാളികകളുടെ തിളക്കം ദുബായിയില്‍ നിന്നെത്തുന്ന സ്വര്‍ണത്തിന്റേതാണെന്ന് കാണാന്‍ സാധിക്കും. പണം സമ്പാദിച്ചാല്‍ പിന്നെ സമൂഹത്തില്‍ അംഗീകാരം നേടിയെടുക്കാനായി പിന്നത്തെ അദ്ധ്വാനം. ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കിയും ദാനധര്‍മ്മങ്ങള്‍ക്ക് ധാരാളിത്തം കാട്ടിയും കേമന്മാരാകാറാണ് പതിവ്.
കള്ളക്കടത്തുകാരുടെ പതിവ് തെറ്റിച്ച് പുതിയ പാതയിലൂടെ നീങ്ങാന്‍ തുടങ്ങിയിട്ട് രണ്ട് ദശകം പോലുമായില്ല. ഉരുവില്‍നിന്നും കപ്പലിലൂടെയും പിന്നെ വിമാനത്തിലൂടെയും സ്വര്‍ണക്കടത്തിന്റെ വഴിയിലെ വ്യതിയാനം വിനിയോഗത്തിലും പ്രകടമായി. ഇന്ന് ആഗോള ഭീകരവാദത്തിന്റെ കണ്ണികള്‍ ഇന്ത്യയിലും സജീവമാണ്. അവര്‍ക്കുള്ള ഇന്ധനമായി സ്വര്‍ണക്കള്ളക്കടത്ത് മാറി. നേരത്തെ കള്ളനോട്ടിന്റെ ഒഴുക്ക് കേരളത്തിലേക്കുണ്ടായിരുന്നു. പത്തുവര്‍ഷം മുന്‍പ് കൊച്ചിയില്‍ ഒരു കണ്ടെയിനര്‍ നിറയെ കള്ളനോട്ട് എത്തി എന്ന് വാര്‍ത്തയുണ്ടായിരുന്നു. അന്ന് കേട്ട കണ്ടെയിനര്‍ ആരു കൊണ്ടുപോയി? എങ്ങോട്ട് കൊണ്ടുപോയി എന്നാര്‍ക്കുമറിയില്ല.
കേരളത്തില്‍ ഭീകരവാദം ശക്തിപ്പെട്ടപ്പോഴാണ് ആയുധം ഇറക്കുമതിയുടെയും കള്ളനോട്ടിന്റെയും വ്യാപനം ശക്തമായത്. രാജ്യത്ത് നോട്ട് നിരോധനംവന്നതോടെ കള്ളനോട്ട് കത്തിച്ചുകളയാനേ സാധിക്കുമായിരുന്നുള്ളൂ. ഭീകരപ്രവര്ത്തനങ്ങളിലേര്പ്പെടുന്നവരെ പോറ്റാനുള്ള പുതിയ മാര്‍ഗമാണ് ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്ത്.
കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഗുണഭോക്താക്കള്‍ ഭീകരസംഘടനകളാണെന്ന് തിരിച്ചറിഞ്ഞത് കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല. കേരളപോലീസ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മൂന്ന് വര്‍ഷം മുമ്പ് എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ പരിശോധിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ക്രോഡീകരിച്ചുമാണ് പോലീസ് വിവരം കൈമാറിയത്. കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് മലപ്പുറം കോഴിക്കോട് ജില്ലകളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് കൊടുവള്ളി പ്രധാനകേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറുകിലോ സ്വര്‍ണം കൊടുവള്ളിയിലെത്തിയതായി പറയുന്നു.
സ്വര്ണകടത്തിനൊപ്പം തന്നെ ഇപ്പോഴും ഒഴുകുന്ന കുഴല്‍പ്പണവും ആശങ്ക ഉളവാക്കുന്നതാണ്. പല വിമാനത്താവളങ്ങള്‍ വഴി എത്തുന്ന സ്വര്‍ണം കൈമാറിയശേഷം കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ തോത് കൂടിയിട്ടുണ്ട്. ഈ കുഴല്‍പ്പണമാണ് കേരളത്തിലെ ഭീകരര്‍ക്കായി വിനിയോഗിക്കുന്നത്. അടുത്തിടെ മഞ്ചേശ്വരം ചെക്പോസ്റ്റില്‍ നിന്നും പിടികൂടിയ 2.87 കോടിയും 20 പവനും കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ടതാണ്. അതിന് മുമ്പ് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും 2.4 കോടി രൂപ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ പിടിക്കപ്പെട്ടു. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നു തന്നെ തക്കാളി പെട്ടിയില്‍ ഒളിപ്പിച്ചു കടത്തവെ 54 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിന് മുമ്പൊരിക്കലും പിടികൂടാത്തതാണ് തിരുവനന്തപുരത്ത് പിടിക്കപ്പെട്ടത്. നയതന്ത്രകാര്യാലയത്തിലേക്കെത്തിയ പെട്ടിയില്‍ പിടിക്കപ്പെട്ടതിന്റെ രാഷ്ട്രീയമാനങ്ങള്‍ വലുതാണ്.
മന്ത്രിമാരുടെ സ്വപ്നാടനം
നയതന്ത്ര കാര്യാലയം വഴി ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയ സംഭവം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികള്‍ കള്ളക്കടത്ത് നടത്തിയത് പുതിയ സംഭവമല്ലെന്നതും വിസ്മരിക്കാവുന്നതല്ല. പക്ഷേ അതൊന്നും നയതന്ത്ര ബാഗേജ് വഴിയല്ലെന്ന് മാത്രം. ഏഴു വര്‍ഷം മുമ്പ് നയതന്ത്ര ഉദ്യോഗസ്ഥന്റെ പെട്ടിയില്നിന്നും 10 കോടിയുടെ സ്വര്‍ണം കണ്ടെത്തിയിരുന്നു. ഡിആര്‍ഡിഐ ഉദ്യോഗസ്ഥരാണ് യുഎഇ നയതന്ത്ര പ്രതിനിധിയുടെ പെട്ടിയില്‍ സ്വര്‍ണം കണ്ടെത്തിയത്. ഒരു പകല്‍ മുഴുവന്‍ ഈ പ്രതിനിധിയെ കസ്റ്റംസ് തടഞ്ഞുവച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ദുബായി സര്‍ക്കാര്‍ ഇയാളെ തിരിച്ചുവിളിക്കുകയായിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങളില്‍ പെട്ടാല്‍ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ അനുമതിയില്ല. അതാണ് ഏറ്റവും ഒടുവിലത്തെ സ്വര്‍ണക്കടത്തിലും ദുബായി കോണ്‍സുലേറ്റിലെ അറ്റാഷെക്കും നാടുവിടാന്‍ സഹായകമായത്. 2013 മാര്‍ച്ചില്‍ നയതന്ത്ര ഉദ്യോഗസ്ഥനും ഒരു വന്‍കിട ഉദ്യോഗസ്ഥനും സിംഗപ്പൂരില്‍ നിന്നാണ് ദല്‍ഹിയില്‍ എത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥന്റെ ബാഗേജില്‍ 37 കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. ബാഗേജ് പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് നയതന്ത്ര പ്രതിനിധിയുടേത്. എന്നാല്‍ ഡിആര്‍ഡിഎ ഉദ്യോഗസ്ഥര്‍ ഈ നിലപാട് അംഗീകരിച്ചില്ല. പിടികൂടിയ സ്വര്‍ണം കണ്ടുകെട്ടുകയും നയതന്ത്ര പ്രതിനിധിയെ നാടുകടത്തുകയുമാണ് ഉണ്ടായത്.
സമാനമായ സംഭവം ബംഗ്ലാദേശിലും ഉണ്ടായി. അഞ്ചു വര്‍ഷം മുമ്പ് ഉത്തരകൊറിയന്‍ അംബാസിഡര്‍ ധാക്ക വിമാനത്താവളത്തില്‍ എത്തി. അദ്ദേഹത്തിന്റെ ബാഗേജ് പരിശോധിക്കണമെന്ന് ബംഗ്ലാദേശിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് നയതന്ത്ര പ്രതിനിധിയും. ഒടുവില്‍ പരിശോധിച്ചപ്പോള്‍ 27 കിലോ സ്വര്‍ണം ബാഗേജില്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശ് കടുത്ത നിലപാട് സ്വീകരിച്ചതോടെ നയതന്ത്ര പ്രതിനിധിക്ക് ഗത്യന്തരമില്ലാതായി. 72 മണിക്കൂറിനുശേഷം ഇയാള്‍ക്ക് തിരിച്ചുപോകേണ്ടിവന്നു.
നയതന്ത്ര നിയമങ്ങളും കരാറുകളും രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളും കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന നയതന്ത്ര പ്രതിനിധികള്‍ക്ക് രക്ഷയാവുകയാണ്. യുഎഇ അറ്റാഷെക്ക് കേരളം വിടാന്‍ സഹായമായതും ഇതുതന്നെ. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണമെത്താന്‍ സഹായം നല്‍കിയത് യുഎഇയുടെ നയതന്ത്ര കാര്യാലയത്തിലെ അറ്റാഷെയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഈ കേസിലെ മുഖ്യകണ്ണികള്‍ പിടിയിലായതോടെയാണ് അറ്റാഷെ മുങ്ങിയതെന്ന് വ്യക്തം. മുങ്ങിയില്ലെങ്കിലും നിലവിലെ കരാറുകളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഇയാള്‍ക്ക് തുണയാവുമെന്നതില്‍ സംശയമില്ല.
കൊടുക്കല്‍ വാങ്ങല്‍ കരാറാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് സാഹചര്യമുണ്ടാക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ യുഎഇ ഉദ്യോഗസ്ഥന് വിചാരണ ചെയ്യപ്പെടുമെന്നതില്‍ സംശയമില്ല. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തുമായി രാഷ്ട്രീയത്തിലെ കള്ളനാണയങ്ങള്‍ക്കും ധനമോഹികള്ക്കും ഭീകരസംഘടനകള്‍ക്കും മാത്രമല്ല പങ്ക് എന്ന് ഇതിനകം വ്യക്തമായി. സംസ്ഥാന സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും എന്തിന് പ്രബലരായ മന്ത്രിമാര്‍പോലും സ്വര്‍ണക്കള്ളക്കടത്തിലെ കണ്ണികളായത് കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഇവര്‍ സ്വര്‍ണക്കടത്തിന്റെ കണ്ണികളായത് അവിചാരിതമായിരിക്കാം. നയതന്ത്ര ചാനല്‍ വഴി എത്തിയ സ്വര്‍ണത്തിന്റെ ഇടപെടലുകളില്‍ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്‍പ്പെട്ടെങ്കില്‍ അതില്പരം ഗുരുതരാവസ്ഥയില്ല. രാജ്യദ്രോഹത്തിലേക്ക് നീങ്ങുന്ന ഈ കണ്ണികളിലേക്കാണ് ഇപ്പോള്‍ വിരല്‍ചൂണ്ടുന്നത്.
ശംഭോ ശങ്കരാ ശിവ ശങ്കര
‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിലായിരുന്നു അടുത്തദിവസം വരെ മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവളത്തില്‍നിന്നും കസ്റ്റംസ് സ്വര്‍ണം പിടിച്ചെങ്കില്‍ അന്വഷണം തുടരേണ്ടതും അവരാണല്ലൊ. അവര്‍ നേരായ വഴിക്ക് കാര്യങ്ങള്‍ നീക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രതീക്ഷയെയും കടത്തിവെട്ടിയാണ് എന്‍ഐഎയുടെ തെളിവെടുപ്പ് നീങ്ങുന്നത്. കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണ്. സോപ്പിട്ട് കഴുകിയാലും സാനിറ്റൈസര്‍ ഉപയോഗിച്ചാലും ഈ വിഷം പോകില്ല. രാജ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും അട്ടിമറിക്കാന്‍ തക്കവണ്ണമുള്ള കള്ളക്കടത്താണിത്.
ഒരു വര്‍ഷത്തിനകം 230 കിലോ ഗ്രാം സ്വര്‍ണം നയതന്ത്ര ചാനല്‍ വഴി കടത്തിയെന്നാണ് തെളിയുന്നത്. അതിന്റെ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദിനെ ദുബായിയില്‍ പിടികിട്ടിയിട്ടുണ്ട്. അതിസമര്‍ത്ഥനായ ഇയാള്‍ക്ക് ആരൊക്കെയായി ബന്ധമുണ്ടെന്ന് തെളിയാനിരിക്കുന്നതേയുള്ളൂ. തന്റെ ദുബായിലെ സ്ഥാപനം കള്ളക്കടത്തിന് ശക്തമായ ബന്ധങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചെന്ന് വ്യക്തം. ജിംേനഷ്യമാണ് ഇയാളുടെ മുഖ്യസ്ഥാപനം. ദുബായിയിലെ പോലീസ് മേധാവികള്‍ക്ക് സൗജന്യ നിരക്കില്‍ ജിം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയത് അന്വേഷണ സംഘത്തില്‍നിന്നും രക്ഷപ്പെടാന്‍ ഉപകരിക്കുമെന്നാണ് ഇയാള്‍ കരുതിയത്. പക്ഷേ സ്വന്തക്കാര് അറിയും മുന്‍പ് ഇയാള്‍ക്കുള്ള വല മുറുകിയിരുന്നു.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായുള്ള ഇടപാടുകള്‍ എന്തൊക്കെയെന്ന് വെളിപ്പെടുക തന്നെ വേണം. സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായവും സഹകരണവും ലഭിച്ചു എന്ന് ഒന്നാം പ്രതി സമ്മതിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റേയും ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്റെയും പേരെടുത്ത് പറയുകയും ചെയ്തു. അപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വപ്നാ സുരേഷ് ന്യായീകരിക്കുന്നതാണ് എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത പല പരിപാടികളിലും സ്വപ്നയുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ചെവിയില്‍ മന്ത്രിക്കാന്‍ പോലും കഴിയുന്ന സ്വപ്നയെ അറിയില്ലെന്ന് പറയുന്നതിലെ ഉള്ളിലിരിപ്പ് എന്താവും! അറിയുമെങ്കില്‍ അതങ്ങ് പറയുന്നതിനെന്താണ് കുഴപ്പം? മറച്ചുവയ്ക്കുന്നതല്ലെ അപകടം.
അടിമുടി തട്ടിപ്പ്. വ്യാജരേഖ ഉപയോഗിച്ച് ജോലി തരപ്പെടുത്തല്‍ തുടങ്ങി കുറ്റകരമായ വാസനകളുമായി നടക്കുന്ന ഒരു വ്യക്തിത്വത്തെക്കുറിച്ച് ആരും ഒരു നിരീക്ഷണവും നടത്തിയില്ലെ? ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും തുടങ്ങി ഒട്ടേറെ ഏജന്സികളുണ്ടല്ലൊ. അവര്‍ക്കൊക്കെ എന്തായിരുന്നു പണി? അതെങ്ങനയാ ഡിജിപിയ്ക്ക് ഒപ്പം ഇരിക്കുന്ന മഹതിയെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടോ? അവരുടെ തോളില്‍ തട്ടി സ്പീക്കര്‍ സംസാരിക്കുന്നു. സ്പീക്കറുടെ ദേഹത്ത് തൊട്ട് സീറ്റിലേക്ക് ആനയിക്കുന്നു. ഇതെല്ലാം ചിത്രങ്ങള്‍ വഴി ചരിത്രം നീങ്ങുമ്പോള്‍ ആര് അന്വേഷിക്കാന്‍. എന്തോന്ന് അന്വേഷിക്കാന്‍. ഇതെന്തൊരു വെള്ളരിക്കാപ്പട്ടണമെന്ന് സ്വപ്ന പണ്ടേ തന്നെ ചിന്തിച്ചു കാണും.
ഡിജിപിയ്ക്ക് സ്വപ്നയുമായി കേരളത്തില്‍ മാത്രമാണോ ബന്ധുത്വം. ദുബായി യാത്രയില്‍ എപ്പോഴെങ്കിലും സ്വപ്നയുടെ ബന്ധം അനുകൂല ഘടകമായിട്ടുണ്ടോ? ഡിജിപി തന്നെ വിശദീകരിച്ച് സംശയങ്ങള്‍ ദൂരീകരിക്കുമായിരിക്കും. ഏതായാലും ഡിജിപിക്കും ഐടി സെക്രട്ടറിക്കും ദുബായി യാത്രക്കുള്ള സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി തന്നെയാണ്.
ദുബായി മാതൃകയില്‍ കേരളത്തിലും സ്മാര്‍ട്ട് പോലീസ് സ്റ്റേഷന് ആരംഭിക്കുന്നതിന്റെ നടപടികള്‍ സ്വീകരിക്കാന്‍ ഇരുവരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആളും കടലാസുമില്ലാത്ത പോലീസ് സ്റ്റേഷന്. എടിഎം കൗണ്ടര്‍ പോലെ ഒറ്റമുറി. അതിലൊരു കീയോസ്ക്. അവിടെ ബട്ടണ്‍ അമര്‍ത്തിയാല്‍ ഏഴു ഭാഷകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് പരാതി പറയാം. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വിവരമെത്തും. ഉടന്‍ നടപടി. മുഖ്യമന്ത്രിയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. ടെക്നോ പാര്‍ക്കിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ആദ്യം ഇത് തുടങ്ങും. ഒരു വര്‍ഷമായി ഈ നടക്കാത്ത സ്വപ്നത്തിനായി ഡിജിപിയേയും ഐടി സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ട്. ഇതിന്റെ പേര് മാത്രം പോരെ ദുബായി യാത്ര നടത്താന്‍. ഇതിനിടയില്‍ ഡിജിപിയുടെ ഒരു വിദേശയാത്ര ഇലക്ഷന് കമ്മീഷന് തടയുകയും ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റിന്റെ സുരക്ഷയ്ക്ക് കേരളാ പോലീസിനെ നിയോഗിച്ചതിലും ദുരൂഹതയേറുകയാണ്. കോണ്‍സിലര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള പോലീസുകാരന് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ദുരൂഹത നിറഞ്ഞതാണ്. എന്നെ അവര്‍ കൊല്ലുമെന്നാണ് ആശുപത്രിയിലേക്ക് മാറ്റും മുന്‍പ് അയാള്‍ വിളിച്ചു പറഞ്ഞത്. ആരാണ് ആ കൊല്ലാന്‍ ശ്രമിക്കുന്നവര്‍? സന്ദീപ് നായരാണോ, സ്വപ്നയാണോ, സരിത്താണോ, അതോ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരാണോ? എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്.
സെക്രട്ടേറിയറ്റില്‍ നിന്നും അഞ്ചു കിലോ മീറ്റര്‍ പോലുമില്ല ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്റെ വീട്ടിലേക്ക്. എന്നിട്ടും സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ ഫഌറ്റ് സ്വന്തമാക്കി. അവിടെ സരിത്ത് വരുന്നു. സ്വപ്നയും വരുന്നു പലതവണ. അതേ കെട്ടിടത്തില്‍ സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരില്‍ ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം അരുണ്‍ ബാലചന്ദ്രന് ഫഌറ്റ് എടുക്കുന്നു. അവിടെയും പാതിരാവരെ കൂടിയാലോചന. കേരളത്തിന്റെ പല ഭാഗത്തു നിന്നും വിലയേറിയ കാറുകളില്‍ ആളുകളെത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ബുക്ക് ചെയ്ത ഫഌറ്റായതിനാല് ആരു വരുന്നു, എന്തു ചെയ്യുന്നു എന്നാര് ചോദിക്കാന്‍. ഫഌറ്റ് നിര്‍മിച്ചത് തന്നെ അനധികൃതമായിട്ട്. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദമുള്ള സംസ്ഥാന കമ്മിറ്റി അംഗം കൂടി ഉള്‍പ്പെട്ട സംഘത്തിന്റേതാണല്ലൊ ഫഌറ്റ്.
ഇവിടെ എല്ലാം ഭദ്രം എന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ് കാര്യങ്ങള്‍ ചെയ്ത സെക്രട്ടറി. സീനിയോറിറ്റി മറികടന്ന് ഐഎഎസ് ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ വ്യക്തിയോട് കാട്ടിയ വിധേയത്വം. മുഖ്യമന്ത്രിപോലും അറിയാതെ മന്ത്രിസഭപോലും തീരുമാനിക്കാതെ നിയമനങ്ങളും കരാറുകളുമൊക്കെ ചെയ്തുപോന്ന ശിവശങ്കര്‍ ഒടുവില്‍ പുറത്തായത് മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരം. അത് കാരണമായതോ ചീഫ് സെക്രട്ടറി നയിച്ച രണ്ടംഗ സമിതിയുടെ ശുപാര്‍ശ പ്രകാരവും. ഇനി എന്താകും? സ്വര്‍ണം കോര്‍ത്ത ചരടുകളെല്ലാം കണ്ടെത്തുമോ? പോക്കു കാണുമ്പോള്‍ ശുഭ ലക്ഷണമാണ്. വരുന്നിടത്ത് വച്ച് കാണാം. ശംഭോ ശങ്കരാ ശിവശങ്കര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: