കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിഷയത്തില്‍ അടവുനയവുമായി സിപിഎം. 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ എന്‍ഐഎയെ ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ ശക്തമായി എതിര്‍ക്കുകയാണ് സിപിഎം ചെയ്തത്. ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്ത കേരളത്തിലെ ഒരേയൊരു എംപി സിപിഎമ്മിന്റെ എം.എം. ആരിഫാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത് കേസില്‍ എന്നാല്‍ എന്‍ഐഎ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് സിപിഎം. എന്‍ഐഎ ന്യൂനപക്ഷവേട്ട നടത്തുകയാണെന്ന് മുന്‍പ് പ്രചരിപ്പിച്ചിരുന്ന പാര്‍ട്ടി സ്വര്‍ണക്കടത്തില്‍ ചില മുസ്ലിം സംഘടനകള്‍ ഇതേ വിദ്വേഷ പ്രചാരണം നടത്തുമ്പോഴും ആ പക്ഷത്ത് ഇതുവരെ ചേര്‍ന്നിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായി പൊതുവികാരമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎയെ എതിര്‍ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയമുണര്‍ത്തുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതിനാല്‍, തത്ക്കാലത്തേക്ക് പാര്‍ട്ടി നയം മാറ്റിവച്ച് അന്വേഷണത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്തിനാണ് എന്‍ഐഎ അന്വേഷണത്തെ അവിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചത് ഇക്കാരണത്താലാണ്. മാധ്യമങ്ങള്‍ മറ്റു വിഷയങ്ങള്‍ക്ക് പിന്നാലെ പോവുകയും അന്വേഷണ നടപടികള്‍ മുറുകുകയും ചെയ്യുന്ന ഘട്ടത്തില്‍ ആരോപണം മിനുക്കിയെടുക്കാമെന്നും നേതൃത്വം ചിന്തിക്കുന്നു.
മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വില്‍പ്പന, സൈബര്‍ ഭീകരവാദം തുടങ്ങിയവ അന്വേഷിക്കാനുള്ള അധികാരവും പ്രത്യേക വിചാരണാകോടതികള്‍ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എന്‍ഐഎക്ക് നല്‍കുന്നതായിരുന്നു ഭേദഗതി. പുറംരാഷ്ട്രങ്ങളില്‍ ഇന്ത്യക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. 2019 ജൂലൈ 15ന് ലോക്സഭയും 17ന് രാജ്യസഭയും ഇത് പാസാക്കി. ആരിഫ് ഉള്‍പ്പെടെ വെറും ആറ് പേര് മാത്രമാണ് ഭേദഗതിയെ എതിര്‍ത്തത്. ‘സ്റ്റേറ്റ് സ്പോണ്സര് ചെയ്യുന്ന ഭീകരവാദം’ എന്നാണ് ബില്ലിനെ ആരിഫ് വിശേഷിപ്പിച്ചത്. അതേ എന്‍ഐഎ ഇപ്പോള്‍ കേരളത്തിലെ ‘സ്റ്റേറ്റ് സ്പോണ്‍സേഡ് സ്വര്‍ണക്കടത്ത്’ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്നതാണ് കൗതുകകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: