തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഉന്നതരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ പല പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്തിയിട്ടുള്ളതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പടെ എഴുത്ത്, അഭിമുഖ പരീക്ഷകളോ ഒന്നും നടത്താതെയാണ് ഈ നിയമനങ്ങള്‍ നടത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.
ഐടി സെക്രട്ടറി പദവിയില്‍ എത്തിയ ശേഷമാണ് ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. ഇത് കൂടാതെ ഐടിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരവധി നിയമനങ്ങള്‍ ശിവശങ്കര്‍ നേരിട്ട് നടത്തിയിട്ടുണ്ട്. ഐടിയുമായി ബന്ധപ്പെട്ട് നിലവില്‍ സിഡിറ്റില്‍ നിന്നോ അല്ലെങ്കില്‍ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ താത്കാലികമായി നിയമിക്കുകയാണ് പതിവ്. ഇത് ഒഴിവാക്കിയാണ് ശിവശങ്കര്‍ തനിക്ക് താത്പ്പര്യമുള്ളവരെ നിയമിച്ചുപോന്നത്.
അതേസമയം ഇത്തരത്തില്‍ നിയമനം നേടിയവര്‍ സംസ്ഥാന സര്‍ക്കാരിന്റെ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് അടക്കം സ്ഥിര നിയമനക്കാര്‍ക്കുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ല. നിലവില്‍ ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. അങ്ങിനെയിരിക്കേയാണ് ശിവശങ്കര്‍ ഈ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഇത് കൂടാതെ തനിക്ക് താത്പ്പര്യമുള്ള വ്യക്തികളെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിനായും ഇയാള്‍ ഉന്നതതല ഇടപെടലുകള്‍ നടത്തിയതായും സൂചനയുണ്ട്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനു മുമ്പ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുക. സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷമാകും ഇത്. സ്വപ്നയും സന്ദീപും നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. 21ന് ഈ കാലാവധി തീരും അതിനുശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ശിവശങ്കറിന്റേയും മൊഴികള്‍ തമ്മില്‍ വിലയിരുത്താന്‍ സാധിക്കൂ എന്നാണ് കസ്റ്റംസ് സംഘത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: