കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലെ പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കളക്ഷന്‍ ഏജന്റാണെന്നും ആക്ഷേപം. താത്കാലിക അടിസ്ഥാനത്തിലാണ് ഇവരെ കളക്ഷന്‍ ഏജന്റായി നിയമിച്ചത്. എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ലാതെ തീര്‍ത്തും താത്കാലികമായി നിയമിച്ചയാള്‍ക്ക് ബാങ്കിന് പുറത്താണ് ജോലി ചെയ്യാന്‍ അവസരമുള്ളത്.
ഹുണ്ഡിക നിക്ഷേപം, ആഴ്ചപ്പിരിവ്, ചിട്ടി എന്നിവയ്ക്കുള്ള തുക വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോയി ശേഖരിച്ച് ബാങ്കില്‍ എത്തിയ്ക്കാന്‍ വേണ്ടി എടുത്തയാള്‍ പിന്നീട് ബാങ്കിലെ കാര്യക്കാരിയായി മാറുകയായിരുന്നു.
രാവിലെ മുതല്‍ വൈകിട്ടുവരെയും ബാങ്കില്‍ തന്നെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കളക്ഷന്‍ ഏജന്റുമാരിലെ സീനിയോറിറ്റി മറികടന്ന് അടുത്തിടെ ഇവരെ ബാങ്കില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ക്രമക്കേടുകളുടെ പ്രധാന കേന്ദ്രമായിരിക്കെ കളക്ഷന്‍ ഏജന്റിനെ ബാങ്ക് ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നത് ചില ആസൂത്രിത ശ്രമങ്ങളുടെ പേരിലാണെന്നാണ് ആക്ഷേപം.
മുന്‍ ഭരണ സമിതികളുടെ ക്രമക്കേടും അന്വേഷിക്കണം
1958ല്‍ ആണ് നെടുവത്തൂര്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. നെല്‍ക്കൃഷി, നാളീകേര സംഭരണം, റേഷന്‍ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. 1980ല്‍ ആണ് നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. പശുവിനെ വാങ്ങാനും മറ്റുമായി ചെറുകിട വായ്പകളും നല്കാന് തുടങ്ങി.
കശുവണ്ടി കച്ചവടവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്ന് 1985ല്‍ സംഘം പൂട്ടി. 1990ല്‍ സര്‍വ്വ കക്ഷിയോഗം വിളിച്ചുകൂട്ടിയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ജില്ലാ സഹകരണബാങ്കിന്റെ പുനരുജ്ജീവന വായ്പയായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് പ്രവര്‍ത്തനം തുടങ്ങാനായത്. 1000 രൂപ പരസ്പര ജാമ്യത്തിലും 10,000 രൂപ കാര്‍ഷിക വായ്പയെന്ന നിലയിലും കൊടുക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പ്രവര്‍ത്തനം. 1999 മുതല്‍ ബാങ്കിന്റെ വളര്‍ച്ചയുടെ ഘട്ടമായിരുന്നു. പുതിയ കെട്ടിടവും രണ്ട് ബ്രാഞ്ചുകളും കമ്പ്യൂട്ടറൈസേഷനും പുതിയ ജീവനക്കാരുമെത്തിയത് ഇതിന് ശേഷമാണ്.
എന്നാല്‍ അഴിമതിയുടെ കറപുരണ്ടതായി ആക്ഷേപങ്ങളും ഉയര്‍ന്നു. 2015ല്‍ പുതിയ പ്രസിഡന്റ് എത്തിയപ്പോഴേക്കും ക്രമക്കേടുകള്‍ കൂടിവന്നതായാണ് പിന്നീട് പുറത്തുവന്ന വിവരങ്ങള്‍. ഒരു വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പിലൂടെ ഇപ്പോഴത്തെ ഭരണസമിതിയിലേക്ക് എത്തിയപ്പോഴേക്കും അഴിമതിയുടെ കൂടാരമായി നെടുവത്തൂര്‍ സഹകരണ ബാങ്ക് മാറി. ബാങ്ക് സെക്രട്ടറിയും രണ്ട് മാനേജര്‍മാരും പ്രത്യക്ഷത്തില്‍ ക്രമക്കേട് നടത്തിയതായി വിവരങ്ങള്‍ പുറത്തുവരുന്നതിനൊപ്പം ഭരണസമിതിയും അഴിമതിയും പൊതുസമൂഹം ചര്‍ച്ച ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: