കൊട്ടാരക്കര: നെടുവത്തൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നിട്ടും ഗൗരവത്തിലെടുക്കാത്ത കൊട്ടാരക്കര അസി.രജിസ്ട്രാറെ സ്ഥലം മാറ്റി. സഹകരണ അസി.രജിസ്ട്രാര്‍ ടി.ആര്.ഹരികുമാറിനെയാണ് കരുനാഗപ്പള്ളിയിലേക്ക് മാറ്റിയത്.
ബാങ്കില്‍ വ്യാപക ക്രമക്കേട് നടന്നതായ വാര്‍ത്തകള്‍ പത്ത് ദിവസത്തിലധികമായി പുറത്തുവന്നുകൊണ്ടിരിക്കയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ രണ്ടുതവണ പ്രത്യക്ഷ സമരവും നടത്തി. അസി.രജിസ്ട്രാര്‍ ഓഫീസിലേക്ക് സമരം വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കവെയാണ് സ്ഥലം മാറ്റ ഉത്തരവ് വന്നിട്ടുള്ളത്.
ഇത്രത്തോളം വിവാദങ്ങള്‍ ഉണ്ടായിട്ടും ഒരു ദിവസം കല്ലേലി ശാഖയില്‍ പേരിനുവേണ്ടി പരിശോധന നടത്തുക മാത്രമാണ് അസി.രജിസ്ട്രാര്‍ ചെയ്തിരുന്നത്. ക്രമക്കേട് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടും വേണ്ട ജാഗ്രത കാട്ടിയില്ല.
മുന്‍പും ഈ ബാങ്കിനെ പറ്റി ക്രമക്കേടുകളുടെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴും ഇതേ ഉദാസീനത കാട്ടുകയായിരുന്നു ഇദ്ദേഹമെന്നാണ് ആരോപണം. എഴുകോണ്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചും ഇദ്ദേഹത്തിന് നിസംഗതയായിരുന്നു. മറ്റ് പലതരത്തിലുള്ള ആക്ഷേപങ്ങളും നിലനില്‍ക്കവെയാണ് നടപടിയുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: