പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുടിവെള്ള ടാങ്ക് പൊളിച്ചതിന് തെളിവില്ലെന്ന് പോലീസ്. കൂരാച്ചുണ്ട് പോലീസ് പേരാമ്പ്ര കോടതിയിലാണ് തെളിവില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. 2011 മുതല്‍ ഇവിടെ ടാങ്ക് ഉണ്ടായിരുന്നില്ലെന്നാണ് റിമോര്‍ട്ട് സെന്‍സറിങ് സെന്ററില്‍ നിന്നും ലഭിച്ച ചിത്രങ്ങളില്‍ വ്യക്തമാവുന്നതെന്ന് പോലീസ് പറയുന്നു.
നേരത്തെ കേസ് അന്വേഷിച്ച കൂരാച്ചുണ്ട് എസ്ഐ റോയിച്ചന് പരാതി കളവാണെന്ന റിപ്പോര്‍ട്ട് നല്കിയപ്പോള് വടകര എസ്പിക്ക് സമരസമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് പുനഃരന്വേഷിക്കാന്‍ എസ്ഐ സൂരജിന് ചുമതല നല്കി. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ കളവായ പരാതി എന്നതിനു പകരം തുമ്പില്ലാത്തത് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ടാങ്ക് നിര്‍മിച്ചതായും 2006ല്‍ ജലവിതരണം നടത്തിയതായും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. ഡെല്‍റ്റ ക്വാറി കമ്പനിയുടെ ആളുകള്‍ ടാങ്ക് പൊളിക്കുന്നത് കണ്ടതായി മൂന്ന് പേര് മൊഴി നല്‍കിയിട്ടും ടാങ്കിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തിട്ടും തെളിവില്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ദുരൂഹമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. 2006 ല്‍ കമ്മീഷന് ചെയ്ത ചെങ്ങോടുമല കുടിവെള്ള പദ്ധതി സാങ്കേതിക പ്രശ്നങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചു.
ടാങ്ക് നിലനിന്ന മുക്കാല്‍ സെന്റ് സ്ഥലമുള്‍പ്പെടെ ഡെല്‍റ്റ റോക്സ് പ്രൊഡക്റ്റ് എന്ന ക്വാറി കമ്പനി 2016ല്‍ വാങ്ങി. 2017ല്‍ കുടിവെള്ള ടാങ്ക് തേങ്ങാ കൂടയാക്കി രൂപഭേദം വരുത്തി പഞ്ചായത്തില്‍ നിന്നും നമ്പറും സംഘടിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ 2018 മാര്‍ച്ച് 28ന് ടാങ്ക് പൂര്‍ണമായും പൊളിച്ചെന്നാണ് സമരസമിതി പറയുന്നത്. 2019 ല്‍ സമര സമരസമിതി പ്രവര്‍ത്തകര്‍ വടകര എസ്പിക്ക് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് സമരസമിതി ഹൈക്കോടതിയില്‍ നല്കിയ റിട്ടിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസിനോട് കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്കി. ടാങ്ക് പൊളിച്ചതു കൂടാതെ കെഎസ്ഇബിയുടെ വൈദ്യുതികാല്‍ ഉള്‍പ്പെടെ കടത്തിയതിനും പിഡിപിപി പ്രകാരം കേസെടുത്തു. ടാങ്ക് പൊളിച്ചതിന് ക്വാറി മുതലാളി തോമസ് ഫിലിപ്പിനും രണ്ട് മാനേജര്‍മാര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
എന്നാല്‍ ടാങ്ക് നിലനില്‍ക്കുന്ന സ്ഥലം കൂരാച്ചുണ്ട് സ്റ്റേഷന് പരിധിയിലാണെന്ന് കാണിച്ച് കേസ് കൂരാച്ചുണ്ട് പോലീസിനു കൈമാറി. ടാങ്ക് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം സിപിഎം നേതൃത്വത്തില്‍ ഈ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി ഈ ഭൂമി പിടിച്ചെടുത്ത് കൊടി നാട്ടിയിരുന്നു. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ നിരവധി പേര് 2018 വരെ ടാങ്ക് അവിടെ ഉള്ളതിന് തെളിവ് നല്കുമ്പോളാണ് 2011 ശേഷം ടാങ്കില്ലെന്ന വിചിത്ര വാദവുമായി പോലീസ് എത്തിയത്. ക്വാറിക്ക് വേണ്ടി അനുമതി തേടിയ 12 ഏക്കര്‍ സ്ഥലത്ത് ഉള്‍പ്പെടുന്നതാണ് ടാങ്ക്. ടാങ്ക് ഉണ്ടെങ്കില്‍ ക്വാറിക്ക് അനുമതി ലഭിക്കില്ലെന്ന് കണ്ടാണ് പൊളിച്ചുമാറ്റിയത്. ടാങ്ക് പൊളിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: