കൊച്ചി: കണ്ണൂര്‍ സ്വദേശിനിയുടെ ചികിത്സയ്ക്കു വേണ്ടി, സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരണം നടത്തി പണം സ്വരൂപിച്ചതില് ദുരൂഹത. ഏതാനും ചില അക്കൗണ്ടുകളില്‍നിന്ന് വലിയ തുക എത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇത് കുഴല്‍പ്പണമാണെന്നാണ് ആരോപണം.
ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പണം സ്വരൂപിച്ചതെങ്കിലും ഇതിന്റെ സിംഹഭാഗവും വന്നത് ഏതാനും അക്കൗണ്ടുകളില്‍ നിന്ന് മാത്രമെന്നത് അസ്വാഭാവികതയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ വര്‍ഷയുടെ അമ്മയ്ക്കാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ബാക്കി തുക ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഫിറോസ് കുന്നംപറമ്പില്‍, സാജന് കച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചാരിറ്റിയുടെ മറവില്‍ ഹവാല ഇടപാട് നടന്നതായി അന്വേഷണത്തിന് മേല്‍നോട്ടം നല്കുന്ന ഡിസിപി ജി. പൂങ്കുഴലി സൂചിപ്പിച്ചു. വര്‍ഷയുടെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ എല്ലാ വശങ്ങളും പരിശോധിക്കും. ഹവാല ഇടപാടുണ്ടോയെന്നറിയാന് അക്കൗണ്ട് പരിശോധിക്കും. കൂടുതല്‍ അന്വേഷണമുണ്ടാകും, അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ ഡിസിപിയുടെ വാദങ്ങള്‍ തള്ളി ഐജി വിജയ് സാഖറെ രംഗത്തെത്തി. അക്കൗണ്ടുകളിലൂടെയാണ് പണമെത്തിയതെന്നും ഹവാലയാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹവാല ബാങ്ക് ഇതര മാര്‍ഗ്ഗമാണ്. കേസില്‍ സങ്കീര്‍ണ്ണതകളുണ്ട്. നേരത്തെ ഇവര്‍ നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും, ഐജി ചൂണ്ടിക്കാട്ടി.
ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച് മുഴുവന്‍ തുകയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ നേരത്തെയും ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണം നേരിട്ടിരുന്നു. അതേസമയം, 60 ലക്ഷം രൂപ ഒരു വ്യക്തി ചാരിറ്റബിള്‍ സംഘടനയുടെ സഹായമെന്ന നിലയില്‍ ഇട്ടതാണെന്ന് സാജന് കേച്ചേരി വീഡിയോയില്‍ അവകാശപ്പെടുന്നു. സംഘടന സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തിയതുമില്ല. പോലീസിനും ഇത് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
വര്‍ഷ ചികിത്സയുടെ ആവശ്യത്തിന് കൊച്ചിയിലാണ് താമസം. അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാത്ത ദുരിതാവസ്ഥ വിവരിച്ച് ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ വര്‍ഷയ്ക്ക് ഒന്നേകാല്‍ കോടിയിലധികം ലഭിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. അക്കൗണ്ട് ജോയിന്റ് ആക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്നു മാസം കൂടി തുടര്‍ ചികിത്സ ആവശ്യമാണെന്നും അതിന് ശേഷം ബാക്കിയുള്ള തുകയുടെ കാര്യം തീരുമാനിക്കാമെന്നും വര്‍ഷ മറുപടി നല്കി. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ട തുക വര്‍ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഭീഷണി അവസാനിക്കാതായതോടെ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: