തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും കൂട്ടുപ്രതിയായേക്കും. പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു മാത്രമല്ല സ്വര്‍ണക്കടത്തിനെപ്പറ്റി ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇയാളെ എന്‍ഐഎ ഉടന്‍ ചോദ്യം ചെയ്യും. അങ്ങനെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തുന്നു.
ഭീകരബന്ധമുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് കേസിലെ ഒന്നാം പ്രതി സരിത് എന്‍ഐഎയ്‌ക്ക് നല്‍കിയ മൊഴി. സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ച വിവരവും ശിവശങ്കറിന് അറിയാമായരുന്നു. ശിവശങ്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെട്ടിരുന്നു. സ്വപ്നയുടെ ഔദ്യോഗിക വാഹനത്തിലും സ്വര്‍ണം കടത്തിയിരുന്നുവെന്നും സരിത് മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ നിജസ്ഥിതി പരിശോധിക്കാന്‍ ശിവശങ്കറിനെ എന്‍ഐഎ വിളിപ്പിച്ചു.
സരിത്തും സ്വപ്നയുമായുള്ള ശിവശങ്കറിന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ ഹെദര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ സ്വപ്ന സുരേഷിന് മുറി ബുക്ക് ചെയ്തതെന്നും തെളിഞ്ഞു. സരിത്തുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന സംശയത്തിന് ബലം പകരുന്നു. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
ശിവശങ്കറിന് യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന സ്വപ്ന സുരേഷുമായുള്ള ബന്ധവും സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ അനധികൃത നിയമനവും കള്ളക്കടത്ത് സംഘത്തിന് ഫ്‌ളാറ്റ് എടുത്തു നല്‍കിയതും അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്നലെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൈസല്‍ ഫരീദ് തന്നോടൊപ്പം ഖരാമയില്‍ ജോലി ചെയ്തിരുന്നെന്ന് സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ജലാല്‍ വഴിയാണ് റമീസിന് സ്വര്‍ണം ഏല്‍പ്പിക്കുന്നത്. ഇവര്‍ വഴിയാണ് കള്ളക്കടത്ത് സ്വര്‍ണം വിറ്റിരുന്നതെന്നും സരിത്ത് മൊഴി നല്‍കി. സന്ദീപിന്റെ നെടുമങ്ങാട്ടെ കാര്‍ബണ്‍ വര്‍ക്ക് ഷോപ്പില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഒടുവില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നു നീക്കിയെങ്കിലും ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് എന്‍ഐഎ തെളിവെടുക്കുന്നതിന് തുല്യമാകും. കുറ്റകൃത്യം നടക്കുന്നത് ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിരവധി തവണ പ്രതികളെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലേക്ക് അന്വേഷണം എത്തുമെന്നും സൂചനയുണ്ട്.
അന്വേഷണ പുരോഗതി തേടി ആഭ്യന്തര മന്ത്രാലയം
ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ കള്ളക്കടത്ത് കേസിലെ പുരോഗതി ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎഇ നയതന്ത്ര പ്രതിനിധിയുടെ പേരിലെത്തിയ ബാഗേജിലെ സ്വര്‍ണക്കടത്ത് എന്‍ഐഎ ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
അന്വേഷണ ചുമതലയുള്ള എന്‍ഐഎ, കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഐഎ സംഘം കടക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന ശതകോടികളുടെ സ്വര്‍ണ കള്ളക്കടത്ത് പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള അന്വേഷണം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത് പ്രവര്‍ത്തിച്ച നിരവധി പേര്‍ ഇതിനകം തന്നെ ആരോപണവിധേയമായ കേസില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ അവലോകന യോഗം. യോഗത്തിന് പിന്നാലെ ഇന്നലെ രാവിലെ മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം ശക്തമാക്കി. പ്രതികളുമായി തെളിവെടുപ്പിനിറങ്ങിയതും ചോദ്യം ചെയ്യലുകള്‍ ശക്തിപ്പെടുത്തിയതും അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ നിരോധന പട്ടികയില്‍ ഉള്‍പ്പെടാന്‍ തയാറെടുക്കുന്ന ഭീകരബന്ധമുള്ള കേരളത്തിലെ ചില സംഘടനകള്‍ സംഘടിതമായ സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്നതായുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഇതിനായി വലിയ ശൃംഖല തന്നെ ഇവര്‍ ഇതിനകം രൂപപ്പെടുത്തിയിട്ടുണ്ട്. കള്ളക്കടത്ത് സ്വര്‍ണം വഴി ലഭിക്കുന്ന പണം പോയ വഴികള്‍ തേടി എന്‍ഐഎയുടെ പ്രത്യേക വിഭാഗം തന്നെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനകം വിവിധ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച വിവരങ്ങള്‍ കേസന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: