മുക്കം: ജോലിക്ക് പോകുന്നതിനിടെ വയോധിക ക്രൂരമായ പീഡനത്തിനും മോഷണത്തിനുമിരയായ സംഭവത്തില്‍ പ്രതിയെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കാവുങ്ങല്‍ നമ്പിലത്ത് ചെറുപറമ്പ് മുജീബ് റഹ്മാന് (46)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റചെയ്തത്. വെള്ളിയാഴ്ച രാവിലെ ഓമശ്ശേരിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ സംസ്ഥാനത്തൊട്ടാകെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം മുജീബിനെ പിടികൂടിയത്. പ്രദേശത്തെ നിരവധി ഓട്ടോറിക്ഷാഡ്രൈവര്‍മാരെയും സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധിയാളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുജീബ് റഹ്മാന് മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും വാഹനമോഷണവും കഞ്ചാവ് കടത്തുമടക്കം നിരവധി കേസുകള്‍ മുജീബിന്റെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു. മലപ്പുറം, കൊണ്ടോട്ടി, മങ്കട, കൊളത്തൂര്‍, കുന്ദമംഗലം, എന്നീ സ്റ്റേഷനുകളിലായി 16 കേസുകള്‍ നിലവിലുണ്ട്. 2019 ഡിസംബര്‍ 16ന് പകല്‍ രണ്ടിന് വയനാട് തലപ്പുഴയില്‍ വെച്ച് സ്ത്രീയെ കാറില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ മാസം രണ്ടാം തീയതിയാണ് 65 വയസ്സുകാരി ജോലിക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ വെച്ചും ആളൊഴിഞ്ഞ പറമ്പില്‍ വെച്ചും ക്രൂരമായ പീഡനത്തിന് ഇരയായത്.
ഓമശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരിയായ ഇവര്‍ മുത്തേരിയില്‍ നിന്ന് ഓട്ടോയില്‍ കയറുകയും മാങ്ങാപൊയിലില്‍ വെച്ച് ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷയില്‍ വെച്ച് കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിച്ചശേഷം വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി വയോധികയെ ഉപേക്ഷിക്കുകയായിരുന്നു.
സ്വര്‍ണ്ണമാലയും കമ്മലും പണവും മൊബൈല്‍ ഫോണും ബാഗും അപഹരിക്കുകയും ചെയ്തിരുന്നു. ഇവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ഇരയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വടകര റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസന്റെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി ടി.കെ. അഷ്റഫിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലുള്ള മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു, ബാലുശ്ശേരി ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജ്ജ്, കോടഞ്ചേരി ഇന്‍സ്പക്ടര്‍ കെ.പി. അഭിലാഷ്, മുക്കം എസ്ഐ കെ. ഷാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: