നെടുങ്കണ്ടം: പുഷ്പകണ്ടത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പുഷ്പകണ്ടം കാനത്തിൽ വാമദേവന്റെ ഭാര്യ ലളിത ( 62 ), ലളിതയുടെ അമ്മ മീനാക്ഷിയമ്മ (86) എന്നിവരെയാണ് വീട്ടിനുള്ളിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലളിതയെ തൂങ്ങി മരിച്ച നിലയിലും, മീനാക്ഷിയമ്മയെ തൂങ്ങിയ കയറിൽ നിന്നും അറുത്തിട്ട നിലയിലുമാണ് കണ്ടെത്തിയത്.
ലളിതയുടെ കൈ ഞരമ്പുകൾ മുറിച്ചിട്ടുണ്ട്. കഴിഞ്ഞ 2 ദിവസമായി ഇരുവരെയും കാണാത്തതിനാൽ പ്രദേശവാസി സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് ഇവർ അകത്തെ മുറിയിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിനുള്ളിൽ പരിശോധന നടത്തി. ബെഡിൽ നിന്നും രക്തക്കറ കണ്ടെത്തി. എന്നാൽ കൈ ഞരമ്പ് മുറിച്ചപ്പോൾ ബെഡിൽ രക്തം പുരണ്ടതെന്നാണ് നിഗമനം.
വിടിന്റെ വാതൽ അകത്ത് നിന്നും അടുക്കള വാതിൽ പുറത്തു നിന്നുമാണ് പൂട്ടിയിട്ടിരുന്നത്. അടുക്കള വാതിൽ തുറന്നാണ് പോലീസ് അകത്ത് കയറിയത്. കൊറോണ കാലമായതിനാൽ മൃതദേഹങ്ങൾ കൊറോണ ടെസ്റ്റ് നടത്തും. ഫലം വന്നതിനു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. നെടുങ്കണ്ടം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുങ്കണ്ടം പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: