മക്കളേ,
‘ഭക്തിമാര്‍ഗ്ഗത്തില്‍ ഭയത്തിന് എന്താണ് പ്രസക്തി?’, ‘ഭയഭക്തി അനാരോഗ്യകരമല്ലേ?’ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഭയഭക്തി അനാരോഗ്യകരമാണെന്ന് പറയാനാവില്ല. ഭക്തിയുടെ പൂര്‍ണ്ണതയില്‍ ഭയത്തിന് സ്ഥാനമില്ലെങ്കിലും, ഒരു തുടക്കക്കാരന് ഭക്തിമാര്‍ഗ്ഗത്തില്‍ ശരിയായ വളര്‍ച്ച നേടുവാന്‍ ഭയഭക്തി തീര്‍ച്ചയായും സഹായകമാണ്. പ്രപഞ്ചത്തിന്റെ നാഥനായ ഈശ്വരന്‍ എല്ലാ ജീവന്മാരുടെയും കര്‍മ്മഫലദാതാവാണ്. ‘തെറ്റായ മാര്‍ഗ്ഗത്തില്‍ നീങ്ങിയാല്‍ ഈശ്വരന്‍ തരുന്ന ശിക്ഷ അനുഭവിക്കേണ്ടിവരും’ എന്നു തിരിച്ചറിയുന്ന ഒരാളില്‍ ഈശ്വരനോടുള്ള ആരാധനാഭാവത്തില്‍ ഭക്തിയോടൊപ്പം ഭയത്തിന്റെ അംശവും കലര്‍ന്നിരിക്കും. ഈ ഭയം അവനിലെ വിവേകത്തെ ഉണര്‍ത്തി തെറ്റുകളില്‍നിന്നു പിന്തിരിയാനും ശരിയായ മാര്‍ഗ്ഗത്തില്‍ ചരിക്കാനും അവനെ ശക്തനാക്കുന്നു.
ഒരു കൊച്ചുകുട്ടിക്ക് തന്റെ അമ്മയോടു സ്‌നേഹമുണ്ട്. അമ്മയാണ് തന്നെ രക്ഷിക്കുന്നതെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ താന്‍ തെറ്റുചെയ്താല്‍ അമ്മ ശിക്ഷിക്കാനും മടിക്കില്ല എന്നവനറിയാം. അതിനാല്‍ അവന് അമ്മയോടുള്ള ഭാവത്തില്‍ സ്‌നേഹത്തോടൊപ്പം ഭയവും തീര്‍ച്ചയായും ഉണ്ടാകും. ഈ ഭയമാണ് അവനെ പല അപകടങ്ങളില്‍നിന്നും തെറ്റുകളില്‍നിന്നും രക്ഷിക്കുന്നത്. ബാലസഹജമായ ചാപല്യങ്ങളും വാസനകളും അവന് ധാരാളമുണ്ട്. അവ പല തെറ്റുകളും ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നു. എന്നാല്‍ തെറ്റുചെയ്താല്‍ അമ്മ കോപിക്കും, ശിക്ഷിക്കും എന്ന ഭയമുള്ളതിനാല്‍ അവന്‍ ആ തെറ്റുകളില്‍നിന്ന് പിന്തിരിയുന്നു. അങ്ങനെ അവന് അമ്മയോടുള്ള ഭയം അവനിലെ വിവേകത്തെ ഉണര്‍ത്താന്‍ സഹായകമാകുന്നു. ശരിയായ പാതയില്‍ സഞ്ചരിക്കുവാന്‍ അവന് ശക്തി നല്കുന്നു. എന്നാല്‍ ഈ ഭയം അവന് അമ്മയോടുള്ള സ്‌നേഹത്തിന് തടസ്സമാകുന്നില്ല. മറിച്ച് അത് അവന്റെ ശരിയായ വളര്‍ച്ചയെ സഹായിക്കുന്നതേയുള്ളൂ.
വള്ളം പണിയുമ്പോള്‍ വളഞ്ഞുകിട്ടാന്‍ തടി ചൂടാക്കും. തടി വളഞ്ഞാലേ വള്ളം പണിയാനാകൂ. തടി വളയാന്‍ ചൂടു സഹായകമാകുന്നതുപോലെ ഭയഭക്തി നമ്മുടെ അഹന്തയും സ്വാര്‍ത്ഥതയും ദുഷ്‌കര്‍മ്മങ്ങളും അകറ്റാന്‍ സഹായിക്കുന്നു.
ചെറുപ്പത്തില്‍ കുട്ടികള്‍ പഠിക്കുന്നത് അച്ഛനമ്മമാരോടും അദ്ധ്യാപകരോടുമുള്ള ഭയം കൊണ്ടാണ്. അവനിലെ മടിയെ ജയിക്കാനും പഠിക്കാനും വിദ്യ കരസ്ഥമാക്കാനും ആ ഭയം അവനെ സഹായിക്കുന്നു. അവന്‍ വലിയ ക്ലാസ്സുകളിലെത്തുമ്പോഴേക്കും ആ ഭയം മാറും. അപ്പോള്‍, എഞ്ചിനീയറാകണം, ഡോക്ടറാകണം എന്നൊക്കെ ലക്ഷ്യബോധം വരും. അപ്പോഴേയ്‌ക്കും അവന്‍ വേണ്ടത്ര വിവേകം ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കും. അതിനാല്‍, പിന്നെ ഭയത്തിന്റെ ആവശ്യമില്ല. അവന്‍ ഉത്തരവാദിത്വബോധത്തോടെ സ്വയം പഠിക്കും. അപ്പോള്‍ ഗുരുവിനോടുള്ള ആദരവും അനുസരണയും മാത്രമേ ഉള്ളു. അതുപോലെ നമ്മളില്‍ വിവേകബുദ്ധി ഉറയ്‌ക്കുന്നതുവരെ ഭയഭക്തി ആവശ്യമാണ്. വിവേകബുദ്ധി ഉറച്ചാല്‍ അത് അവനെ ശരിയായ ദിശയില്‍ നയിച്ചുകൊള്ളും.
ഭയഭക്തി എന്നത് ഒരു അടിമയ്‌ക്ക് യജമാനനോടുള്ള ഭയംപോലെയല്ല. അതില്‍ ഭയത്തോടൊപ്പം വിദ്യാര്‍ത്ഥിയ്‌ക്ക് അദ്ധ്യാപകനോടുള്ള ആദരവും, കുഞ്ഞിന് സ്വന്തം അമ്മയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹവുമുണ്ട്. ഈയൊരു ഭാവമാണ് നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്.
ഭയഭക്തി നമ്മിലെ വിവേകത്തെ ഉണര്‍ത്തും. മറ്റെല്ലാ ദൗര്‍ബ്ബല്യങ്ങളെയും അതിജീവിക്കാന്‍ അത് നമ്മളെ പ്രാപ്തനാക്കും. പ്രമേഹരോഗമുള്ള ഒരാളുടെ മുന്നില്‍ മധുരപലഹാരങ്ങള്‍ നിരത്തിവെച്ചാല്‍, ആഗ്രഹം നിയന്ത്രിക്കാനാകാതെ അയാള്‍ അതെല്ലാം കഴിച്ചുതീര്‍ക്കും. രോഗം മൂര്‍ച്ഛിക്കും. അയാള്‍ മരിച്ചുപോയെന്നും വരാം. എന്നാല്‍ മധുരപലഹാരങ്ങള്‍ കഴിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം അപകടകരമാണ് എന്ന ബോധമുണ്ടായാല്‍ അയാള്‍ക്ക് മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിക്കും. അതുപോലെ ഭയഭക്തി നമ്മുടെയുള്ളില്‍ വിവേകത്തെ ഉണര്‍ത്തുന്നു. വിവേകം ഉണര്‍ന്നാല്‍ നമുക്ക് എല്ലാവിധ ദൗര്‍ബ്ബല്യങ്ങളെയും അതിജീവിക്കാനുള്ള ശക്തി നമ്മുടെ ഉള്ളില്‍ത്തന്നെ കണ്ടെത്തുവാന്‍ സാധിക്കും.
ഭക്തന്‍ ആദ്ധ്യാത്മികമാര്‍ഗ്ഗത്തില്‍ മുന്നേറുമ്പോള്‍ ഭയഭക്തി ക്രമേണ പ്രേമഭക്തിയായി വളരുന്നു. അതോടെ ഭക്തന്‍ എല്ലാവിധ ഭയാശങ്കകളില്‍നിന്നും പൂര്‍ണ്ണമായും മോചനം നേടുന്നു. പ്രേമഭക്തിയില്‍ ഭയത്തിന്റെ അംശം ഒട്ടും തന്നെയില്ല. ഭഗവാനോടുള്ള പ്രേമംമൂലം അവിടുന്നു നല്കുന്ന ശിക്ഷപോലും ഭക്തന്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അവനെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ എപ്പോഴും മധുരമാണ്. ഭക്തിയുടെ തീവ്രതയില്‍ തെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന സകലവാസനകളും അവനില്‍ ക്ഷയിച്ചുപോയിരിക്കുന്നു. എല്ലാം ഭഗവാന്റെ പ്രസാദമായി അവന്‍ സ്വീകരിക്കുന്നു. മറ്റെല്ലാം മറന്ന് വാത്സല്യമയിയായ അമ്മയുടെ മടിത്തട്ടില്‍ അല്ലലില്ലാതെ കഴിയുന്നു ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണ് യഥാര്‍ത്ഥ ഭക്തന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: