രാമായണ മാസത്തില്‍ രാമകഥകളിലൂടെ നീലമന സഹോദരിമാര്‍ നൃത്തച്ചുവടുകളാല്‍ ഒരു തീര്‍ത്ഥാടനം നടത്തുകയാണ്. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ഭാഗങ്ങള്‍ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള 12 ഭാഗങ്ങളാക്കി രംഗത്ത് അവതരിപ്പിക്കുന്നു. സദ്ഗുണങ്ങളുടെ ആരാമമായ ഭഗവാന് ശ്രീരഘുരാമനെ സ്തുതിച്ച് സാവേരി രാഗത്തില്‍ രൂപക താളത്തില്‍ ചിട്ടപ്പെടുത്തിയ സ്വാതി തിരുനാള്‍ കൃതിയാണ് നൃത്തരൂപത്തില്‍ അവതരിപ്പിക്കുക. അദ്ധ്യാത്മരാമായണത്തിലെ ബാലകാണ്ഡത്തില്‍ ആരംഭിച്ച് ഉത്തരകാണ്ഡത്തില്‍ പൂര്‍ണ്ണമാക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
”പുരാരി ഗിരിസംഭൂതാ
ശ്രീരാമാര്ണവ സം ഗതാ
ഇയം അധ്യാത്മരാമ ഗംഗാ
ഭുവനത്രയം പുനാതി”
എന്ന സ്തുതിയോടെ കര്‍ക്കടകം ഒന്നിന് തുടക്കം കുറിച്ചു. ഇന്ന് ബാലകാണ്ഡത്തിലെ ശ്രീരാമന് വിശ്വാസമിത്രനൊപ്പം യാഗരക്ഷക്കായി പുറപ്പെടുന്നതു മുതല്‍ അഹല്യാമോക്ഷം വരെയാണ് അവതരിപ്പിക്കുന്നത്. വരും ദിനങ്ങളില്‍ ബാക്കിയുള്ള 10 ഭാഗങ്ങള്‍ കൂടി അവതരിപ്പിക്കും.
നീലമന സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഡോ. പത്മിനികൃഷ്ണന്‍, ഡോ. ദ്രൗപതി പ്രവീണ്‍ എന്നിവരാണ് അവതരണം. രാമായണത്തിലെ ഊര്‍മിളയുടെ ദുഃഖം രംഗത്തവതരപ്പിച്ചും, സ്വാതിതിരുനാള്‍ കൃതികള്‍ ചേര്‍ത്ത് സ്വാതി സ്മൃതി എന്ന നൃത്തരൂപം ദേശത്തും വിദേശത്തും അവതരിപ്പിച്ചും ഇവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രാമായണ മാസത്തില്‍ രാമായണ പാരായണത്തിലൂടെ എല്ലാവരും രാമനിലേക്ക് എത്തുമ്പോള്‍ തങ്ങള്‍ നൃത്തച്ചുവടിലൂടെ ഈശ്വരനെ അനുഭവിക്കുകയാണ് ചെയ്യുന്നതെന്ന് ഇരുവരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: