കണ്ണൂര്‍: അമ്മയുടെ കരള്‍ മാറ്റി വെക്കാന്‍ തളിപ്പറമ്പിലെ വര്‍ഷയെന്ന പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെ ലോകത്തിന് മുന്നിലെത്തി സഹായമഭ്യര്‍ത്ഥിച്ചത് പ്രാദേശിക സിപിഎം നേതൃത്വത്തെ സമീപിച്ച് സഹായം ലഭിക്കില്ലെന്ന് ഉറപ്പായ ശേഷം. അമ്മയുടെ അസുഖം ചികിത്സിച്ച് ഭേദമാക്കുന്നതിന് വേണ്ട ഭീമമായ തുക കണ്ടെത്താനാവാതെ വര്‍ഷ സിപിഎം പ്രാദേശിക നേതൃത്വത്തെയും പ്രദേശവാസികളെയും ബന്ധുക്കളെയുമെല്ലാം സമീപിച്ചിരുന്നുവെങ്കിലും അവരെല്ലാം കൈമലര്‍ത്തുകയായിരുന്നു.
തന്നെ സഹായിക്കാനാരുമില്ല അമ്മമാത്രമെയുള്ളു എന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടി രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്റെ നിസ്സഹായാവസ്ഥ തുറന്ന് പറഞ്ഞ വര്‍ഷയുടെ അക്കണ്ടിലേക്ക് മണിക്കൂറുകള്‍ കൊണ്ടാണ് ഒരു കോടി 35 ലക്ഷം രൂപയെത്തിയത്. കേവലം പതിനായിരം രൂപയുമായാണ് വര്‍ഷ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം തന്നെ സഹായിച്ച സാജന് കേച്ചേരിയുള്പ്പടെയുള്ളവര്ക്ക് നന്ദി പറഞ്ഞ് വര്‍ഷ വീണ്ടും സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ തനിക്ക് കൂടി പണം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം അക്കൗണ്ട് മാറ്റണമെന്നാവശ്യപ്പെട്ട് സാജന് കേച്ചേരി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് വര്‍ഷ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായപ്പോള്‍ ഒറ്റപ്പെടുത്തിയവര്‍ കോടികളുടെ കിലുക്കത്തില്‍ വര്‍ഷയുടെ ആളുകളായി കൂടെ നിന്ന് പുതിയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. മാതമംഗലം സ്വദേശിയായ വര്‍ഷ ഇപ്പോള്‍ തളിപ്പറമ്പിനടുത്ത് ചുടലയെന്ന സ്ഥലത്ത് വാടക വീട്ടിലാണ് താമസം.
മാതാവിന്റെ ഓപറേഷന് കഴിഞ്ഞെങ്കിലും മൂന്ന് മാസത്തോളം തുടര്‍ ചികിത്സ ആവശ്യമാണ്. ഇതിന് വേണ്ട തുക കൂടി മാറ്റിവെച്ചശേഷം ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് യുവതി പറയുന്നത്. തനിക്കാരുമില്ലെന്നും തന്നെ സഹായിക്കാനാരുമില്ലെന്നും പരസ്യമായി പറഞ്ഞ വര്‍ഷ, ധനേഷ് എന്നയാളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
അമ്മയ്ക്ക് ചികിത്സയ്ക്ക് വേണ്ട പണത്തിന്റെ ബാക്കി വരുന്ന തുക മറ്റ് ആവശ്യക്കാര്‍ക്ക് നല്‍കുമോയെന്നാണ് താന്‍ വര്‍ഷയോട് ചോദിച്ചതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നുമ്പുറം സമൂഹമാധ്യമത്തിലൂടെ പ്രതികരിത്. വിഷയം സാജന് കേച്ചേരിയുടെ അടുത്തെത്തുന്നതിന് മുമ്പ് തന്നെ ഫിറോസ് അറിഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം വര്‍ഷയുടെ കൈ കൊണ്ട് തന്നെ തുക വീതിച്ച് നല്‍കാമെന്നാണ് കരുതിയതെന്നും ഫിറോസ് പറയുന്നു.
ഇപ്പോള്‍ വര്‍ഷയെ ഉപോഗിച്ച് സോഷ്യല്‍ മീഡിയ ചാരിറ്റിയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും പെണ്‍കുട്ടി അവരുടെ വലയില്‍ കുടുങ്ങിപ്പോയെന്നുമാണ് ഫിറോസിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാ ചെലവിന് പണം കണ്ടെത്താനാവാതെ നിസ്സഹായാവസ്ഥയിലായപ്പോള്‍ പുറം തിരിഞ്ഞ് നിന്ന പ്രാദേശിക സിപിഎം നേതൃത്വം ഇപ്പോള്‍ സംരക്ഷണമേറ്റെടുത്ത് കൂടെ നിന്നതോടെയാണ് പുതിയ വിവാദമുണ്ടായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: