കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ജ്വല്ലറിയില്‍ കസ്റ്റംസ് റെയ്ഡ്. രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്ത കസ്റ്റംസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
അരക്കിണറിലെ ഹെസ്സ ജ്വല്ലറിയിലാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് സംഘം റെയ്ഡ് നടത്തിയത്. ഉറവിടമോ രേഖയോ കാണിക്കാനില്ലാത്ത 3.45 കിലോ സ്വര്‍ണമാണ് പിടിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ഒരു കോടി 70 ലക്ഷം രൂപ വിലവരും. ഹെസ്സ ജ്വല്ലറി ഉടമകളിലൊരാളായ ഷമീം, വട്ടക്കിണര്‍ സ്വദേശി സി.വി. ജിഫ്സല് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വാടകയ്ക്ക് താമസിച്ച വട്ടക്കിണറിലെ വീട്ടിലും റെയ്ഡ് നടത്തി. സ്വര്‍ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജിഫ്സല് കഴിഞ്ഞ ആഗസ്റ്റില്‍ സ്വര്‍ണക്കടത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായിരുന്നതായും അന്വേഷണത്തില്‍ സൂചന ലഭിച്ചു.
തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം ജ്വല്ലറിയില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടു. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ്. ദേവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ റസിയ മന്‍സിലില്‍ ടി.എം. സംജുവിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ പ്രധാനിയാണ് ഇയാളെന്ന വിവരത്തെ തുടര്‍ന്നാണിത്. ബുധനാഴ്ച സംജുവിന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം റെയ്ഡ് നടത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വീണ്ടും റെയ്ഡ് നടക്കുകയും വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡിവിആര്‍ പിടിച്ചെടുക്കുകയും ചെയ്തു.
ചില രേഖകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി സംജുവിന്റെ വീട്ടിലെത്തി സ്വര്‍ണം കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സംജു പാര്‍ട്ട്ണറായ മിയാമി കണ്വെന്ഷന് സെന്ററിലും കസ്റ്റംസ് സംഘം ബുധനാഴ്ച റെയ്ഡ് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: