കാസര്‍കോട്: മണ്ണ് സംരക്ഷണവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേലധികാരികള്‍ തയ്യാറാകാത്തത് നിരവധി ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന് വഴിമുട്ടുന്നു. ആകെ 287 ലാസ്റ്റ് ഗ്രേഡ് തസ്തികളാണ് ഈ വകുപ്പില്‍ നിലവിലുള്ളത്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള കരട് ലിസ്റ്റില്‍ 400ല്‍ പരം പേരുകളുണ്ട്. മരിച്ച് പോയാവരും സര്‍വ്വീസില്‍ നിന്നും വിരമിച്ചവരും വകുപ്പ് മാറി പോയവരും ഉള്‍പ്പെട്ടതാണ് ഈ ലിസ്റ്റ്.
കൃത്യതയാര്‍ന്ന സീനിയോറിറ്റി ലിസ്റ്റ് നിലവിലില്ലാത്തതാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ആകെ ഉള്ള പ്രമാഷനായ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം ലഭിക്കാന്‍ തടസ്സമാകുന്നത്.
ഇത് പലപ്പോഴും അധികാരികള്‍ക്ക് ഇഷ്ടക്കാരെ നിയമിക്കാന്‍ അവസരമൊരുങ്ങുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. സീനിയോറിറ്റി മറികടന്ന് ബന്ധുക്കളെയും ഡ്രൈവര്‍മാരെയും പ്രസ്തുത തസ്തികയില്‍ നിയമിച്ചിട്ടുണ്ടെന്നും ഗ്രേഡ് പ്രമോഷന് നടക്കുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിരുക്കുന്നത്.
ജീവനക്കാരുടെ നിരന്തരമായ ആവശ്യം കൃത്യതയും ശരിയായതുമായ ഒരു സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ഉണ്ടാകുന്ന പ്രമോഷന് ഒഴിവുകളില്‍ ഈ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുകയെന്നതാണ്. ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നിരവധി തവണ അധികാരികളെ സമീപിച്ചുവെങ്കിലും ഇതുവരെയും നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: