കൊച്ചി : അമ്മയുടെ ചികിത്സാ സഹായമായി ലഭിച്ചതുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹ മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയതി തുടര്‍ന്ന് യുവതിക്ക് നിരവധി സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. ഈ പണത്തിന്റ പങ്ക് വേണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. അമ്മയുടെ ചികിത്സ പൂര്‍ത്തിയായ ശേഷം മൂന്ന് മാസത്തിനുള്ളില്‍ പണം നല്‍കാമെന്ന് യുവതി സാജന് കേച്ചേരിയെ അറിയിച്ചെങ്കിലും ഇവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് പരാതി.
ഫിറോസ് കുന്നംപറമ്പിലിനൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന് കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി സാജന് കേച്ചേരി പിന്നീട് എത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി. പിന്നാലെ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: