തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ഫോണില്‍ ബന്ധപ്പെട്ടതും സഹായം കൈപ്പറ്റിയതും മന്ത്രിമാരുടെ പെരുമാറ്റചട്ടത്തിന്റെയും ലംഘനം. കോണ്‍സുലേറ്റിന്റെ സാമ്പത്തിക സഹായം കൈപ്പറ്റി റംസാന് കിറ്റ് വിതരണം ചെയ്തത് ഗുരുതര വീഴ്ച. ജലീല്‍ സഹായം തേടിയതും ഫോണില്‍ സംസാരിച്ചതും കേന്ദ്ര വിദേശകാര്യ മന്ത്രാലായത്തിന്റെ പ്രോട്ടോകോള്‍ നിയമപ്രകാരം ഗുരുതര വീഴ്ചയെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
സംസ്ഥാനത്തെ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തില്‍ വിദേശ നയതന്ത്ര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിക്കണം. മാത്രമല്ല സംസ്ഥാനത്തെ പെരുമാറ്റച്ചട്ട പ്രകാരം 5000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനങ്ങള്‍ കൈപ്പറ്റിയാല്‍ അതു സര്‍ക്കാരില്‍ അടയ്ക്കണം. അഥവാ ഉപഹാരം വ്യക്തിപരമായി സൂക്ഷിക്കണമെങ്കില്‍ അയ്യായിരത്തില്‍ കൂടിയ തുക സര്‍ക്കാരിലേക്ക് നല്‍കണം. പണമായാണ് നല്കുന്നതെങ്കില് കേന്ദ്ര വിദേശകാര്യ മന്ത്രാലായത്തിന്റെ പ്രോട്ടോകോള്‍ നിയമം 19-ാമത്തെ വാല്യമനുസരിച്ച് ഫോറിന് കറന്‍സി റെഗുലേഷന് ആക്ടിനു വിധേയമാകണം. അതിന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. അതിനുശേഷം പ്രോട്ടോകോള്‍ വിഭാഗം വഴി സംസ്ഥാന സര്‍ക്കാരിനെ ബന്ധപ്പെടണം. മാത്രമല്ല കോണ്‍സുലേറ്റുകള്‍ മന്ത്രിമാരുമായോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായോ ആശയവിനിമയം നടത്താനും പാടില്ല. ഇതെല്ലാം സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ബാധകമാണ്. ഇത് ലംഘിച്ചാണ് കെ.ടി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ഫോണില്‍ സംസാരിച്ചതും 50,2500 രൂപയുടെ കിറ്റുകള്‍ സ്വന്തം മണ്ഡലമായ തവനൂരില്‍ നല്കിയതും.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടത് തന്നെ അഖിലേന്ത്യ സിവില്‍ സര്‍വീസ് റൂളിന് വിരുദ്ധമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതനുസരിച്ചാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയിതിട്ടുള്ളത്. ഇതേ കുറ്റമാണ് കെ.ടി. ജലീല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ലംഘിച്ചതിലൂടെയുണ്ടായത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ഫോണ്‍കോളുകളെ ന്യായീകരിക്കവെ മന്ത്രി തന്നെയാണ് താന്‍ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചതെന്നും സഹായം തേടിയതെന്നും വ്യക്തമാക്കിയത്.
യുഎഇ കോണ്‍സുലേറ്റിന് വേണ്ടി യുഎഇ പതാക പതിച്ച കവറുകള്‍ 17,000 രൂപയ്ക്ക് അച്ചടിച്ചതും ജലീലിന്റെ നിര്‍ദേശ പ്രകാരമാണ്. ഇതും നിയമവിരുദ്ധമാണ്. കോണ്‍സുലേറ്റിന് കിറ്റ് വിതരണം ചെയ്യണമെങ്കില്‍ കേന്ദ്ര അനുമതിയോടെ സര്‍ക്കാര്‍ കണ്ടെത്തുന്നവര്‍ക്ക് നല്‍കണം. എന്നാല്‍ മന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം ഓഫീസിനുള്ളില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു. കൂടാതെ പണം കോണ്‍സുലേറ്റില്‍ നിന്നും കണ്‍സ്യൂമര്‍ഫെഡിന്റെ അക്കൗണ്ടിലേക്കും യുഎഇ പതാകയോട് കൂടിയ കവര്‍ അച്ചടിച്ചതിന് നല്കിയതും ചട്ടലംഘനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: