ഭരണാധികാരികള്‍ ഒരിക്കലും ജനങ്ങളോടും നാടിനോടുമുള്ള ഉത്തരവാദിത്തങ്ങള്‍ മറക്കാന്‍ പാടില്ല. രാജ്യത്തെ ഭരണവ്യവസ്ഥയുടെ സാമാന്യമര്യാദകള്‍ പോലും മറന്നുകൊണ്ടുള്ള നടപടികളാണ് കഴിഞ്ഞദിവസം കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്നുണ്ടായത്. യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടില്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും മറികടക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍ ചെയ്തത്. ഇന്ത്യയിലെ വിദേശ നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രോട്ടോകോള്‍ ഉണ്ട്. അത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. എന്നാല്‍ കേരള മന്ത്രിസഭയിലെ അംഗം വിദേശകാര്യ മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ അറിയാതെ ഒരു വിദേശ കോണ്‍സുലേറ്റുമായി ഇടപാട് നടത്തിയിരിക്കുകയാണ്. കേവലം അഞ്ച് ലക്ഷം രൂപയുടെ ഇടപാടാണെങ്കില്‍ പോലും അത്തരം ഇടപാടുകള്‍ ചട്ടലംഘനമാണെന്നറിയാത്ത ഒരാളാണ് കേരളത്തിലെ മന്ത്രി എന്നതാണ് അത്ഭുതം.
നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണക്കടത്ത് നടത്തിയതും മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ അതിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതും വിവാദമായ സാഹചര്യത്തിലാണ് മന്ത്രി കെ.ടി. ജലീലിന്റെ യുഎഇ കോണ്‍സുലേറ്റുമായുള്ള ഇടപാടിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. വിദേശ നയതന്ത്ര സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ പാടില്ല. എന്നാല്‍ തന്റെ മണ്ഡലത്തിലെ ആയിരം പേര്‍ക്ക് അഞ്ഞൂറ് രൂപ വിലവരുന്ന ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യാനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഏറ്റുവാങ്ങുകയാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിനെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഒരു വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുത്തി സ്വകാര്യപദ്ധതി നടപ്പാക്കുകയാണ് മന്ത്രി ചെയ്തത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി തന്നെ നടത്തുകയും ചെയ്തു. മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയും പാതകയും പതിച്ച സഞ്ചികളാണ് ഇതിന് ഉപയോഗിച്ചതെന്നും ഓര്‍ക്കണം.
ഇത്രയും ഗുരുതരമായ വീഴ്ച ഒരു മന്ത്രിയില്‍ നിന്നുണ്ടായിട്ടും ഇതുവരെ അത് ചൂണ്ടിക്കാട്ടാനോ അതിനെതിരെ എന്തെങ്കിലും പറയാനോ ഭരണരംഗത്തുള്ള ആരും തയ്യാറായില്ലെന്നത് ഗൗരവത്തോടെ കാണണം. ഉപദേഷ്ടാക്കളുടെ വന്‍സംഘത്തിന് നടുവില്‍ കഴിയുന്ന മുഖ്യമന്ത്രിക്ക് സ്വന്തം മന്ത്രിസഭയിലെ ഒരംഗം നടത്തിയ ചട്ടവിരുദ്ധമായതും സത്യപ്രതിജ്ഞ ലംഘിക്കുന്നതുമായ ഒരു നടപടി ആരും ചൂണ്ടിക്കാട്ടിക്കൊടുത്തില്ലെന്ന് കരുതാനാവുമോ. ഭരണഘടനാ ലംഘനവും രാജ്യദ്രോഹപരവുമായ കുറ്റങ്ങള്‍ ചെയ്തിട്ടുപോലും വിശ്വസ്തരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചതുപോലെ, തന്റെ സഹമന്ത്രിമാരെയും എങ്ങനെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന് വ്യക്തമാക്കുകയാണോ മുഖ്യമന്ത്രി എന്നാണോ, ഇതില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടത്?
ദേശത്തിന്റെയും ജനതയുടെയും ഹിതാനുവര്‍ത്തിയായിരിക്കണം ഭരണാധികാരി എന്നത് ഭാരതത്തിന്റെ ധര്‍മ്മശാസ്ത്രമാണ്. ഇതിഹാസങ്ങളിലെ രാജാക്കന്മാര്ക്ക് ഉപദേശകരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ രാജാവിന് ഇഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ നല്കുന്നവരല്ല, ജനങ്ങളിഷ്ടപ്പെടുന്ന ഉപദേശങ്ങള്‍ രാജാവിന് നല്‍കുന്നവരാണ് നല്ല ഉപദേശകരെന്നും അത്തരം ഉപദേശങ്ങളെ ഉള്‍ക്കൊള്ളുന്നവരാണ് ഉത്തമഭരണാധികാരികളെന്നുമാണ് ഭാരതത്തിന്റെ രാജനീതി പറയുന്നത്. ജനഹിതവും രാജ്യഹിതവും മറക്കുന്ന ഉപദേശകരുടെയും അവരുടെ ഉപദേശങ്ങളനുസരിച്ച് ഭരിക്കുന്നവരുടെയും കേരളം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുന്നത് സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: